ഹൈദാരാബാദ്: സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന് അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍.
നിയമം എല്ലാവര്ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും സിനിമാ നടന് കൂടിയായ പവന് കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.
ആന്ധ്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ പവന് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയെ പുകഴ്ത്തുകയും ചെയ്തു. രേവന്ത് റെഡ്ഡിയെ ‘മികച്ച നേതാവ്’ എന്ന് വിശേഷിപ്പിച്ച പവന് കൊല്ലപ്പെട്ട സ്ത്രീയുടെ വീട് നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു.
പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്ജുന് വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36-കാരിയായ സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളും കേസുകളുമാണ് ഉണ്ടായത്. സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് തെലങ്കാന പോലീസിന്റെ നടപടികളെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് പവന് കല്യാണിന്റെ പ്രതികരണം.
‘നിയമം എല്ലാവര്ക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ കുഴപ്പം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി’ പവന് പറഞ്ഞു.
അല്ലു അര്‍ജുന്റെ ബന്ധുകൂടിയാണ് പവന് കല്യാണ്‍. ‘അല്ലു അര്ജുന് മരിച്ച സ്ത്രീയുടെ വീട്ടില്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു’ പവന് കൂട്ടിച്ചേര്‍ത്തു.
‘രേവന്ത് റെഡ്ഡി ഒരു മികച്ച നേതാവാണ്. അദ്ദേഹം വൈഎസ്ആര്‍ കോണ്‍ഗ്രസിനെപ്പോലെ ചെയ്തില്ല. ബെനിഫിറ്റ് ഷോകളും ടിക്കറ്റ് നിരക്ക് വര്‍ദ്ധനയും അനുവദിച്ചു. എന്നിരുന്നാലും, ഈ സാഹചര്യത്തില്‍, അല്ലു സംഭവത്തിന് മുമ്പും ശേഷവും എന്താണ് സംഭവിച്ചതെന്ന് എനിക്ക് പൂര്‍ണ്ണമായി അറിയില്ല’ പവന് കല്യാണ്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]