കോഴിക്കോട്: ‘രണ്ടാമൂഴം’ നോവല്‍ സിനിമയായി കാണണമെന്ന എം.ടി.യുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു. പാന്‍ ഇന്ത്യന്‍ സിനിമയായി രണ്ടാമൂഴം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് അറിയുന്നത്.
രണ്ടാമൂഴം ചെയ്യാനായി ഇന്ത്യയിലെ ഒട്ടേറെ മുന്‍നിര സംവിധായകരുമായി എം.ടി. ചര്‍ച്ച നടത്തിയിരുന്നു. രണ്ടാമൂഴത്തിന്റെ തിരക്കഥയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സിനിമ ഒരുക്കാന്‍ കഴിവുള്ള സംവിധായകനെ എം.ടി.തന്നെ കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ് അദ്ദേഹത്തിന് അസുഖമായതും പിന്നീട് മരിച്ചതും.
എന്നാല്‍, ഇപ്പോള്‍ ആ സംവിധായകനെ മണിരത്നമാണ് നിര്‍ദേശിച്ചത് എന്ന രീതിയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് എം.ടി.യുടെ മകള്‍ അശ്വതി വി. നായര്‍ പറഞ്ഞു. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയായി ഇറക്കാനുള്ള ഒരുക്കങ്ങള്‍ പ്രാഥമികഘട്ടത്തിലാണ്.
സിനിമയുമായി ബന്ധപ്പെട്ട് ഓരോ സീനും എങ്ങനെയായിരിക്കണം, കഥാപാത്രങ്ങളുടെ പെരുമാറ്റ രീതി, വേഷവിധാനങ്ങള്‍ എന്നിവയെല്ലാം എം.ടി. വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് സംവിധായകന് തിരക്കഥ നല്‍കിയിട്ടുള്ളത്.
രണ്ടാമൂഴം ചെയ്യണമെന്ന ആഗ്രഹത്തില്‍ മണിരത്നം കഥ വായിച്ചിരുന്നു. എന്നാല്‍, വലിയ കാന്‍വാസില്‍ ചിത്രം ചെയ്യാന്‍ സമയം വേണ്ടിവരുമെന്നതിനാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. അഞ്ച് മണിക്കൂറോളം ദൈര്‍ഘ്യമുള്ള രണ്ടാമൂഴത്തിന്റെ തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. നേരത്തേതന്നെ തയ്യാറാക്കിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]