
വിജയകാന്തിന്റെ വിടവ് നികത്താനാകില്ല; അനുശോചനവുമായി പ്രധാനമന്ത്രി
നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം കാഴ്ചവച്ച വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്ന് പ്രധാമന്ത്രി പറയുന്നു.
To advertise here, Contact Us
വിജയകാന്ത് ജിയുടെ വിയോഗത്തില്‍ അതിയായ ദുഖം തോന്നുന്നു. തമിഴ് സിനിമയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ ജനസേവനത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്താനാകില്ല. വിജയകാന്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഈ അവസരത്തില്‍ വര്‍ഷങ്ങളായി അദ്ദഹത്തോടൊപ്പം പങ്കിട്ട ഓരോ നിമിഷവും ഞാന്‍ ഓര്‍ത്തെടുക്കുന്നു. ഈ സങ്കടം നിറഞ്ഞ വേളയില്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ആരാധകര്‍ക്കൊപ്പവുമാണ്, ഓം ശാന്തി- പ്രധാനമന്ത്രി കുറിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു വിജകാന്തിന്റെ അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കുറച്ചുവര്‍ഷമായി പാര്ട്ടിപ്രവര്ത്തനത്തില് സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.
1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റന്‍ എന്നുമാണ് ആരാധകര്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടന് വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.
1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകര്‍ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാള്, വൈദേഹി കാത്തിരുന്താള്‍, ഊമൈ വിഴിഗള്‍, പുലന്‍ വിസാരണൈ, സത്രിയന്‍, കൂലിക്കാരന്, വീരന് വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മപുരി, രമണ തുടങ്ങി 154 ചിത്രങ്ങളില്‍ അഭിനയിച്ചു. 2010-ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തില്‍ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ല്‍ മകന് ഷണ്മുഖ പാണ്ഡ്യന് നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലുമെത്തിയിരുന്നു.
1994-ല്‍ എം.ജി.ആര് പുരസ്കാരം, 2001-ല്‍ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.
2005-ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും വിജയകാന്ത് രൂപം നല്കി. 2006 ലെ തമിഴ് നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ല 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.
1990 ലായിരുന്നു വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്യുന്നത്. ഷണ്മുഖ പാണ്ഡ്യന്, വിജയ് പ്രഭാകര്‍ അളകര്‍സാമി എന്നിവര്‍ മക്കളാണ്.
Content Highlights: Vijayakanth passed away, prime minister narendra modi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]