
മധുര തിരുമംഗലത്ത് നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിൽ ജനിച്ച വിജയരാജിന് ചെറുപ്പംമുതൽ ഒരു ലക്ഷ്യംമാത്രം; എം.ജി.ആറിനെപ്പോലെ നായകനാകണം. സിനിമയ്ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്ന് പറഞ്ഞ് പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.
മകൻ വഴിതെറ്റിപ്പോകുമോയെന്ന് ആശങ്കപ്പെട്ട അച്ഛൻ അഴകർസാമി നായിഡു ഒരു അരിമില്ലിന്റെ ചുമതല വിജയരാജിനെ ഏൽപ്പിച്ചു. അരിമിൽ മികച്ചരീതിയിൽ നടത്തി അച്ഛനെ അദ്ഭുതപ്പെടുത്തിയ മകൻ പക്ഷേ, നാട്ടിൽ അധികകാലം തുടർന്നില്ല. നായകനാകുകയെന്ന സ്വപ്നവുമായി ചെന്നൈയിലേക്ക് വണ്ടികയറി.
പിൽക്കാലത്ത് കറുപ്പ് എം.ജി.ആർ. എന്ന ഖ്യാതി നേടിയെങ്കിലും ആദ്യകാലത്ത് വിജയരാജിനെ സിനിമ അകറ്റിനിർത്തിയതിനുകാരണം നിറംതന്നെയായിരുന്നു. നായകനാകാൻ കറുപ്പുനിറമുള്ള നിന്നെ വേണ്ടെന്ന് പലരും മുഖത്ത് നോക്കിപ്പറഞ്ഞു. നിരാശനായിരിക്കേയാണ് ആദ്യ അവസരം. നായകവേഷമായിരുന്നു സ്വപ്നമെങ്കിലും ലഭിച്ചത് പ്രതിനായക വേഷം. ഇത് സിനിമയിലേക്കുള്ള കച്ചിത്തുരുമ്പായിക്കണ്ട വിജയരാജിന് പിന്നീടൊരിക്കലും നായകനിൽ കുറഞ്ഞവേഷം ചെയ്യേണ്ടിവന്നിട്ടില്ല. പേരുമാറ്റി വിജയകാന്തായതും ആദ്യ ചിത്രമായ ‘ഇനിക്കും ഇളമൈ’ (1979)-യിലായിരുന്നു.
സംവിധായകൻ എം.എ. കാജയുടെ ഉപദേശപ്രകാരമായിരുന്നു പേരുമാറ്റം. നിറത്തിന്റെ പരിമിതിയെ അതിജീവിച്ച് തമിഴ് സിനിമയിൽ രജനീകാന്ത് ഉദിച്ചുയരുന്ന കാലമായിരുന്നു അത്. വിജയരാജിലെ ‘വിജയ’യും രജനീകാന്തിലെ ‘കാന്തും’ എടുത്ത കാജ, വിജയകാന്ത് എന്ന പുതിയ പേരിട്ടു. ‘അഗൽവിളക്കി’ലൂടെ വിജയകാന്ത് ആദ്യമായി നായകനായി. പക്ഷേ, ചിത്രം വിജയിച്ചില്ല. ‘നീരോട്ടം’, ‘സാമന്തിപ്പൂ’ എന്നീ ചിത്രങ്ങളും പരാജയപ്പെട്ടതോടെ രാശിയില്ലാത്ത നായകൻ എന്ന പേര് ചാർത്തിക്കിട്ടി. സമയം തെളിഞ്ഞത് നായകനായ നാലാം ചിത്രമായ ‘ദൂരത്ത് ഇടിമുഴക്ക’ത്തിലൂടെ (1980) ആയിരുന്നു. മത്സ്യത്തൊഴിലാളി യുവാവായിട്ടായിരുന്നു അതിൽ അഭിനയിച്ചത്. ചിത്രം വിജയമായതോടെ നിരൂപകശ്രദ്ധയും പിടിച്ചുപറ്റി.
ദൂരത്ത് ഇടിമുഴക്കത്തിന്റെ വിജയത്തിനു പിന്നാലെ ‘ചട്ടം ഒരു ഇരുട്ടറൈ’, ‘സാതിക്കൊരു നീതി’, ‘സിവപ്പു മല്ലി’ തുടങ്ങി ചിത്രങ്ങളിലൂടെ തുടർച്ചയായ വിജയങ്ങളുമായി വിജയകാന്ത് തമിഴ് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തി. ആദ്യ പത്തുവർഷത്തിനിടെ എഴുപതിൽപ്പരം ചിത്രങ്ങളിൽ നായകനായി. ഒരേസമയം, രണ്ട് ചിത്രങ്ങളിൽവരെ അഭിനയിച്ചു. എസ്.എ. ചന്ദ്രശേഖർ, ആർ.കെ. ശെൽവമണി, കെ. വിജയൻ എന്നിവരുടെ സംവിധാനത്തിൽ ഇറങ്ങിയ മിക്കചിത്രങ്ങളും വലിയ വിജയമായി.
പണ്ട് വിജയകാന്തിനായി അവസരം ചോദിച്ചുനടന്ന സുഹൃത്ത് ഇബ്രാഹിം റാവുത്തർ ആരംഭിച്ച റാവുത്തർ ഫിലിംസ് എന്ന നിർമാണ കമ്പനിയുടെ ചിത്രങ്ങളായ ‘ഭരതൻ’, ‘രാജദുരൈ’, ‘കറുപ്പ്നിലാ’, ‘ധർമ’ എന്നിവയും എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും വലിയ ഹിറ്റായി. റാവുത്തർ ഫിലിംസ് ആരംഭിച്ചത് വിജയകാന്തിന്റെ സഹായത്തോടെയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]