പന്തളം: തിരക്കഥ, സംവിധാനം-രാഗേഷ് കൃഷ്ണൻ കുരമ്പാല. തിയേറ്റർ സ്ക്രീനിൽ തെളിഞ്ഞ ഈ വരികളിലുണ്ട് സെറിബ്രൽ പാൾസിയെന്ന രോഗത്തെ തോൽപ്പിച്ച് സ്വപ്നത്തിന് പിന്നാലെ കുതിച്ചവന്റെ കഥ. പരിമിതികളെ മറികടന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തിയ പന്തളം സ്വദേശി രാഗേഷ് കൃഷ്ണന് (35) വെള്ളിയാഴ്ച തിരക്കുപിടിച്ച ദിനമായിരുന്നു. നേരിട്ടും ഫോണിലൂടെയും അഭിനന്ദനപ്രവാഹം. രാഗേഷ് സംവിധാനംചെയ്ത ‘കളം @24’ എന്ന ചിത്രം ഏഴു തിയേറ്ററിലാണ് വെള്ളിയാഴ്ച റിലീസ്ചെയ്തത്.
കോളേജ് വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ആൽബങ്ങളും ചെറിയ സിനിമകളും സംവിധാനംചെയ്ത പരിചയമാണ് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സസ്പെൻസ് ത്രില്ലർ സംവിധാനംചെയ്യാൻ പ്രാപ്തനാക്കിയത്. സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ പുറത്തിറക്കുന്നത്.
പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാഗേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ സ്വയം രോഗിയാണെന്ന് കരുതാൻ രാഗേഷ് ഇഷ്ടപ്പെട്ടില്ല. കുഞ്ഞുനാളിൽ കൂടെക്കൂടിയ സിനിമാപ്രേമം പ്രായം ഏറുന്നതനുസരിച്ച് വളർന്നു. തന്നെക്കൊണ്ടാകുമോ എന്നുള്ള ചിന്ത മനസ്സിനെ തളർത്തിയില്ല. എല്ലാവരേയുംപോലെ തനിക്കും നല്ല ഒരു സംവിധായകനും തിരക്കഥാകൃത്തും ആകാമെന്ന മനസ്സുറപ്പ് മുന്നോട്ടുനയിച്ചു.
പഠനം മുടങ്ങാതെ കൊണ്ടുപോയി. ചരിത്രത്തിൽ ബിരുദവും കംപ്യൂട്ടർ ഡിപ്ലോമയും പൂർത്തിയാക്കി. ഇക്കാലത്ത് ആൽബങ്ങളും ചെറുസിനിമകളുംചെയ്ത് ശ്രദ്ധനേടി. അഞ്ച് ആൽബവും മൂന്ന് ഹ്രസ്വചിത്രവും പുറത്തിറക്കി. ഇത് രാഗേഷ് കൃഷ്ണൻ കുരമ്പാലയെന്ന സംവിധായകന്റെ ചുവടുറപ്പിക്കലായിരുന്നു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ
രാഗേഷ് കൃഷ്ണനെപ്പറ്റി മന്ത്രി സജി ചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചത് വൈറലാകുന്നു. തന്നെ കാണാനെത്തിയ രാഗേഷിന് സാംസ്കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും നൽകിയതിനൊപ്പം സിനിമ പ്രേക്ഷകരിലേക്കെത്തുന്ന വിവരം പത്രസമ്മേളനത്തിലൂടെ അറിയിക്കുകയുംചെയ്തിരുന്നു. സിനിമ എല്ലാവരുംകണ്ട് ഈ യുവാവിനെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. ഇതോടെ പിന്തുണയും പ്രാർഥനയുമായി കമന്റുകളുടെ പ്രവാഹവുമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]