
‘മെയ്യഴക’നിലെ അരവിന്ദ് സ്വാമിയോടൊപ്പം മനസ്സുകൊണ്ടൊരു യാത്ര പോയി; മുപ്പത് കൊല്ലം ജീവിച്ച്, ഒടുവില്‍ മനസ്സില്ലാമനസ്സോടെ യാത്രപറഞ്ഞു പിരിഞ്ഞ വീട്ടിലേക്ക്.
വളര്‍ന്നതും ബാല്യകൗമാര യൗവനങ്ങള്‍ ചെലവിട്ടതും അവിടെയാണ്. ആ വീടിനറിയുന്നതു പോലെ ലോകത്തൊരു വീടിനും നമ്മളെ അറിയില്ല എന്ന് തോന്നും ചിലപ്പോള്‍. അവിടത്തെ അന്തരീക്ഷം, ഗന്ധം, ശബ്ദങ്ങള്‍ എല്ലാം ഇന്നും ഓര്‍മ്മയിലുണ്ട്. ജീവിതത്തില്‍ നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാകാത്ത അനുഭൂതികളായി.
സത്യം പറയാമല്ലോ. സുഖമുള്ള ഒരസുഖമാണ് നൊസ്റ്റാള്‍ജിയ. പകരം വെക്കാനില്ലാത്ത ഒന്ന്.
വിട പറഞ്ഞ ശേഷം ഒരിക്കലേ പഴയ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ ചെന്നിട്ടുള്ളൂ; വയനാട് വിട്ട് കാല് നൂറ്റാണ്ടിനു ശേഷം. വീടിന്റെ അവശിഷ്ടങ്ങള്‍ പേരിനു പോലുമുണ്ടായിരുന്നില്ല അവിടെ. ആകെയുള്ളത് ഇടതൂര്‍ന്നു നില്ക്കുന്ന കുറ്റിച്ചെടികള്‍ മാത്രം. എന്നും സ്കൂള്‍ വിട്ടുവരുമ്പോള്‍ ഉത്സാഹത്തോടെ മുറ്റത്തേക്ക് ഓടിക്കയറിയിരുന്ന സിമന്റു പടവുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ആ പടവുകളിലിരുന്ന് രാവും പകലുമെന്നില്ലാതെ ദിവാസ്വപ്നങ്ങള്‍ നെയ്ത കുട്ടിക്ക് എങ്ങനെ സങ്കടം തോന്നാതിരിക്കും? യേശുദാസിന്റെയും ജയചന്ദ്രന്റേയും സുശീലയുടേയും ജാനകിയുടെയും ശബ്ദങ്ങളായിരുന്നല്ലോ ആ സ്വപ്നസഞ്ചാരങ്ങളില്‍ എന്നും കൂട്ട്.
കുത്തിത്തുളയ്ക്കുന്ന തണുപ്പകറ്റാന്‍, വിദേശത്തു നിന്ന് അമ്മയുടെ മൂത്ത ജ്യേഷ്ഠത്തി കൊണ്ടുവന്നു തന്ന കമ്പിളിക്കുപ്പായങ്ങളില്‍ ശരീരം പൊതിഞ്ഞു കൂനിക്കൂടിയിരുന്നതും അതേ പടവുകളില്‍ തന്നെ. പ്രഭാതങ്ങളില്‍ അവിടെയിരുന്നാല്‍ കോടമഞ്ഞിന്റെ പാളികള്‍ വകഞ്ഞു മാറ്റി വെയില് അരിച്ചരിച്ചു കടന്നു വരുന്ന മനോഹരമായ കാഴ്ച കാണാം.
അങ്ങു ദൂരെയുള്ള വെള്ളരിമലയിറങ്ങിയാണ് വെയില് വരുക. മഴയുടെ വരവും അവിടെ നിന്നുതന്നെ. ഒരായിരം ഭാവങ്ങളാണ് വയനാടന്‍ മഴക്ക്. നേര്‍ത്ത സ്വര്‍ണ്ണനൂലുകള്‍ പോലെ മണ്ണിലേക്ക് ഊര്‍ന്നുവീഴുന്ന വേനല്‍ മഴ. ആലിപ്പഴങ്ങളായി ഓട്ടിന്‍പുറത്ത് വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ. ആര്‍ത്തിരമ്പുന്ന രാമഴ. ചൂളമടിച്ചെത്തുന്ന കാറ്റിന്റെ അകമ്പടിയോടെ കുതിച്ചെത്തി പേടിപ്പെടുത്തുന്ന കര്‍ക്കിടകമഴ…..
അന്നതെല്ലാം പ്രകൃതിയുടെ ഭാവപ്പകര്‍ച്ചകള്‍ മാത്രമായിരുന്നു. തികച്ചും സാധാരണമായ കാഴ്ചകള്‍. ഇന്നറിയുന്നു എത്ര മനോഹരമായിരുന്നു ആ രാപ്പകലുകള്‍ എന്ന്; ഇരമ്പിയാര്‍ക്കുന്ന നഗരത്തിരക്കിലേക്ക് നോക്കി ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ പ്രത്യേകിച്ചും.
നൂറു വര്‍ഷം പഴക്കമുള്ള വീടും തോട്ടവും വാങ്ങിയവര്‍ അവ വീതം വെച്ചു കഴിഞ്ഞിരുന്നു. എങ്കിലും മുറ്റത്തൊരു കോണിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് അതേപടിയുണ്ടവിടെ. ആ പോസ്റ്റ് ഇല്ലായിരുന്നെങ്കില്‍ പഴയ വീടിന്റെ സ്ഥാനം പോലും പിടികിട്ടില്ലായിരുന്നു. വൈദ്യുതിക്കൊപ്പം വിരുന്നുവന്നതാണ് ആ പോസ്റ്റ്. റാന്തലും മൂട്ടവിളക്കും മുനിഞ്ഞുകത്തിക്കൊണ്ടിരുന്ന മുറികളില്‍ നാല്പതും അറുപതും വാട്ട് ഇലക്ട്രിക് ബള്‍ബുകള്‍ ആദ്യമായി പ്രകാശം ചൊരിഞ്ഞ രാത്രി ഇന്നുമുണ്ട് ഓര്‍മ്മയില്‍. അന്ന് നാലില്‍ പഠിക്കുകയാണ് ഞാന്‍.
അധികം വൈകാതെ ജി ഇ സിയുടെ റേഡിയോ വന്നു; പാട്ടും. വിഐപി സ്റ്റാറ്റസായിരുന്നു വീട്ടില്‍ റേഡിയോക്ക്. സ്ഥിരമായി ഒരു സ്ഥാനമുണ്ട് ഇരിക്കാന്‍. ജനവാസകേന്ദ്രങ്ങളില്‍ നിന്നകലെ വലിയൊരു കാപ്പിത്തോട്ടത്തിനു നടുവില്‍ പുരാതനമായ ഏതോ കോട്ട പോലെ ഒറ്റപ്പെട്ടുനിന്ന വീട്ടില്‍ റേഡിയോ ആയിരുന്നു ഞങ്ങള്‍ മൂന്ന് കുട്ടികള്‍ക്കും അമ്മയ്ക്കും സദാസമയവും കൂട്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് ചെന്നുനിന്നപ്പോള്‍ കണ്ണുകള്‍ ആദ്യം തിരഞ്ഞത് അടുക്കളയുടെ അവശിഷ്ടങ്ങളാണ്. ദിവസവും മൂന്നരയ്ക്ക് സരോജിനി ശിവലിംഗത്തേയും കൂട്ടി മൂളിപ്പാട്ടുമായി അമ്മ കടന്നുചെന്നിരുന്ന ഇടം. എന്തുചെയ്യാം-നേര്‍ത്ത പാടുകള്‍ പോലും അവശേഷിപ്പിക്കാതെ എല്ലാം തുടച്ചുനീക്കിക്കഴിഞ്ഞിരുന്നു കാലം.
കിളിയൊച്ചകള്‍ ഒഴിച്ചാല്‍ എങ്ങും നിശ്ശബ്ദത മാത്രം. ഗൃഹാതുരമായ ആ നിശ്ശബ്ദതയിലേക്ക് വിദൂരതയിലെങ്ങു നിന്നോ ‘ഗംഗയാറു പിറക്കുന്നു ഹിമവന്‍ മലയില്‍’ എന്ന പാട്ട് ഒഴുകിവന്നത് ഓര്‍മയുണ്ട്. ഏതോ കല്യാണ വീട്ടില്‍ നിന്നാവണം; അല്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്ന്. ഒരുപാട് ഓര്‍മകള്‍ തിരിച്ചുകൊണ്ടുവന്നു ആ പാട്ട്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടത്തെ കുറിച്ചുള്ള ആര്‍ദ്രമായ ഓര്‍മകള്‍.
‘മെയ്യഴക’നിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രമായ അരുള്‍മൊഴി വര്മ്മന് ഇരുപത്തിരണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മദ്രാസിലെ ശ്വാസംമുട്ടിക്കുന്ന തിരക്കില്‍ നിന്ന് ജനിച്ചു വളര്‍ന്ന തഞ്ചാവൂരിലെ വീട്ടിലേക്ക് തിരിച്ചുപോകുന്നത്; തറവാടിന്റെ ഭാഗംവെക്കലില് എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയ ഓര്‍മകള്‍ തേടി. മനസ്സുകൊണ്ട് ആ പഴയ കുട്ടിയായി മാറി, പണ്ട് ഓടിനടന്ന വഴികളിലൂടെ, അന്ന് ശ്വസിച്ചു മതിയാകാത്ത വായു ആവോളം ശ്വസിച്ചുകൊണ്ട് അലസമായി നടന്നു അയാള്‍. ഗ്രാമം തനിക്കുവേണ്ടി കരുതിവെച്ച സ്നേഹവാത്സല്യങ്ങളിലേക്കായിരുന്നു അരുളിന്റെ തിരിച്ചുപോക്ക്.
അടുത്തകാലത്ത് സന്തോഷത്തോടെ, മനഃസമാധാനത്തോടെ ഇരുന്നു കണ്ട സിനിമകളില്‍ ഒന്നാണ് പ്രേംകുമാര്‍ സംവിധാനം ചെയ്ത മെയ്യഴകന്. അടിയും വെടിയും അവിഹിതബന്ധങ്ങളും കുത്തിക്കൊലയും വെട്ടിക്കൊലയും അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിലയ്ക്കാത്ത മദ്യപാനവും മയക്കുമരുന്നും ചേര്‍ന്ന ബോക്സോഫീസ് രസക്കൂട്ടില്‍ നിന്ന് മാറിനടക്കുന്ന ഒരു പാവം പടം. ഒച്ചയും വിളിയുമില്ല. കാതടപ്പിക്കുന്ന പശ്ചാത്തല വാദ്യഘോഷമില്ല. വേണ്ടിടത്ത് മാത്രം സംഗീതത്തിന്റെ ഇടപെടല്‍.
ഇന്‍സ്റ്റഗ്രാം റീല്‍സിനെ മാതൃകയാക്കുന്ന ഫാസ്റ്റ് കട്ട് സിനിമകള്‍ കണ്ടു ശീലിച്ചവര്‍ക്ക് ഇടക്കൊക്കെ ഇഴച്ചിലും മുഷിച്ചിലും തോന്നുമെങ്കിലും കാണിയെ കയറിക്കടിക്കാത്ത പടമായതിനാല്‍ ക്ഷമയോടെ കാണാം. മൊത്തത്തില്‍ ഒരു ഒഴുക്കുണ്ട് പടത്തിന്. ജിഗ്സോ പസില്‍ കൂട്ടിവെക്കാന്‍ വേണ്ടി തല പുണാക്കേണ്ട.
അരവിന്ദ് സ്വാമിയുടെ സ്വാഭാവിക അഭിനയമാണ് മുഖ്യ ആകര്‍ഷണം. ശരിക്കും ഇഷ്ടപ്പെട്ടുപോയി അരുളിനെ. സ്വാമിയില്‍ നിന്ന് സിനിമയ്ക്ക് ഇനിയും പലതും പിഴിഞ്ഞെടുക്കാനുണ്ട് എന്നൊരു തോന്നല്‍. കാര്‍ത്തിയും രാജ്കിരണും ശ്രീദിവ്യയും ജയപ്രകാശുമൊക്കെ അവരവരുടെ വേഷങ്ങളില്‍ സൂപ്പര്‍. കൊടികുത്തിയ സ്വാഭാവിക അഭിനയക്കാരായി പുകള്‍പെറ്റ മലയാളത്തിലെ നടീനടന്മാരെക്കാള് ഒട്ടും മോശമല്ല ഇവരാരും.
ഇടയ്ക്ക് ഇത്തരം സിനിമകളും വേണം. എന്തൊക്കെയാണ് നമുക്ക് നഷ്ടപ്പെട്ടുപോയത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയെങ്കിലും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]