
നിഷാദിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ നല്കിയ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. വിനയൻ സംവിധാനം ചെയ്ത ‘രഘുവിന്റെ സ്വന്തം റസിയ’ യാണ് നിഷാദ് സ്വതന്ത്രമായി എഡിറ്റിങ് നിർവഹിച്ച ആദ്യ ചിത്രം. നിഷാദിനെ ഓർത്തെടുക്കുകയാണ് ഓര്‍ത്തെടുക്കുകയാണ് സംവിധായകൻ വിനയൻ. മലയാള സിനിമയില്‍ വിലക്കുകള്‍ നേരിട്ട സമയത്ത് തനിക്ക് പിന്തുണ നല്കിയ ആളാണ് നിഷാദെന്ന് വിനയന് പറയുന്നു. വിനയന്റെ വാക്കുകളിലേക്ക്..
‘നിഷാദ് യൂസഫ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. മലയാള സിനിമയിലെ സംഘടനകള്‍ വിലക്കും കൊണ്ട് എന്റെ പുറകേ നടക്കുന്ന കാലത്താണ് ഞാന്‍ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രം ചെയ്യുന്നത്. പുതുമുഖങ്ങളായിരുന്നു അതിലേറെയും. കാരണം ടെക്നീഷ്യന്ന്മാരെ ഉള്‍പ്പടെ എനിക്ക് തരാന്‍ വിസമ്മതിച്ച കാലമായിരുന്നു. അതിനും മുമ്പേ തന്നെ എന്റെ അസിസ്റ്റന്റ് ആകാനും എഡിറ്റിങ്ങ് അസിസ്റ്റന്റ് ആകാനും താത്പര്യം പ്രകടിപ്പിച്ച് നിഷാദ് വന്നിരുന്നു. പല തവണ എന്നെ അതിനായി നിഷാദ് ബന്ധപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രഘുവിന്റെ സ്വന്തം റസിയ തുടങ്ങാന്‍ തീരുമാനിച്ച സമയത്ത് എഡിറ്റിങ്ങ് ചെയ്യാന്‍ താത്പര്യം ഉണ്ടോയെന്ന് ചോദിച്ച് ഞാന്‍ നിഷാദിനെ ബന്ധപ്പെട്ടു. സാറ് കൂടെയുണ്ടെങ്കില്‍ ഞാന്‍ ചെയ്യാം എഡിറ്ററുടെ പേരിന്റെ സ്ഥാനത്ത് സാറിന്റെ പേര് വച്ചാല്‍ മതിയെന്ന് നിഷാദ് പറഞ്ഞു. പക്ഷേ ഞാനതിന് സമ്മതിച്ചില്ല. നീ മിടുക്കനാണ് നിനക്കതിന് പറ്റും എന്ന് പറഞ്ഞ് പ്രോത്സാഹനം നല്‍കിയാണ് നിഷാദിനെ ചിത്രത്തിന്റെ ഭാഗമാക്കുന്നത്.
അതുകഴിഞ്ഞാണ് ഞാന്‍ ഡ്രാക്കുള എന്ന ത്രീഡി പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ചെയ്ത ചിത്രമാണ്. തമിഴില്‍ നിന്ന് ആരെയെങ്കിലും എഡിറ്റിങ്ങിനായി കൊണ്ടുവരാമെന്ന് പലരും പറഞ്ഞു. പക്ഷേ ആ ചിത്രത്തില്‍ മലയാളത്തില്‍ നിന്നായി ഉണ്ടായിരുന്ന ഏക ടെക്നീഷ്യന് നിഷാദ് ആയിരുന്നു. മൂന്ന് ഭാഷകളിലും എഡിറ്റിങ്ങ് ചെയ്തത് നിഷാദായിരുന്നു. പിന്നീട് നിഷാദിന്റെ ജീവിതത്തില്‍ വലിയ ടേക്ക്ഓഫ് സംഭവിച്ചു. വലിയ ചിത്രങ്ങളുടെ ഭാഗമായി. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞ സമയത്താണ് നിഷാദ് എന്നെ വിളിക്കുന്നത്. ആ പടത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനായിരുന്നു. സിനിമ കണ്ടു ഭയങ്കര ഇഷ്ടമായി എന്നെല്ലാം പറഞ്ഞു. സാറേ നമ്മളിവിടൊക്കെ ഉണ്ടെന്ന് തമാശയെന്നോണം പറഞ്ഞു. നീയിപ്പോ വലിയ ബിസി ആയില്ലേ അടുത്ത പടം വരട്ടെ നമുക്ക് ചെയ്യാം എന്നെല്ലാം ഞാനും പറഞ്ഞു. അതുകഴിഞ്ഞ് രണ്ട് വര്‍ഷമായി. പിന്നീടെന്തുകൊണ്ടോ രണ്ടു പേര്‍ക്കും കോണ്ടാക്ട് ചെയ്യാന്‍ സാധിച്ചില്ല. ഇന്നിപ്പോള്‍ കേള്‍ക്കുന്നത് നിഷാദിന്റെ മരണ വാര്‍ത്തയാണ്. വിശ്വസിക്കാനേ സാധിക്കുന്നില്ല. കഠിനാധ്വാനം ചെയ്യുന്ന പയ്യനായിരുന്നു. എന്റെ വിലക്കിന്റെ സമയത്തൊക്കെ വലിയ പിന്തുണ തന്ന ആളാണ്. ദൗര്‍ഭാഗ്യകരം എന്നേ പറയാനുള്ളൂ’. വിനയന് പറയുന്നു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നിഷാദിനെ പനമ്പള്ളിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഹരിപ്പാട് സ്വദേശിയാണ്. എഡിറ്റര്‍മാര്‍ക്കിടയില്‍ സൂപ്പര്‍താരമായി മാറിയ ആളാണ് നിഷാദ് യൂസഫ്. ബിരുദത്തിന് പിന്നാലെ ആനിമേഷന്‍ പഠിച്ച്, വിഷ്വല്‍ എഫക്ടിസിനൊപ്പം എഡിറ്റിങ്ങിലേക്കും നിഷാദ് കടന്നു. പോസ്റ്റ് പ്രൊഡക്ഷനില്‍ ഡിപ്ലോമയ്ക്ക് ശേഷം തിരുവനന്തപുരത്ത് ചാനലുകളില്‍ ജോലി ചെയ്തശേഷമാണ് സീരിയല്‍ രംഗത്തെത്തുന്നത്. സ്പോട്ട് എഡിറ്ററായാണ് സിനിമയിലേക്കുള്ള കാല്‍വെയ്പ്.
തല്ലുമാല, ഉണ്ട, ഓപ്പറേഷന് ജാവ, സൗദി വെള്ളക്ക എന്നവയാണ് നിഷാദിന്റേതായി പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
സൂര്യയെ നായകനാക്കി സംവിധായകന് ശിവ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ്. നവംബര്‍ 14-ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും വരാനിരിക്കുന്ന ചിത്രങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]