
കൊച്ചി: അമൽനീരദ് സംവിധാനം നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ബൊഗയ്ൻവില്ല എന്ന ചിത്രത്തിലെ ഗാനത്തിനെതിരേ പരാതി നൽകിയതായി സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ചിത്രത്തിലെ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമാണ് സിറോ മലബാർ സഭാ അൽമായ ഫോറം പരാതി നൽകിയതായി ടോണി ചിറ്റിലപ്പള്ളി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും പരാതി നൽകിയത്.
”സമാനമായ രീതിയിൽ ക്രിസ്തീയ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിൽ മുമ്പും അമൽനീരദ് ചിത്രങ്ങൾ വന്നിരുന്നു. അന്നൊന്നും ഇതിനെതിരേ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഇത് ക്രിസ്തീയ സമൂഹത്തിനെതിരേ നടക്കുന്ന വലിയ അധിക്ഷേപമാണ്. ഗാനത്തിൻ്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്ന തരത്തിലാണ്. സെമിത്തേരിയും കരിശുമെല്ലാം ചിത്രീകരിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്.” ക്രൈസ്തവ സമൂഹത്തിൻ്റെ വിശ്വാസങ്ങളെയും പവിത്ര ചിത്രങ്ങളെയും ബോധപൂർവം അവഹേളിക്കുകയും ക്രൈസ്തവ ചിഹ്നങ്ങളെ ദുഷ്ട ശക്തികളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നുവെന്നും സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പറഞ്ഞു.
മറ്റ് മതങ്ങളോ മത ചിഹ്നങ്ങളോ വിശ്വാസങ്ങളോ ഇത്തരത്തിൽ മോശം സന്ദേശം നൽകുന്ന തരത്തിൽ സിനിമയാക്കാനുള്ള ധൈര്യം ഉണ്ടാകുമോയെന്നും ടോണി ചിറ്റിലപ്പള്ളി ചോദിച്ചു.
പ്രൊമോ ഗാനമായ ‘സ്തുതി’ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യണിലേറെ കാഴ്ചക്കാരെ നേടിയിരുന്നു. ‘സ്തുതി’ ഗാന രംഗത്തിൽ സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് എത്തുന്നത്. വിനായക് ശശികുമാറിൻറെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന സ്തുതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]