
രണ്ടാഴ്ചയ്ക്കുമുൻപാണ് ബോളിവുഡ് താരം പർവീൺ ദബസിന് കാറപകടത്തിൽ പരിക്കേറ്റത്. ആശുപത്രിവാസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ താൻ കടന്നുപോയ പ്രതിസന്ധിഘട്ടത്തേക്കുറിച്ച് അദ്ദേഹം സംസാരിച്ചു. താൻ മരിച്ചുപോയെന്നാണ് മൂത്തമകൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 21-നാണ് പർവീൺ ദബസിന്റെ കാർ അപകടത്തിൽപ്പെട്ടത്. എതിരെവന്ന വാഹനത്തിൽനിന്നുള്ള ശക്തിയേറിയ ലൈറ്റ് കണ്ണിലടിച്ചതിനെത്തുടർന്ന് കാഴ്ച മങ്ങി കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നടികൂടിയായ ഭാര്യ പ്രീതി ഝാംഗിയാനിയാണ് വിഷമഘട്ടത്തിൽ തന്റെ നട്ടെല്ലായത്. രണ്ട് മക്കളോടും ഈ അപകടത്തേക്കുറിച്ച് പറയരുതെന്ന് പരസ്പരം തീരുമാനിച്ചിരുന്നതായും പർവീൺ പറഞ്ഞു.
“നിന്റെ അച്ഛന് സംഭവിച്ച കാര്യത്തേക്കുറിച്ചോർത്ത് വിഷമം തോന്നുന്നുവെന്നാണ് മൂത്തമകന് അവന്റെ സുഹൃത്തുക്കളിലൊരാൾ അയച്ച സന്ദേശം. അവൻ വിചാരിച്ചത് ഞാൻ മരിച്ചുപോയെന്നാണ്. അതിനുശേഷമാണ് പ്രീതി എനിക്ക് സംഭവിച്ച അപകടത്തേക്കുറിച്ചും എന്റെ ആരോഗ്യനിലയേക്കുറിച്ചും അവനോട് പറഞ്ഞ് ശാന്തനാക്കിയത്. എൻ്റെ ജീവിതത്തെയും കുടുംബത്തെയും കൂടുതൽ വിലമതിക്കാൻ ഈ സംഭവം എന്നെ സഹായിച്ചു.” പർവീൺ വ്യക്തമാക്കി.
ഇടയ്ക്ക് ചെറിയ തലകറക്കം അനുഭവപ്പെടുന്നുണ്ടെന്നും അത് നിയന്ത്രിക്കാൻ വെർട്ടിഗോ ഗുളികകൾ കഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികം നടക്കരുതെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കെയ്നിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും താരം പങ്കുവെച്ചു. വാഹനമോടിക്കുമ്പോൾ ഹൈ ബീം ഉപയോഗിക്കുന്നതിനേക്കുറിച്ച് ആളുകളിൽ അവബോധമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോ പഞ്ചാ ലീഗിന്റെ സഹ-സ്ഥാപകൻ കൂടിയാണ് താരം. ഖോസ്ലാ കാ ഘോസ്ലാ, മൈ നെയിം ഈസ് ഖാൻ, മൺസൂൺ വെഡ്ഡിങ്, രാഗിണി MMS 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് പർവീൺ ദബസ്. ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ശരംജീ കി ബേട്ടി’യിലാണ് അദ്ദേഹം ഒടുവിൽ വേഷമിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]