
ബോക്സോഫീസിൽ പുതുചരിത്രമെഴുതി ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്ത എ.ആർ.എം. ആഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷൻ ചിത്രമാണ് എ.ആർ.എം. നവാഗതനായ സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായും എ.ആർ.എം മാറി. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങൾ. കഴിഞ്ഞവർഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം നൂറുകോടിയിലേറെ കളക്ഷൻ നേടിയിരുന്നു.
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമായിരിക്കുകയാണ് എ.ആർ.എം. നാൽപ്പത് കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന് ലോകമെമ്പാടുനിന്നും വമ്പിച്ച അഭിപ്രായമാണ് ലഭിച്ചുവരുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസും UGM മോഷൻ പിക്ചേഴ്സും ചേർന്നാണ് ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിർമിച്ചത്.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]