തിരുവനന്തപുരം: സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സർക്കാർസമിതിയിൽനിന്ന് നടനും എം.എൽ.എ.യുമായ മുകേഷിനെ ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ എന്നിവരെ അംഗങ്ങളാക്കി സമിതി പുനഃസംഘടിപ്പിച്ചു.
ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായ സമിതിയിൽ സാംസ്കാരികവകുപ്പിന്റെ മുൻസെക്രട്ടറി മിനി ആന്റണിയായിരുന്നു കൺവീനർ. മിനി ആന്റണി വിരമിച്ചതിനാൽ സമിതിയിൽ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് കൺവീനറാകും.
ലൈംഗികപീഡനപരാതിയിൽ പ്രതിയായ മുകേഷിനെ സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് നേരത്തേത്തന്നെ ആവശ്യമുയർന്നിരുന്നു. അറസ്റ്റിലായ മുകേഷ് ജാമ്യത്തിലാണ്.
ഫെഫ്കയുടെ പ്രതിനിധിയായിരുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ അടുത്തിടെ സമിതിയിൽനിന്ന് രാജിവെച്ചു. 2023 ജൂലായിൽ പത്തംഗസമിതി രൂപവത്കരിച്ച് ഉത്തരവിറങ്ങിയപ്പോൾത്തന്നെ സിനിമയിലെ തിരക്കിന്റെ പേരിൽ നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും സ്വയം ഒഴിവായി.
നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റംഗങ്ങൾ. സമിതി പുനഃസംഘടിപ്പിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]