അറുപത്തൊമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിനെ സംബന്ധിച്ചിടത്തോളം ‘ഹോം’ വഴി ലഭിച്ച പ്രത്യേക ജൂറി പുരസ്കാരത്തെ മധുര പ്രതികാരമെന്നുതന്നെ വിശേഷിപ്പിക്കാം. കാരണം ഇതേ ചിത്രത്തെ കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്പട്ടികയിൽപരാമർശിക്കുകപോലും ചെയ്തിരുന്നില്ല എന്നതുതന്നെ.
കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം വന്ന സമയത്തായിരുന്നു ഹോം എന്ന ചിത്രത്തിന്റെ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവും കേസുകളും ഉയർന്നുവന്നത്. എങ്കിലും ഈ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും പുരസ്കാരമുണ്ടാവുമെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നെങ്കിലും പുരസ്കാരപ്പട്ടികയിൽ ഒരിടത്തുപോലും ‘ഹോമി’ന് ഇടമുണ്ടായില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി.
ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റുചെയ്താൽ എല്ലാവരെയും ശിക്ഷിക്കണോയെന്നാണ് ഇന്ദ്രൻസ് അന്ന് ഉയർത്തിയ ചോദ്യം. ഇന്ദ്രൻസ് ഉൾപ്പെടെയുള്ളവർക്ക് പുരസ്കാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് ‘ഹോമി’ന്റെ സംവിധായകൻ റോജിൻ തോമസും അംഗീകാരം പ്രതീക്ഷിച്ചിരുന്നതായി ചിത്രത്തിലെ മുഖ്യകഥാപാത്രമായ നടി മഞ്ജുപിള്ളയും പ്രതികരിച്ചു. മികച്ച സഹനടി മഞ്ജുപിള്ളയാണെന്നും എന്തുകൊണ്ട് തഴയപ്പെട്ടു എന്നുള്ളത് അദ്ഭുതപ്പെടുത്തുന്നു എന്നുമാണ് സാമൂഹികമാധ്യമത്തിൽ സംവിധായകൻ എം.എ. നിഷാദ് കുറിച്ചത്. ‘ഹോമി’ന് അംഗീകാരം നൽകാത്തതിനെ ഷാഫി പറമ്പിൽ എം.എൽ.എ. ഉൾപ്പെടെയുള്ളവരും വിമർശിച്ചു.
ഇത്തരം തഴയലുകൾക്കെതിരെയുള്ള ചുട്ട മറുപടിയാണ് ഇന്ദ്രൻസിന് 69-ാമത് ദേശീയ പുരസ്കാരത്തിലൂടെ നൽകിയത്. ഇതിന് മുമ്പ് രണ്ടുതവണ സംസ്ഥാന പുരസ്കാരങ്ങൾ കിട്ടിയിരുന്നെങ്കിലും ദേശീയ പുരസ്കാരം ഇതാദ്യമായാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. 2015-ൽ അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരമായിരുന്നു ഇന്ദ്രൻസിന് ആദ്യം ലഭിച്ചത്. 2018-ൽ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഇന്ദ്രൻസിന് ലഭിച്ചു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിന് സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഇന്ദ്രൻസായിരുന്നു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, സർവകലാശാല, സീസൺ, ഇന്നലെ, രാജവാഴ്ച, ചെറിയ ലോകവും വലിയ മനുഷ്യരും, മാലയോഗം, ഞാൻ ഗന്ധർവൻ, കാഴ്ചയ്ക്കപ്പുറം, അയലത്തെ അദ്ദേഹം, കാവടിയാട്ടം, ഭാഗ്യവാൻ, സ്ഫടികം, കല്യാണ ഉണ്ണികൾ എന്നിവയാണ് ഇന്ദ്രൻസ് വസ്ത്രാലങ്കാരം നിർവഹിച്ച പ്രധാന ചിത്രങ്ങൾ. മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ആണ് അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]