
സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ സംഗീത് പ്രതാപ്. താൻ സുഖം പ്രാപിച്ച് വരികയാണെന്നും ഡ്രെെവർക്കെതിരെ കേസ് കൊടുത്തുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംഗീത് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടൻ്റെ പ്രതികരണം.
‘പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരുക്കുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരുന്നു. സർവശക്തന് നന്ദി. നിങ്ങളുടെ ഫോൺ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ കേസ് റജിസ്റ്റർ ചെയ്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്റെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഞാൻ അഭ്യർഥിക്കുന്നു.
എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഉടൻ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാൻസിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കും. അധികം വെെകാതെ ചിത്രം സ്ക്രീനുകളിൽ എത്തും‘, സംഗീത് പ്രതാപ് കുറിച്ചു.
ശനിയാഴ്ച രാത്രി 1.45-ന് ‘ബ്രോമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നടന്മാരായ അർജുൻ അശോകനും സംഗീതും ഉൾപ്പടെയുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചേസിങ് സീൻ ഷൂട്ട് ചെയ്യാനായി അമിതവേഗത്തിൽ ഓടിച്ച കാർ ചിത്രീകരണത്തിലുൾപ്പെട്ട മറ്റൊരു കാറിലും ഭക്ഷണ ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിലും ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കഴുത്തിന് പരിക്കേറ്റ സംഗീത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനം ഓടിച്ചത് ചിത്രത്തിന്റെ സ്റ്റണ്ട് ടീം അംഗമായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ രേഖകളും പരിശോധിച്ചു. സംഭവത്തിൽ പരിക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.
അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിക്കും മുൻപ് പൊതുനിരത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അപകടകരമായരീതിയിൽ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവം മോട്ടോർ വാഹനവകുപ്പും അന്വേഷിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]