
തിരുവനന്തപുരം: മലയാളിയായ കനി കുസൃതി അഭിനയിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതു കേരളത്തിനും അഭിമാനനിമിഷമായി. കഴിഞ്ഞ ദിവസം ചിത്രം കാനിൽ പ്രദർശിപ്പിച്ചപ്പോൾ പലസ്തീന് ഐക്യദാർഢ്യം സൂചിപ്പിച്ച്, മുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള ഹാൻഡ് ബാഗുമായി കനി വേദിയിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിറഞ്ഞ പുഞ്ചിരിയും വലിയ മുദ്രാവാക്യവുമായി മലയാള ’കനി’ കാനിന്റെ ചുവപ്പു പരവതാനിയിൽ നിന്നപ്പോൾ അഭിമാനം തുളുമ്പിയത് സിനിമാ പ്രേമികളുടെ മാത്രമല്ല, ലോകസമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടേയും മനസ്സുകളിലാണ്. ഇതാദ്യമായല്ല കനി കുസൃതി തന്റെ ശക്തമായ നിലപാടുകൾ പ്രകടിപ്പിക്കുന്നത്.
അമ്മ ഡോ. ജയശ്രീയെ ചേച്ചിയെന്നും അച്ഛനെ മൈത്രേയൻ എന്നു പേര് വിളിച്ചും സമൂഹത്തിൽ വേറിട്ട ചിന്തകളിലൂടെ ഇടംപിടിച്ചെടുത്തവർ. വർഷങ്ങൾക്ക് മുൻപ് നഗ്നമായ തന്റെ പുറംഭാഗത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച കനിക്ക് നേരിടേണ്ടിവന്നത് അധിക്ഷേപത്തിന്റെ കൂരമ്പുകളായിരുന്നു. സ്വന്തം ശരീരഭാഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യാൻ ഞാനെന്തിന് നാണിക്കണം, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനാണ് മൈത്രേയനും ചേച്ചിയും പറഞ്ഞിട്ടുള്ളത്…. ഞാൻ ഇങ്ങനെയാണ്, എന്റെ ജീവിതം ഇപ്രകാരമാണ്. കനി ഉയർത്തിപ്പിടിച്ച നിലപാടിന്റെ രാഷ്ട്രീയത്തെ ഇന്ന് ലോകം പിന്തുണയ്ക്കുന്നു…ആഘോഷിക്കുന്നു.
‘ബിരിയാണി’ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ, മലയാളത്തിലെ ആദ്യനായിക പി.കെ.റോസിക്കാണ് അവർ പുരസ്കാരം സമർപ്പിച്ചത്. ഒരു സ്ത്രീ ഈ രംഗത്തേക്ക് കടന്നുവന്നിട്ട് വർഷങ്ങളേറെ കടന്നുപോയിട്ടും ജാതി, മത, വർഗ്ഗ, വർണ, വിവേചനം ഇന്നും നിലനിൽക്കുന്നു. അതിനാൽ പി.കെ.റോസിക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്നാണ് അന്നവർ പറഞ്ഞത്.
സ്കൂൾകുട്ടിയായിരുന്ന കാലത്ത് ലഘുനാടകങ്ങളിലൂടെ അഭിനയത്തിലേക്ക്. ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അവർ അഭിനയിച്ച ഏറെ വിവാദങ്ങളുണ്ടാക്കിയ ഹ്രസ്വചിത്രമായിരുന്നു ’മെമ്മറീസ് ഓഫ് എ മെഷീൻ’. ചിത്രം യുട്യൂബിൽ വന്നപ്പോൾ കടുത്ത സൈബർ ആക്രമണം നേരിട്ടു.
പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഭൂരിഭാഗവും മലയാളം സംഭാഷണങ്ങളാണ്. കേരളത്തിൽ നിന്നുള്ള രണ്ടു നഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നഗരത്തിലെ നഴ്സിങ് ഹോമിലെത്തപ്പെട്ട ഇരുവരുടെയും ജീവിതത്തിലെ സംഭവങ്ങളാണ് ഇതിവൃത്തം. ശ്രീകാര്യം ചെറുവയ്ക്കലാണ് കനി കുസൃതിയുടെ വസതി. പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, സംസ്കൃത കോളേജ്, തൃശ്ശൂർ എൻ.എസ്.ഡി, പാരീസ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]