മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ബിഗ് സ്ക്രീനിലേക്ക്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിൽ കൂടിയായിരിക്കും സിനിമാ എൻട്രി.
അടുത്തിടെ സനോജ് മിശ്ര മൊണാലിസയേയും കുടുംബത്തേയും സന്ദർശിച്ചിരുന്നു. തന്റെ അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പൂരിനെക്കുറിച്ച് അദ്ദേഹം ചർച്ച നടത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മൊണാലിസയുടെ വീട്ടിലെത്തിയാണ് ചിത്രവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ഇരുവരുടേയും ചിത്രം സനോജ് മിശ്ര പങ്കുവെച്ചിട്ടുണ്ട്. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.
നേരത്തെ മൊണാലിസ സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കുടുംബം അനുവദിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു അവരുടെ പ്രതികരണം.
കുംഭമേളയ്ക്കിടെ പൂ വിൽപ്പനയ്ക്കെത്തിയ മൊണാലിസയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഇവരെ കാണാൻ നിരവധി പേർ എത്തുകയും കുടുംബത്തിന്റെ ഉപജീവനമാർഗമായ മാല വിൽപ്പനയെ ബാധിക്കുകയും ചെയ്തതോടെ പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് രക്ഷിതാക്കൾ തിരിച്ചയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയിൽ നിന്ന് മടങ്ങുന്നതെന്നായിരുന്നു മൊണാലിസ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]