
ഗുരുവായൂരിലെ മയില്‍പ്പീലി പുരസ്കാരദാനച്ചടങ്ങിന് ശേഷം അബ്ദുസ്സമദ് സമദാനിയോടൊപ്പം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ സാക്ഷാല്‍ ജയചന്ദ്രന്. ക്ഷേത്രദര്‍ശനം കഴിഞ്ഞെത്തിയതാണ് ഭാവഗായകന്.
‘അതാ എന്റെ പ്രിയഗായകന്. ഏറ്റവും പ്രിയപ്പെട്ട പാട്ട് പാടിയ ഗായകന്’, സമദാനി സാഹിബ് സ്വയം പറഞ്ഞു. ഒപ്പം ഗായകനുനേരെ തിരിഞ്ഞു കൈകൂപ്പി വിനയപൂര്‍വം ഒരഭ്യര്‍ത്ഥന കൂടി: ‘ജയേട്ടാ, ആ പാട്ടിന്റെ രണ്ടുവരിയൊന്ന് പാടിത്തരാന്‍ കനിവുണ്ടാവണം. എന്റെ മോഹമാണ്.’ പാട്ടേതെന്നറിയാനായിരുന്നു തിടുക്കം. ചോദിക്കേണ്ടിവന്നില്ല; അതിനകം ജയേട്ടന് പാടിത്തുടങ്ങിയിരുന്നു:
‘മനിസന് മണ്ണില്‍ പരകോടി,
അവന്റെ മനസ്സിന് ശെയ്ത്താന്റെ മുഖം മൂടി,
ചിരികൊണ്ട് മയക്കാന്‍ വരുന്നത് പലതും
ചിറകുകളില്ലാത്ത ജിന്നാണെടാ… ‘
ഗായകന് പി. ജയചന്ദ്രനും അബ്ദുസ്സമദ് സമദാനിക്കുമൊപ്പം ലേഖകന്‍
1976-ല്‍ പുറത്തുവന്ന ‘കായംകുളം കൊച്ചുണ്ണിയുടെ മകന്’ എന്ന ചിത്രത്തിന് വേണ്ടി പാപ്പനംകോട് ലക്ഷ്മണന് എഴുതി എം.കെ. അര്ജുനന് സ്വരപ്പെടുത്തിയ പാട്ട്. സിനിമയില്‍ പാടുന്നത് കാളവണ്ടിക്കാരനായ പ്രേംനസീറിന്റെ കഥാപാത്രമാണെങ്കിലും രചന തത്വചിന്താപരം. ആഴമുള്ള അര്‍ഥതലങ്ങളുള്ള പാട്ട് ലളിതപദാവലികളാല് നിര്‍മ്മിച്ചെടുത്തിരിക്കുകയാണ് ലക്ഷ്മണന്.
‘മണിവിളക്കെരിയുന്ന മാളികത്തട്ടിലുള്ള
മനിസന്റെയുള്ളിലിന്നും ഇരുളാണെടാ
പണമെന്നു കേട്ടാല്‍ പടച്ചോനെപ്പോലും
പണയം വെയ്കുന്ന ദുനിയാവെടാ
ദുനിയാവെടാ – ഇത് പഹയന്മാരുള്ള
ദുനിയാവെടാ
പകലന്തിയോളവും പാടുപെടുന്നോന്
പതിവായിട്ടിന്നും കണ്ണീരെടാ
നിധികാക്കും ഭൂതങ്ങളിവിടെയിതെല്ലാം
പലകാലമായ് ചെയ്യും ചതിയാണെടാ
ചതിയാണെടാ – ഇത് പകിടയുരുട്ടി-
ക്കളിയാണെടാ…’
-അങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍.
എന്തുകൊണ്ടാണ് ഈ പാട്ടിനോട് ഇത്ര സ്നേഹം? നല്ലൊരു സംഗീതാസ്വാദകന് കൂടിയായ സമദാനിയോട് ഒരു ചോദ്യം. ‘അതില്‍ അടങ്ങിയിരിക്കുന്ന വിലപ്പെട്ട ജീവിത തത്വം ആദ്യകേള്‍വിയില്‍ തന്നെ മനസ്സിനെ തൊട്ടതുകൊണ്ടാവാം. നിസ്വവര്‍ഗ്ഗത്തിന്റെ മനസ്സ് ഇതിലും ഹൃദയസ്പര്‍ശിയായി വരച്ചിടാനാവില്ല. അര്ജുനന് മാസ്റ്ററുടെ ലളിതമായ ഈണവും ഓരോ വരിക്കും ജയേട്ടന് പകര്‍ന്നു നല്കിയ ഭാവസ്പര്ശവും കൂടി ചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത ഒരനുഭൂതിയായി മാറി ആ പാട്ട്.’ ആരാധകന്റെ വാക്കുകള്‍ കേട്ട് കണ്ണടച്ച് തൊഴുത് നില്ക്കുന്ന ജയചന്ദ്രന്റെ രൂപം ഇന്നുമുണ്ട് ഓര്‍മ്മയില്‍; ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും.
യാദൃച്ഛികമായി ആ ഗാനം രാവിലെ റേഡിയോയില്‍ കേട്ടപ്പോള്‍ ജയേട്ടനേയും അര്ജുനന് മാഷിനെയും ഓര്‍ത്തു. ഒപ്പം പാട്ടെഴുതിയ പാപ്പനംകോട് ലക്ഷ്മണനേയും. മൂന്ന് പേരും, പാട്ട് അഭിനയിച്ചുപാടിയ നസീര്‍ സാറും ഇന്നില്ല. പാട്ട് മാത്രം അന്തരീക്ഷത്തിലുണ്ട്. ജീവിതത്തെക്കുറിച്ചുള്ള അതിലെ ഉള്‍ക്കാഴ്ച്ച ഇന്നും പ്രസക്തം.
നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും മറക്കാനാവാത്ത കുറെ ഗാനങ്ങള്‍ സമ്മാനിക്കുകയും ചെയ്ത പാപ്പനംകോടിന്റെ ദീപ്തമായ ഓര്‍മ്മ കൂടിയാണ് ഈ ഗാനം. അര്‍ഹിക്കുന്ന രീതിയില്‍ അടയാളപ്പെടുത്താതെ പോയ ഒരു കലാസപര്യ. 27 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് (ജനുവരി 30, 1998) അധികമാരുമറിയാതെ അദ്ദേഹം ഒരു അപകടമരണത്തിന് കീഴടങ്ങിയത്. ആ ദിവസംതന്നെ ‘മനിസന് മണ്ണില്‍ പരകോടി’ കേള്‍ക്കാനിടയായി എന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന ആകസ്മികത.
പാപ്പനംകോട് ലക്ഷ്മണന് എന്ന പേര് ശ്രദ്ധിച്ചുതുടങ്ങിയത് ‘നീലസാരി’യിലെ ‘കാശ്മീര സന്ധ്യകളെ കൊണ്ടുപോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീലസാരി’ (സംഗീതം: ദക്ഷിണാമൂര്‍ത്തി) എന്ന പാട്ട് ആദ്യമായി കാതില്‍ വന്നുവീണ നിമിഷങ്ങളിലാവണം. വിവരിക്കാനാവാത്ത എന്തോ ചാരുതയുണ്ടായിരുന്നു ആ ‘കാശ്മീര സന്ധ്യകള്‍’ക്ക്. പിന്നീടറിഞ്ഞു, ഇഷ്ടഗാനങ്ങള്‍ പലതും ആ തൂലികയില്‍ പിറന്നവയാണെന്ന്. തപസ്വിനീ ഉണരൂ, എന്‍ പ്രിയമുരളിയില്‍ ഒരു സ്വപ്നഗീതമായ് (നീലസാരി), മൈലാഞ്ചിക്കാട്ടിൽ, വെള്ളിപ്പൂന്തട്ടമിട്ട്, സ്വപ്നങ്ങള്‍ താഴികക്കുടമേന്തും (കായംകുളം കൊച്ചുണ്ണിയുടെ മകന്), സ്വപ്നഹാരമണിഞ്ഞെത്തും, മനുഷ്യപുത്രന്മാരെ നമ്മള് ജനിച്ചതടിമകളാകാനോ, പഴനിമലക്കോവിലിലെ പാല്‍ക്കാവടി (പിക്പോക്കറ്റ്), കസ്തൂരിമാന്മിഴി, അജന്താ ശില്പങ്ങളെ (മനുഷ്യമൃഗം), സ്വപ്നങ്ങളാദ്യമായി (മുറ്റത്തെ മുല്ല), ജിഞ്ചിന്നാക്കടി (രതിമന്മഥന്), എന്തിന് സ്വര്‍ണമയൂര സിംഹാസനം, ശാരികത്തേന്മൊഴികള് (കന്യക), വസന്തം നീള്‍മിഴിത്തുമ്പില്‍ (ഇതിഹാസം), സൗഗന്ധികങ്ങള്‍ വിടര്‍ന്നൂ (മഹാബലി), ശരല്ക്കാലങ്ങള് ഇതള്‍ ചൂടുന്നതോ, മാന്‍കണ്ണു തുടിച്ചു (അങ്കം)….
കലാനിലയം നാടകവേദിയുടെ വിഖ്യാതമായ അവതരണഗാനമെഴുതിയതും ലക്ഷ്മണന് തന്നെ: ‘സല്ക്കാലദേവതേ, സല്‍ക്കലാദേവി തന് ചിത്രഗോപുരങ്ങളേ, സര്‍ഗ്ഗ സംഗീതമുയര്‍ത്തൂ..’ കലാനിലയം നിര്‍മ്മിച്ച ‘ഇന്ദുലേഖ’ എന്ന സിനിമയിലും ഉപയോഗിച്ചിട്ടുണ്ട് ഈ ഗാനം; കമുകറ, ഗംഗാധരന്, അമ്മിണി എന്നിവരുടെ ശബ്ദത്തില്‍. സംഗീതം: ദക്ഷിണാമൂര്‍ത്തി.
1970-കളിലും 80-കളിലും ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയ പല പടങ്ങളുടെയും കഥയും തിരക്കഥയും ലക്ഷ്മണന്റേതായിരുന്നു: മൂര്‍ഖന്‍, ഇതിഹാസം, മനുഷ്യമൃഗം, പിക്പോക്കറ്റ്, കരിപുരണ്ട ജീവിതങ്ങള്‍, ആരംഭം, ശക്തി, അങ്കക്കുറി, രതിമന്മഥന്, ജസ്റ്റിസ് രാജ.. ജീവിതത്തിന്റെ നല്ലൊരു ഭാഗവും നാടക – സിനിമാ വേദികള്‍ക്ക് പിറകെ സ്വപ്നാടകനെപ്പോലെ യാത്ര ചെയ്ത ലക്ഷ്മണനെ എത്ര പേര് ഓര്‍ക്കുന്നു ഇന്ന്?
‘നിനക്ക് ഞാനും എനിക്ക് നീയും’ എന്ന ചിത്രത്തിന് വേണ്ടി 47 വര്‍ഷം മുന്‍പ് പാപ്പനംകോട് ലക്ഷ്മണന് എഴുതിയ വരികളാണ് ഓര്‍മ്മയില്‍:
‘ദുഃഖങ്ങള്‍ ഏതുവരെ ഭൂമിയില്‍ സ്വപ്നങ്ങള്‍ തീരുംവരെ
ഇരുളിനെ ഞാനറിയും വെളിച്ചത്തെ ഞാനറിയും
ഇടയില്‍ കടന്നുവരും നിഴലിന്റെ രൂപം
നിര്‍ണ്ണയിക്കാന്‍ ആര്‍ക്ക് കഴിയും — അത്
നിരന്തരം മാറിവരും….’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]