തന്റെ ജീവിതത്തിൽ സന്തോഷം പുനഃസ്ഥാപിക്കുന്നതിൽ നടൻ വിജയ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നടനും സംവിധായകനുമായ നാസർ. കോമയിൽ കഴിഞ്ഞിരുന്ന തന്റെ മകൻ നൂറുൾ ഹസൻ ഫൈസൽ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരാൻ കാരണമായത് വിജയ് അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും കണ്ടിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുൾ ഹസൻ ഒരു വലിയ വിജയ് ഫാനാണെന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
അറിയാൻ സാധിക്കാത്ത ചില കാരണങ്ങൾ കൊണ്ട് തന്റെ മകൻ നൂറുൾ ഹസൻ 14 ദിവസം കോമയിലായിപ്പോയെന്ന് നാസർ പറഞ്ഞു. അവനെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ചികിത്സ കഴിഞ്ഞ് അവൻ ഉണർന്നപ്പോൾ ആദ്യം വിളിച്ചത് അമ്മയെന്നോ അപ്പയെന്നോ ആയിരുന്നില്ല, വിജയ് എന്നായിരുന്നു. അവന് ആ പേരിൽ ഒരു സുഹൃത്തുണ്ട്. അവന്റെ ഓർമ തിരിച്ചുകിട്ടിയതിൽ ഒരുപാട് സന്തോഷിച്ചു. എന്നാൽ ആ സുഹൃത്തിനെ കണ്ടപ്പോൾ നൂറുൾ തിരിച്ചറിയാതെ വെറുതേ നോക്കിക്കൊണ്ടിരുന്നു. അതോടെ തങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലായെന്നും നാസർ പറഞ്ഞു.
“സൈക്കോളജിസ്റ്റ് കൂടിയായ ഭാര്യക്കാണ് അവൻ ഏത് വിജയ്യേയാണ് ഉദ്ദേശിക്കുന്നത് ആദ്യം മനസിലായത്. ഞങ്ങൾ നടൻ വിജയ്യുടെ ചിത്രം കാണിക്കേണ്ട താമസം അവന്റെ കണ്ണുകൾ വിടർന്നു. അതോടെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളും പാട്ടുകളും നൂറുളിനെ കാണിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇക്കാര്യമറിഞ്ഞ വിജയ് അവനെ കാണാൻ താത്പര്യം പ്രകടിപ്പിച്ചു. കുഴപ്പമില്ലെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ഒന്നിൽക്കൂടുതൽ തവണ അവർ തമ്മിൽക്കണ്ടു, ഒപ്പം ചിലവഴിച്ചു.
ഗിറ്റാർ വായിക്കുമെന്ന് അറിയുമായിരുന്നതിനാൽ വിജയ് അവന് ഒരു യൂക്കലേലീ സമ്മാനമായി നൽകുകപോലും ചെയ്തു. അതുകൊണ്ട് വിജയ്ക്ക് എന്റെയും മകന്റെയും ജീവിതത്തിൽ വളരെ വലിയ സ്ഥാനമുണ്ട്.” നാസർ കൂട്ടിച്ചേർത്തു.
ഈ വർഷം പുറത്തിറങ്ങിയ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ആണ് വിജയ് നായകനായെത്തി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ഇതിനിടെ തമിഴക വെട്രി കഴകം എന്നപേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രമാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ഈ ചിത്രത്തോടെ അഭിനയജീവിതം പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]