കഴിഞ്ഞദിവസമാണ് സൽമാൻ ഖാനെ നായകനാക്കി എ.ആർ.മുരുഗദോസ് സംവിധാനംചെയ്യുന്ന സികന്ദർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. സൂപ്പർതാരത്തിന്റെ പിറന്നാൾ പ്രമാണിച്ചായിരുന്നു ഇത്. സൽമാൻ ഖാന്റെ മാസ് പരിവേഷവും സംഭാഷണങ്ങളുമെല്ലാം ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ടീസറിൽ സൽമാൻ ഖാൻ പറയുന്ന സംഭാഷണം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെത്തുടർന്ന് മാറ്റിവെച്ചിരുന്ന ടീസർ റിലീസ് കഴിഞ്ഞദിവസമാണ് നടന്നത്. ‘ഒരുപാടുപേർ എന്റെ പിന്നാലെയുള്ളതായി കേട്ടു. ഇപ്പോൾ അവർക്കെതിരെ തിരിയാനുള്ള സമയമായി’ എന്നാണ് ഇപ്പോൾ വൈറലായ സംഭാഷണം. തനിക്കെതിരെ വധഭീക്ഷണി മുഴക്കിയ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘത്തിനെതിരെയുള്ള സൽമാൻ ഖാന്റെ പരോക്ഷ മറുപടിയായാണ് സോഷ്യൽ മീഡിയ ഈ ഡയലോഗിനെ വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിലുൾപ്പെടെ ചർച്ച സജീവമാണ്.
സൽമാൻ ഖാന്റെ വാക്കുകൾ ബിഷ്ണോയി സംഘത്തിനെതിരായാണോ എന്നാണ് ഒരു എക്സ് ഉപയോക്താവ് ചോദിച്ചത്. സൽമാൻ ഖാനും സികന്ദർ ടീമും ബിഷ്ണോയ് സംഘത്തെ തന്ത്രപരമായി റോസ്റ്റ് ചെയ്തതാണോ? ആ സംഭാഷണം മനസിൽത്തട്ടി. അത് വളരെ ശക്തവും വ്യക്തിപരവുമാണെന്ന് തോന്നിയെന്നാണ് വന്ന പ്രതികരണങ്ങളിലുള്ളത്. ബിഷ്ണോയ് സംഘത്തെ മാത്രമല്ല നടനും സംവിധായകനുമായ കെ.ആർ.കെയേയും ഉദ്ദേശിച്ചുള്ളതാണ് ഈ സംഭാഷണമെന്ന് അഭിപ്രായപ്പെട്ടവരുണ്ട്.
സൽമാൻ ഖാൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെ വിചിത്ര വേഷധാരികളായ ഒരുസംഘമാളുകൾ ആക്രമിക്കാൻ വരുന്നതും അദ്ദേഹം അവരെ തുരത്തുന്നതുമാണ് ടീസറിലുള്ളത്. ഗുണ്ടാസംഘത്തിന്റെ നേതാവെന്ന് തോന്നിക്കുന്നയാൾ തലയിൽ അണിഞ്ഞിരിക്കുന്ന കിരീടത്തിൽ കൃഷ്ണമൃഗത്തിന്റെ കൊമ്പുള്ള കാര്യം ചൂണ്ടിക്കാട്ടിയവരുമുണ്ട്.
2025 ഈദ് റിലീസായാണ് സികന്ദർ തിയേറ്ററുകളിലെത്തുക. മുരുഗദോസിന്റേതുതന്നെയാണ് തിരക്കഥയും. സാജിദ് നാദിയാവാലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ലോറൻസ് ബിഷ്ണോയ് സംഘം കൊലപ്പെടുത്താൻ ആദ്യം ലക്ഷ്യമിട്ടത് ബോളിവുഡ് താരം സൽമാൻ ഖാനെയാണെന്ന് മുംബൈ പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എൻ.സി.പി. നേതാവും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ബാബ സിദ്ദിഖിയുടെ വധത്തിനുപിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തതിൽനിന്നാണ് നിർണായകവിവരം ലഭിച്ചതെന്ന് മുംബൈ ക്രൈംബ്രാഞ്ച് പറയുകയുണ്ടായി. നടന്റെ സുരക്ഷ മറികടക്കാൻ കഴിയാത്തതിനേത്തുടർന്നാണ് ശ്രദ്ധ ബാബ സിദ്ദിഖിയിലേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]