വരുണ്‍ ധവാനെ നായകനാക്കി സംവിധായകന് കാലീസ് ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ബേബി ജോണ്‍’. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. എന്നാല്‍ വലിയ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിനിമയ്ക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
ക്രിസ്മസിന് റിലീസിനെത്തിയ ബേബി ജോണ്‍ ആദ്യ ദിനം 11.25 കോടി നേടി. എന്നാല്‍ രണ്ടാം ദിവസം 5.13 കോടിയായി കുത്തനെ ഇടിഞ്ഞു. 180 കോടിയായിരുന്നു മുതല്‍മുടക്ക്.
ബേബി ജോണിന് കാലിടറിയതോടെ മലയാളം സിനിമ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ് മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ പ്രധാന തിയേറ്ററുകള്‍. ബേബി ജോണിന്റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിച്ചു. കൂടുതല്‍ സീറ്റുകളുള്ള തിയേറ്റര്‍ ഹാളുകള്‍ മാര്‍ക്കോയ്ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്- ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ മാര്‍ക്കോയ്ക്ക് ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കുറച്ചു തീയറ്ററുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. ഹിന്ദി പതിപ്പിന് പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനുമാണ് പുറത്തിറങ്ങുക. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്.
മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തിയ ചിത്രം ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ്. ഈ ചിത്രത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ആക്ഷന്‍ വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. കെ.ജി.എഫ്, സലാര്‍ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന് രവി ബസ്രൂര് ഒരുക്കിയ മാര്‍ക്കോയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]