”ഡല്‍ഹിയൊക്കെ മാറിപ്പോയല്ലോ…’ ടോണി വക്കത്താനത്തിന്റെ ഡയലോഗിന് മാമച്ചന്റെ ചോദ്യം പരിഹാസത്തിലായിരുന്നു. ”അതിന് നീ ഡല്‍ഹി കണ്ടിട്ടുണ്ടോ?’ തന്റെ ചോദ്യത്തിന് ടോണിയുടെ ചമ്മിയ ചിരി പ്രതീക്ഷിച്ച സ്ഥാനത്ത് മാമച്ചന് കിട്ടിയ കൗണ്ടര്‍ അതിവേഗത്തിലായിരുന്നു: ”കണ്ടിട്ടുണ്ടല്ലോ, ന്യൂഡല്‍ഹി സിനിമയില്‍…” കോമഡിയും സൂപ്പര്‍ കൗണ്ടറുകളുമായി തിയേറ്ററുകള്‍ ഇളക്കിമറിക്കുന്ന പി.കെ. ബജീഷിനെയും ടോണി വക്കത്താനത്തെയുമൊക്കെ പ്രേക്ഷകര്‍ ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബുംവെള്ളിമൂങ്ങയും ഒക്കെ അവര്‍ ചിരിച്ചു മറിഞ്ഞ് സ്വീകരിച്ചപ്പോള്‍ അതില്‍ അജു വര്‍ഗീസ് എന്ന നടന്റെ സാന്നിധ്യത്തിന് കൈയടികളോടെ അടിവരയിടണമായിരുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന സിനിമയില്‍ പി.കെ. ബജീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന അജു വര്‍ഗീസ് 14 വര്‍ഷംകൊണ്ട് 145ലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചത്.
ഹാപ്പിയാണ് കഴിഞ്ഞവര്‍ഷം
നടന് എന്ന നിലയില്‍ ഏറെ സന്തോഷവും ത്രില്ലും വ്യത്യസ്തതയുമൊക്കെ എനിക്കുതന്ന ഒരു വര്‍ഷമാണ് കടന്നുപോയത്. അഭിനയം തുടങ്ങിയകാലംമുതല് ഞാന്‍ കേള്‍ക്കുന്ന ഒരു ചോദ്യമാണ് കോമഡി മാത്രമേ ചെയ്യുകയുള്ളോയെന്നത്. എന്നാല്‍, കോമഡി മാറ്റി സീരിയസ് വേഷങ്ങള്‍ ചെയ്യാന്‍ നോക്കിയാല്‍ അപ്പോഴും അവര്‍ ചോദിക്കും സീരിയസ് മാത്രമേ ചെയ്യുകയുള്ളോയെന്ന്. പക്ഷേ, കഴിഞ്ഞവര്‍ഷം ഇതിന്റെയെല്ലാം ഒരു മിക്സ് ചെയ്യാന്‍ പറ്റിയെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയില്‍ ഇരട്ടവേഷം ചെയ്തപ്പോള്‍ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന സിനിമയില്‍ ഒരു ഗായകന്റെ വേഷമാണ് എന്നെത്തേടിയെത്തിയത്. ഗഗനചാരി, ഹലോ മമ്മി എന്നീ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട കോമഡി ചെയ്തപ്പോള്‍ സ്വര്‍ഗം, ഫീനിക്സ് എന്നീ സിനിമകളില്‍ മുഖ്യവേഷത്തില്‍ എനിക്ക് എത്താനായി. സ്താനാര്‍ത്തി ശ്രീക്കുട്ടന് എന്ന സിനിമയില്‍ നെഗറ്റീവ്വേഷം ചെയ്തപ്പോള്‍ ആനന്ദ് ശ്രീബാല എന്ന സിനിമയില്‍ നല്ലൊരു ക്യാരക്ടര്‍ വേഷവും ലഭിച്ചു. ഇതിനിടയില്‍ കേരള ക്രൈം ഫയല്‍സ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ വെബ് സീരിസുകളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനായതോടെ ഹാപ്പിയായ ഒരു വര്‍ഷം തന്നെയാണ് കടന്നുപോയത്.
വെബ്സീരീസും ഡബിള്റോളും
കേരള ക്രൈം ഫയല്‍സും പേരല്ലൂര്‍ പ്രീമിയര്‍ ലീഗും പോലുള്ള വെബ് സീരീസുകള്‍ ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറെ സന്തോഷംപകര്‍ന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്. അഭിനയിക്കാന്‍ വരുമ്പോള്‍ പ്ലാറ്റ്ഫോമുകള് ഇന്നതായിരിക്കണമെന്ന വാശിയൊന്നും എനിക്കില്ല. തട്ടത്തിന് മറയത്ത് എന്ന സിനിമ ചെയ്തു കഴിഞ്ഞശേഷമാണ് ഞാന്‍ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. സിനിമ ചെയ്താല്‍ പിന്നെ അതു കഴിഞ്ഞ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ പാടില്ലെന്നൊന്നും ഞാന്‍ കരുതുന്നില്ല.
അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ വര്‍ഷം വെബ് സീരീസുകള്‍ വന്നപ്പോള്‍ ആത്മവിശ്വാസത്തോടെ അതിനെ സ്വീകരിച്ചത്. വിനീത് ശ്രീനിവാസന് സംവിധാനംചെയ്ത വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ ഡബിള്‍ റോള്‍ ചെയ്തതും മനോഹരമായ അനുഭവമായിരുന്നു. വിനീതും ഞാനും തമ്മിലുള്ള സൗഹൃദത്തിന്റെ കെമിസ്ട്രി സിനിമയുടെ വര്‍ക്കില്‍ എപ്പോഴും ഗുണംചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ കമുകറ കേശവദേവ്, ജയന് കേശവദേവ് എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഞാന്‍ അവതരിപ്പിച്ചത്.
അതിനിടെ പാട്ടും പാടി
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയില്‍ ഗായകനായ ഒരാളുടെ വേഷമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഈ കഥാപാത്രത്തെ കിട്ടിയപ്പോള്‍ അണിയറ പ്രവര്‍ത്തകരോട് ഞാന്‍ ഒരു റിസ്കി ആഗ്രഹം പ്രകടിപ്പിച്ചു. ഈ സിനിമയിലെ ഒരു പാട്ട് ഞാന്‍ പാടിക്കോട്ടെയെന്ന് അവരോട് ചോദിച്ചപ്പോള്‍ യെസ് എന്ന ഉത്തരം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷയുമുണ്ടായിരുന്നില്ല. റെക്കോഡിങ്ങിനുശേഷം സംവിധായകന് വിപിന്‍ദാസും സംഗീത സംവിധായകന് അങ്കിത് മേനോനും നിര്‍മാതാവ് സി.വി. സാരഥിയും പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ഹാരിസ് ദേശവും ഒരുമിച്ചിരുന്നാണ് ഈ പാട്ടുകേട്ടത്. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവരെല്ലാം ആ പാട്ടിന് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് ഞാനാണ്. സത്യത്തില്‍ ഞാന്‍ ആ പാട്ട് പാടുകയല്ല, പറയുകയാണ് ചെയ്തത്. അങ്കിത് മേനോനാണ് ആ പാട്ട് ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്ന രൂപത്തിലാക്കിയത്. ആ പാട്ട് ഒരിക്കല്‍ക്കൂടി പാടണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ കുടുങ്ങിപ്പോകും.
ഗഗനചാരിയും ചക്രപാണിയും
സയന്‍സ് ഫിക്ഷന്‍ സിനിമയായ ഗഗനചാരി ഞാന്‍ ഒട്ടും കണക്ട് ആകാതെ അഭിനയിച്ചു തുടങ്ങിയ സിനിമയാണ്. സംവിധായകന് അരുണ്‍ ചന്തു ഈ സിനിമയെപ്പറ്റി പറഞ്ഞ പല കാര്യങ്ങളിലും ഞാന്‍ തര്‍ക്കിച്ചിരുന്നു. ഈ സിനിമയിലെ വിഷയം എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതായിരുന്നു എന്റെ സംശയം. എന്നാല്‍, ഈ സിനിമ റിലീസ് ചെയ്തത് 25 വയസ്സില്‍ താഴെയുള്ളവര്‍ നിറഞ്ഞ ഒരു തിയേറ്ററിലായിരുന്നു. അവിടെ അവര്‍ ഈ സിനിമയെ സ്വീകരിച്ച രീതി കണ്ടപ്പോള്‍ അറിവില്ലായ്മയെന്നത് എന്റെമാത്രം കാര്യമായിരുന്നെന്ന് മനസ്സിലായി.
സ്ഥാനാര്‍ത്തി ശ്രീക്കുട്ടന് എന്ന സിനിമയിലെ ചക്രപാണി എന്ന കഥാപാത്രം വലിയ വെല്ലുവിളിയായ ഒന്നായിരുന്നു. എന്റെ കരിയറിലെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചക്രപാണി. ഒരു അധ്യാപകന് എങ്ങനെ ആകരുതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ചക്രപാണി. ഈഗോ അടക്കം ഒരുപാട് നെഗറ്റീവ് സ്വഭാവങ്ങള്‍ ഉള്ള ഒരാളാണ് ചക്രപാണി. ആദ്യം ഈ സിനിമയില്‍ മറ്റൊരുവേഷമാണ് എനിക്കു പറഞ്ഞിരുന്നത്. പിന്നീടാണ് ഞാന്‍ ചക്രപാണിയുടെ വേഷംചെയ്യാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്.
വിനീതും കുടുംബവും
വിനീത് ശ്രീനിവാസനും മലര്‍വാടി ആര്‍ട്സ് ക്ലബ്ബും എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവയാണ്. അന്നും ഇന്നും എന്നും എന്റെ ഫേവറിറ്റ് സിനിമയും കഥാപാത്രവും മലര്‍വാടിയും ബജീഷുമാണ്. വിനീത് എന്ന സുഹൃത്തിനെയാണ് മലര്‍വാടിയുടെ സെറ്റില്‍ ഞാന്‍ കണ്ടത് അവന് സംവിധായകനാണെന്ന ബോധമൊന്നുമില്ലാതെയാണ് ഞാന്‍ എന്തൊക്കെയോ അവനോട് ചോദിച്ചതും അഭിനയിച്ചതുമെല്ലാം. വിനീതിനൊപ്പം ചെയ്ത തട്ടത്തിന് മറയത്ത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെല്ലാം ഞങ്ങളുടെ നിറഞ്ഞ സൗഹൃദത്തിന്റെ കെമിസ്ട്രി നന്നായി ഗുണംചെയ്തിട്ടുണ്ട്. കുടുംബമെല്ലാം എന്നെ അഡ്ജസ്റ്റ് ചെയ്ത് നന്നായിപ്പോകുന്നതും വലിയ ഭാഗ്യമാണ്. ഭാര്യ അഗസ്റ്റീനയും മക്കളായ ഇവാനും ജുവാനയും ജെയ്ക്കും ലൂക്കും കട്ട സപ്പോര്‍ട്ടല്ലേ നല്‍കുന്നത്. കുടുംബവും സിനിമയുമെല്ലാം സന്തോഷംപകരുന്ന നല്ലൊരു വര്‍ഷം തന്നെയാണ് ഇപ്പോഴും ഞാന്‍ പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]