
അജിത് കുമാർ എന്നാണ് പേരെങ്കിലും ആരാധകർക്ക് അവരുടെ ‘തല’യാണ് അദ്ദേഹം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അസർബൈജാനിലാണ് താരം ഇപ്പോഴുള്ളത്. വീണുകിട്ടിയ ഇടവേളയിൽ തന്റെ പഴയ സഹപ്രവർത്തകയെ സന്ദർശിച്ചിരിക്കുകയാണ് അജിത്.
മലയാളികളുടെ പ്രിയതാരം ഭാവനയെയാണ് അജിത് കുമാർ സന്ദർശിച്ചത്. ഭാവന നായികയാവുന്ന പിങ്ക് നോട്ട് എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങും അസർബൈജാനിലാണ് നടക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് അജിത് എത്തിയത്. ഇരുവരും സൗഹൃദം പങ്കിടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
2010-ൽ പുറത്തിറങ്ങിയ അസൽ എന്ന ചിത്രത്തിൽ അജിത്തിന്റെ നായികയായിരുന്നു ഭാവന. അടുത്തിടെ അജിത്തിന്റെ തുണിവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഭാവന സന്ദർശനം നടത്തിയിരുന്നു. അന്ന് അതേക്കുറിച്ച് ഭാവനയുടെ പ്രതികരണം അജിത് ആരാധകർ കയ്യടികളോടെയായിരുന്നു സ്വീകരിച്ചത്.
“ഈയിടെ ‘തുണിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹം മഞ്ജു ചേച്ചി (മഞ്ജു വാര്യർ)യോട് എന്നേക്കുറിച്ച് ആരാഞ്ഞു. എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. മഞ്ജു ചേച്ചി ഫോൺ വിളിച്ചപ്പോൾ എനിക്ക് എടുക്കാനായില്ല. പിന്നീട് ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അവർ ചെന്നൈയിൽ വന്നപ്പോൾ എന്നെ വീണ്ടും വിളിച്ചു. ഞാനും ആ സമയത്ത് ചെന്നൈയിലുണ്ടായിരുന്നു. ഞാനങ്ങനെ ആ ചിത്രത്തിന്റെ സെറ്റിലെത്തി അജിത് സാറിനെ കണ്ടു. ഒരുപാട് നേരം സംസാരിച്ചു. ഞാനും മഞ്ജു ചേച്ചിയും അജിത് സാറും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. അന്നെടുത്ത ഫോട്ടോ ഞാൻ അദ്ദേഹത്തിന്റെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അസൽ ഇറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹമെന്നെ ഓർത്തുവെച്ചതിൽ അതിയായ സന്തോഷമുണ്ട്.” ഇതായിരുന്നു ചെന്നൈയിൽ അജിത്തുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഭാവന പറഞ്ഞത്.
മലയാളത്തിലും മറ്റുഭാഷകളിലുമായി ഒരുപിടി ചിത്രങ്ങളാണ് ഭാവനയുടേതായി പുറത്തുവരാനിരിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ഡോർ ആണ് ഭാവനയുടേതായി ചിത്രീകരണത്തിലിരിക്കുന്ന ചിത്രം. നടിയുടെ സഹോദരൻ ജയ്ദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിലും ഭാവനയാണ് നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]