1990-ല്‍ റിലീസായ സിദ്ദിഖ് – ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ താരമാണ് റിസബാവ. മലയാള സിനിമയിലെ ഇന്നും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലൊന്ന് റിസബാവയുടെ ജോണ്‍ ഹോനായിയാണ്. ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല.
ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്തെടുത്ത ചില തെറ്റായ തീരുമാനങ്ങള്‍ റിസബാവയുടെ സിനിമ ജീവിതത്തെ ബാധിച്ച കഥ പറയുകയാണ് നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. ഇന്‍ ഹരിഹര്‍ നഗറിനു പിന്നാലെ വിവിധ ഭാഷകളില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ഒരു സുഹൃത്തിന്റെ വാക്കുകേട്ട് റിസബാവ തട്ടിക്കളയുകയായിരുന്നുവെന്ന് അഷ്റഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന് മലയാളികളുടെ മനസ് കീഴടക്കിയ സുന്ദരനായ വില്ലനായിരുന്നു റിസബാവ. ഇന്ത്യ മുഴുവന്‍ ആരാധകരെ നേടാനും കോടീശ്വരനായി മാറാനുമുള്ള അവസരം തട്ടിത്തെറിപ്പിച്ച നിര്‍ഭാഗ്യവാനായ റിസബാവയെ കുറിച്ചാണ് പറയാന്‍ പോകുന്നതെന്ന് പറഞ്ഞാണ് അഷ്റഫ് വീഡിയോ തുടങ്ങുന്നത്.
ഇന്‍ ഹരിഹര്‍ നഗറിനു ശേഷം താരമൂല്യമുള്ള നടനായി റിസബാവ മാറിയെന്നും ഇന്‍ ഹരിഹര്‍ നഗര്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്യാന്‍ സമീപിച്ചവര്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം വില്ലനായി റിസബാവ തന്നെ വേണമെന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അഷ്റഫിന്റെ വാക്കുകളിലേക്ക്; ”തെലുങ്കിലെ ഒരു നിര്‍മാതാവ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്താണ് സമീപിച്ചത്. അന്ന് അതൊരു വലിയ തുകയാണ്. ഹിന്ദിയില്‍ നിന്ന് ബൊപ്പയ്യ എന്ന നിര്‍മാണ കമ്പനിയും റിമേക്ക് ആവശ്യവുമായി എത്തി. എല്ലാവര്ക്കും ആവശ്യം റിസബാവ തന്നെ വില്ലന്‍ വേഷം ചെയ്യണമെന്നതായിരുന്നു. എന്നാല്‍ ഇക്കാര്യം പറയാന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിസബാവയെ കിട്ടിയില്ല. കുറേനാള്‍ ഇങ്ങനെ വിളിച്ചിട്ട് കിട്ടാതിരുന്നതുകൊണ്ട് നേരില്‍ ചെന്നുകാണാന്‍ ശ്രമിച്ചു. അതും നടന്നില്ല. ഒടുവില്‍ ഒരു ദിവസം അദ്ദേഹത്തെ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും പണം ഒരു പ്രശ്നമാകില്ലെന്നും പറഞ്ഞു. പക്ഷേ അതൊന്നും ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ നായകനാകാനാണ് ശ്രമിക്കുന്നതെന്നും അതിന് ഏതാനും അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും ഇനി വില്ലന്‍ വേഷത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു അന്ന് റിസബാവ പറഞ്ഞ മറുപടി. എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം തീരുമാനം മാറ്റിയില്ല. ഒടുവില്‍ റീമേക്ക് ചെയ്തവര്‍ മറ്റു നടന്മാരെ ആ വേഷത്തിലേക്ക് കൊണ്ടുവന്നു. ഇതിനു ശേഷം റിസബാവ വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പിന്നീട് നിലനില്‍പ്പിനായി സീരിയലിലേക്ക് മാറി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നീട് റിസബാവയെ കാണുന്നത്. ആ സമയം അദ്ദേഹം അസുഖങ്ങള്‍ ബാധിച്ച് അവശനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ. അന്ന് ആ അവസരങ്ങള്‍ കളയാതിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. ഒരു സുഹൃത്തിന്റെ വാക്കു കേട്ടാണ് അന്ന് ആ വേഷങ്ങള്‍ ഏറ്റെടുക്കാതിരുന്നതെന്ന് റിസബാവ പറഞ്ഞു. ആ സുഹൃത്തിന്റെ പേരും അദ്ദേഹം പറഞ്ഞിരുന്നു, അത് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല,’ അഷ്റഫ് പറഞ്ഞുനിര്‍ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]