കേരളത്തിൽ അടുത്തകാലത്തായി ഏറെ ചർച്ചകൾക്കിടയാക്കിയ റോബിൻ ബസിന്റെ കഥ സിനിമയാവുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന് റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശാന്ത് ബി മോളിക്കൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംവിധായകൻ പ്രശാന്ത് മോളിക്കൽ തന്നെയാണ് റോബിൻ ബസിനെ ആസ്പദമാക്കിയുള്ള സിനിമ ചെയ്യുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വർഷങ്ങൾക്ക് മുൻപ് നിർമാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയായ കൂൻ റിലീസിനൊരുങ്ങി നിൽക്കവേ അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്ന വേളയിലാണ് റോബിൻ ബസ് സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
‘‘ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.’’–പ്രശാന്ത് മോളിക്കൽ കുറിച്ചു.
സതീഷിന്റേതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ചിത്രം മലയാളം, തമിഴ് ഭാഷകളിലാകും പുറത്തിറങ്ങുക. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]