
ബോളിവുഡിലെ എക്കാലത്തേയും പ്രണയജോഡികളാണ് ഷാരൂഖ് ഖാനും കജോളും. കുച്ച് കുച്ച് ഹോതാ ഹെ, കഭി ഖുശി കഭി ഗം, ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേംഗെ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യയുടെ മനസില്‍ ഇടം നേടിയ താരജോഡികള്‍. സിനിമയ്ക്ക് പുറത്ത് ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
ഒരു ജനുവരി ഒന്നിന് ബാസിഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഷാരൂഖ് സിനിമയില്‍ ചുവടുറപ്പിക്കുന്ന കാലമായിരുന്നു അത്. കജോളിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രവും. എന്നാല്‍ ആ കൂടിക്കാഴ്ച്ച അത്ര രസകരമായിരുന്നില്ല. ഇരുവര്‍ക്കും പരസ്പരം സംസാരിക്കാന്‍പോലും അന്ന് തോന്നിയില്ല. എപ്പോഴും സംസാരിച്ചുകൊണ്ടിരുന്ന കജോളില്‍ നിന്ന് ഷാരൂഖ് അകലം പാലിച്ചു. ഒട്ടും സംസാരിക്കാത്ത പരുക്കനായ ഒരു വ്യക്തിയായിരിക്കും ഷാരൂഖെന്നാണ് കജോള്‍ കരുതിയത്. അന്നത്തെ ആ കൂടിക്കാഴ്ച്ചയെ കുറിച്ച് 2015-ല്‍ എബിപി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഷാരൂഖും കജോളും വിശദീകരിക്കുന്നുണ്ട്.
‘വളരേയധികം ഉന്മേഷത്തോടെയാണ് അന്ന് കജോള്‍ സെറ്റിലെത്തിയത്. എല്ലാവരോടും ഉറക്കെ സംസാരിച്ച് പൊട്ടിച്ചിരിക്കുന്ന കജോളിനെ കണ്ടപ്പോള്‍ എനിക്ക് അരോചകമായി തോന്നി. ഒരു മയിലിനെപ്പോലെ അവള് ഉറക്കെ സംസാരിച്ചു നടക്കുന്നു. ബാക്കിയുള്ള ഞങ്ങളെല്ലാവരും വളരേയധികം ക്ഷീണത്തിലായിരുന്നു. തലേദിവസം ഞങ്ങളുടെ ക്യാമറ ചെയ്യുന്നയാളെ ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആ സെറ്റില്‍ ഉയര്‍ന്നുകേട്ട ഏക ശബ്ദം കജോളിന്റേതായിരുന്നു.’-ഷാരൂഖ് പറയുന്നു.
‘അഭിനേത്രി ആകുന്നതിനേക്കാള്‍ കജോളിന് ഒരു മാധ്യമപ്രവര്‍ത്തകയോ മന്ത്രിയോ ആകുന്നതായിരിക്കും കരിയറില്‍ ഉയര്‍ച്ചയ്ക്ക് സഹായിക്കുക എന്ന് ഞാന്‍ അന്ന് തമാശരൂപത്തില്‍ പറഞ്ഞിരുന്നു. ഈ നടിയെന്താണ് ഇങ്ങനെയെന്നും കുറച്ച് നേരമെങ്കിലും മിണ്ടാതിരുന്നൂടെ എന്നും അന്ന് കജോളിന്റെ മേക്കപ്പ് മാനോട് ഞാന്‍ പരാതി പറയുകയും ചെയ്തു.’-ഷാരൂഖ് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഷാരൂഖിനെ കുറിച്ച് തന്റെ മേക്കപ്പ് മാനോട് കജോളും സംസാരിച്ചിരുന്നു. രണ്ട് മണിക്കൂറായി സ്ക്രിപ്റ്റും വായിച്ച് ഇരിക്കുകയാണെന്നും ആരോടും ഒന്നും മിണ്ടുന്നില്ലെന്നും ഒരു വിഡ്ഢിയെപ്പോലെ കസേരയില്‍ ഇരിക്കുകയാണെന്നുമാണ് അന്ന് കജോള്‍ ഷാരൂഖിനെ കുറിച്ച് പറഞ്ഞത്. ഇതുകേട്ട ഷാരൂഖ് ‘ഇവര്‍ക്ക് മ്യൂട്ട് ബട്ടണ്‍ ഇല്ലേ’ എന്ന് മേക്കപ്പ് മാനോട് ചോദിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]