
കോവിഡിന് ശേഷം മുംബൈയിലേക്ക് ജീവിതം പറിച്ചുനട്ടതിനെ പറ്റി തുറന്നുപറഞ്ഞ് നടന് സൂര്യ. പ്രതീക്ഷിക്കാത്ത രീതിയില്‍ ജീവിതം മാറിപ്പോയതിനെ കുറിച്ചാണ് സൂര്യ ആദ്യമായി മനസ്സ് തുറന്നത്. ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് കുറച്ചുകാലമായി സൂര്യ താമസിക്കുന്നത്. മുംബൈയിലെ സ്കൂളുകളിലാണ് മക്കള്‍ പഠിക്കുന്നത്. ജ്യോതികയ്ക്ക് അവരുടെ കരിയര്‍ വീണ്ടെടുക്കാനും താരങ്ങളുടെ സ്പോട്ട് ലൈറ്റില്‍ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുമുള്ള ബാലന്‍സ് തന്നത് മുംബൈ ജീവിതമാണെന്നാണ് സൂര്യ പറയുന്നത്.
പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ് ജ്യോതിക മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കെത്തുന്നത്. 27 വര്‍ഷം ചെന്നൈയില്‍ ജീവിച്ചു. അവള് എനിക്കും എന്റെ കുടുംബത്തിനുമൊപ്പമായിരുന്നു. അതിന് വേണ്ടി അവളുടെ കരിയറും സൗഹൃദങ്ങളും ബാന്ദ്രയിലെ ജീവിതരീതികളുമെല്ലാം ത്യജിച്ചു. പക്ഷെ കോവിഡിന് ശേഷം ഒരു മാറ്റം വേണമെന്നത് അനിവാര്യമായി. മുംബൈയിലേക്കുള്ള മാറ്റം ജ്യോതികയ്ക്ക് കൂടുതല്‍ ക്രിയേറ്റീവായ അവസരങ്ങള്‍ നല്കി. പുതിയ കാഴ്ചപ്പാടുകളോടെ വ്യത്യസ്തമായ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ അവളെ അത് സഹായിച്ചു- സൂര്യ പറഞ്ഞു.
ജ്യോതികയ്ക്ക് മിക്കപ്പോഴും വലിയ പ്രതിസന്ധികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഞാന്‍ മിക്കപ്പോഴും പേരെടുത്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പുതുമുഖ സംവിധായകരുടെ പ്രോജക്ടുകള്ക്കൊപ്പമാണ് ജ്യോതികയ്ക്ക് സഹകരിക്കേണ്ടിയിരുന്നത്. മുംബൈയിലേക്ക് മാറിയതോടെ ശ്രീകാന്ത്, ശൈതാന്, ഡബ്ബ കാര്‍ട്ടല്‍, കാതല്‍ തുടങ്ങിയ വൈവിധ്യമുള്ള പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്യാന്‍ അവള്‍ക്ക് സാധിച്ചുവെന്ന് സൂര്യ പറഞ്ഞു.
മുംബൈയിലേക്കുള്ള മാറ്റം കുടുംബജീവിതത്തിലും സഹായിച്ചുവെന്നാണ് സൂര്യ പറയുന്നത്. സ്വതന്ത്രയായിരിക്കുന്നതും അവര്‍ക്കായി സമയം കണ്ടെത്തേണ്ടതും ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നുണ്ട്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീക്കും വെക്കേഷനും സൗഹൃദങ്ങളും കുടുംബത്തിനൊപ്പമുള്ള സമയവുമെല്ലാം വേണം. ഇപ്പോള്‍ ജ്യോതിക അവളുടെ കുടുംബത്തിനൊപ്പവും പഴയ സുഹൃത്തുക്കള്‍ക്കൊപ്പവും കൂടുതല്‍ സമയം ചെലവഴിക്കുകയാണ്. ഇത് അവളുടെ വേരുകളിലേക്ക് തിരിച്ചുപോവാനുള്ള അവസരം കൂടിയാണ് അവള്‍ക്ക് നല്‍കുന്നത്. വ്യക്തിപരമായും കരിയര്പരമായും അത് അവളെ സഹായിച്ചു.
ഞാനും മുംബൈയ്ക്കൊപ്പം ജീവിച്ചുതുടങ്ങുകയാണ്. ചെന്നൈയുമായും മുംബൈയുമായും ഒരു ബാലന്‍സിലാണ് പോകുന്നത്. അധികം ആളുകള്‍ തിരിച്ചറിയാത്തതിനാല്‍ കുട്ടികള്‍ക്കൊപ്പം ഡ്രൈവ് ചെയ്യാനും പാര്‍ക്കില്‍ സമയം ചെലവഴിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. എല്ലാമാസവും പത്ത് ദിവസം വെക്കേഷന് എടുക്കും. പൂര്‍ണമായും ഡിസ്കണക്ടട് ആയിരിക്കുകയാണ് അപ്പോള്‍ ചെയ്യുക. ജോലിയോ
ഫോണ്‍ കോളുകളോ ഒന്നും ഈ സമയത്തുണ്ടാവില്ല. കുട്ടികളും ഇവിടെ നന്നായി ജീവിക്കുന്നുണ്ട്. കൂടുതല്‍ അവസരങ്ങളാണ് ഞങ്ങള്‍ക്കിവിടെ ഉള്ളത്- സൂര്യ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]