
ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് ജേതാവ് ചലച്ചിത്രതാരം ഇന്ദ്രന്‍സ് സംസാരിക്കുന്നു
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കെത്തന്നെ അങ്ങയുടെ ആത്മകഥയ്ക്ക് ഈ പുരസ്കാര നേട്ടം കൈവന്നതിൽ എന്തു തോന്നുന്നു ?
ശരിക്കും ഇപ്പോഴും അത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. അവാർഡിന്റെ വലുപ്പവും മറ്റും ആലോചിക്കുമ്പോൾ ഒരു സ്വപ്നംപോലെ തോന്നുന്നു. വലിയ അഭിമാനമുണ്ട്.
ചെറുകാടിന്റെ കൃതികളിൽ താത്പര്യം തോന്നിയിട്ടുള്ളവ ഏതൊക്കെയാണ് ?
നാടകങ്ങൾ വായിച്ചിട്ടുണ്ട്. ‘ജീവിതപ്പാത’ ഈയടുത്താണ് വായിച്ചുതുടങ്ങിയത്. ഒരു ദേശമാണ് എന്നെ കഥാകാരനാക്കിയത് എന്ന അദ്ദേഹത്തിന്റെ പരാമർശം ഏറെ സ്വാധീനിച്ചു. ചുറ്റുപാടുമുള്ള കാര്യങ്ങൾ പകർത്തിയെഴുതുക മാത്രമാണ് ഞാനും ചെയ്തത്.
പതിറ്റാണ്ടുകളായി സിനിമയുടെ പിന്നണിയിലും മുന്നണിയിലുമായിട്ടുണ്ടല്ലോ ?
വസ്ത്രാലങ്കാരമായിരുന്നു സിനിമയിലെ ആദ്യ ജോലി. കഠിനമായിരുന്നു അത്. നല്ല തയ്യൽക്കാരനായതുകൊണ്ടാണ് വിജയിക്കാനായത്. അതിൽ സംതൃപ്തനായിരുന്നു. വസ്ത്രാലങ്കാരം ഇന്ദ്രൻസ് എന്നെഴുതിക്കാണിക്കുന്നത് തന്നെ അതിശയമായിരുന്നു. ഇന്നോളം അത്തരം അതിശയങ്ങൾ എന്റെ കൂടെയുണ്ട്.
അഭിനയമോഹം, കോമഡിയിൽനിന്ന് ട്രാക്ക് മാറ്റം. സിനിമയിലെത്തിയതും തുടർന്നുള്ള അനുഭവങ്ങളും എങ്ങനെ ?
അഭിനയിക്കാനുള്ള മോഹം എന്നുമുണ്ടായിരുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ താനതിന് ശരിയാകുമോ എന്ന സംശയം വരും. എം.പി. സുകുമാരൻ നായരുമായുള്ള അടുപ്പം ശരീരഭാഷ നിയന്ത്രണം പഠിപ്പിച്ചു. പിന്നീട് അടൂർ, ടി.വി. ചന്ദ്രൻ എന്നിവരിലേക്കെത്തി. ‘കഥാവശേഷൻ’ മുതൽ ആത്മവിശ്വാസമായി. കരഞ്ഞാലും അത് കോമഡിയായിക്കാണുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു.
ആത്മാംശമുള്ള സിനിമയാണ് ‘ഹോം’ എന്ന് പറഞ്ഞിരുന്നു ?
ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ ജീവിതാവസ്ഥകൾ ഹോം എന്ന സിനിമയിലുണ്ട്. സംവിധായകന് വഴക്കിയെടുക്കാൻ പാകത്തിൽ ഞാൻ നിന്നുകൊടുത്തു.
പുതിയ കാലത്തെ ചില സിനിമ ആശയങ്ങൾ സാമൂഹികവിരുദ്ധമാണോ ?
നമ്മൾ പറയുന്ന ഒതുക്കം, അല്ലെങ്കിൽ മൂടിവെക്കൽ എന്നത് ഇന്നില്ല. മിമിക്രിയിലും സിനിമയിലുമൊക്കെ ആ പ്രവണതയുണ്ട്. നെറ്റി ചുളിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്. പക്ഷേ, എതിർപ്പ് പ്രകടിപ്പിച്ചാൽ നമ്മളെ പഴഞ്ചനാക്കും.
ടൈപ്പ് കഥാപാത്രങ്ങളായിരുന്നു ഒരു കാലത്ത് ?
ഞാൻ ചെയ്ത് വിജയിച്ച സിനിമ, കഥാപാത്രം, ശബ്ദം തുടങ്ങിയവയുടെ ശൈലി വേണമെന്ന് ആവശ്യപ്പെടാറുണ്ട്. സെലക്ടീവാകാൻ ശ്രമിച്ചാൽ പിന്നെ വേഷങ്ങൾ കിട്ടാതാകും. ആളുകൾ മറന്നുപോകും. വ്യത്യസ്തങ്ങളായവ തേടിയെത്തുമെന്ന വിശ്വാസമുണ്ട്.
ആശങ്കകൾ, പുതിയ സമവാക്യങ്ങൾ..എന്തൊക്കെയാണ് ?
നിരാശയില്ല. കാര്യങ്ങൾ ഉൾക്കൊള്ളാനും ചെയ്യാനും പുതിയ തലമുറയ്ക്കാകുന്നുണ്ട്. ഭാവിയിൽ തിയേറ്ററുകൾ അന്യം നിന്നു പോകുമോ എന്ന ആശങ്കയുണ്ട്. ഹൃദയബന്ധങ്ങൾ പ്രമേയമാക്കിയ സിനിമകൾ വിജയം കാണുന്നുണ്ടെങ്കിലും അവ കൂടുതലായി വരുന്നില്ല. ഒരു ചെറിയ വിഷയം മാത്രം ആസ്പദമാക്കി കഥ പറയുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]