മോശം ഭക്ഷണം വിളമ്പിയ എയർ ഇന്ത്യയുടെ നടപടിയെ വിമർശിച്ച് തന്റെ പൂർവവിദ്യാർഥിയായ യുവതി ചെയ്ത പോസ്റ്റ് ഷെയർ ചെയ്ത് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ച് നടൻ അനുപം ഖേർ. എയർ ഇന്ത്യ വിമാനത്തിൽ തനിക്ക് ലഭിച്ച ഓംലെറ്റിൽ പാറ്റയെ കണ്ടെത്തിയത് ചൂണ്ടിക്കാണിച്ചുകൊണ്ട് സുയേഷ സാവന്ത് എന്ന യുവതി എക്സിൽ പങ്കുവെച്ച പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്. സംഭവത്തിൽ ഉചിതമായ നടപടിയെടുക്കണമെന്ന് നടൻ ആവശ്യപ്പെട്ടു.
ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്ക് രണ്ടുവയസുള്ള കുട്ടിക്കൊപ്പം പോവുകയായിരുന്നു സുയേഷ സാവന്ത്. യാത്രയ്ക്കിടെയാണ് കുഞ്ഞിനുവേണ്ടി ഓംലെറ്റ് ഓർഡർചെയ്തത്. കുട്ടി ഓംലെറ്റ് ഏകദേശം പകുതി കഴിച്ചുകഴിഞ്ഞപ്പോഴാണ് ഭക്ഷണത്തിനുള്ളിൽ പാറ്റയെ കണ്ടതെന്ന് സുയേഷ എക്സിൽ പോസ്റ്റ് ചെയ്തു. കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും അവർ കുറ്റപ്പെടുത്തി. ഭക്ഷണത്തിന്റെ വീഡിയോയും ചിത്രങ്ങളും സഹിതമായിരുന്നു യുവതിയുടെ പോസ്റ്റ്. ഈ പോസ്റ്റാണ് അനുപം ഖേർ പങ്കുവെച്ചത്.
“പ്രിയപ്പെട്ട എയർ ഇന്ത്യക്ക്, എയർ ഇന്ത്യ ഉൾപ്പെടെ ഇന്ത്യയെക്കുറിച്ചുള്ള എന്തും എനിക്കിഷ്ടമാണെന്ന് നിങ്ങൾക്കെല്ലാവർക്കുമറിയാം. അനുപം ഖേർ ആക്ടർ പ്രിപ്പയേഴ്സിലെ എന്റെ പൂർവവിദ്യാർഥിയാണ് സുയേഷ സാവന്ത്. എടുത്തുചാടി പരാതി പറയുന്ന ആളല്ല ഇവർ. സ്വന്തം കുഞ്ഞിന് ഇങ്ങനെ സംഭവിച്ചതിനാൽ വലിയ മാനസികാഘാതത്തിലൂടെ കടന്നുപോയിരിക്കും അവർ. മാനുഷികമായി സംഭവിക്കുന്ന പിശകാണിതെന്ന് താൻ മനസിലാക്കുന്നു.”
ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നാണെന്നാണ് താൻ എയർ ഇന്ത്യയേക്കുറിച്ച് വിശ്വസിക്കുന്നത്. സുയേഷയുടെ വിശ്വാസം വീണ്ടെടുക്കാൻ അവരുടെ മടക്കയാത്ര സുഖകരവും സവിശേഷവുമാക്കാനുള്ള നടപടികൾ വിമാനക്കമ്പനി സ്വീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അനുപം ഖേർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]