2023-ൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളിൽ ഏറെ വിവാദങ്ങളും സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും നേരിടേണ്ടിവന്ന ചിത്രമാണ് പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനംചെയ്ത ആദിപുരുഷ്. ചിത്രത്തിലെ ഒരു സംഭാഷണം ഏറെ വിവാദമായിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംഭാഷണ രചയിതാവായ മനോജ് മുന്താഷിർ. ജീവിതത്തിൽ ഒന്നും ശാശ്വതമല്ലെന്ന് അനുഭവങ്ങൾ തന്നെ പഠിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ പങ്കെടുക്കുമ്പോഴാണ് ആദിപുരുഷ് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മനോജ് മുന്താഷിർ മനസുതുറന്നത്. വിവാദങ്ങളുയർന്നപ്പോൾ പൊട്ടിക്കരഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ ഒന്നും സ്ഥിരമല്ലെന്ന് തനിക്ക് മനസിലാവും. ഇന്നുള്ളത് ചിലപ്പോൾ നാളെയുണ്ടാവില്ല. ഇന്ന് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ അടുത്തദിവസം മോശമായി വന്നേക്കാമെന്ന് പഠിക്കാൻകഴിഞ്ഞുവെന്നും മനോജ് പറഞ്ഞു.
“ഒരുദിവസം മോശമായി തോന്നിയ കാര്യം തൊട്ടടുത്ത ദിവസം വീണ്ടും നല്ലതായി വന്നേക്കാം. അതുകൊണ്ട് ഞാനൊരിക്കലും നിർത്തി പിൻവാങ്ങുകയോ ആരുടെ മുന്നിലും തല കുനിക്കുകയോ ചെയ്തില്ല. അതേസമയം രാപകലില്ലാതെ അധ്വാനിക്കുകയും ചെയ്തു. ബോളിവുഡ് ഒരു കച്ചവടകേന്ദ്രമാണ്. അവിടെ നിയമങ്ങളില്ല. ഉള്ള നിയമം ലാഭം നേടുക എന്നതുമാത്രമാണ്. എൻ്റെ അടുക്കൽ വരുന്നത് പ്രയോജനകരമാണെന്ന് അവർ കണ്ടെത്തുമ്പോൾ, അവർ വരും. അവർ ഇതിനകം വന്നുകൊണ്ടിരിക്കുകയാണ്.” മനോജ് മുന്താഷിർ കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ആദിപുരുഷ് വിവാദവുമായി ബന്ധപ്പെട്ട് മനോജ് മുന്താഷിർ പ്രതികരിക്കുന്നത്. സ്വന്തം എഴുത്ത് ഗംഭീരമാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കുന്ന വ്യക്തിയല്ല താനെന്നും അതൊരു 100 ശതമാനം തെറ്റായിരുന്നുവെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. പക്ഷേ അതൊന്നും മനപൂര്‍വ്വമായിരുന്നില്ല. സനാതന ധര്‍മ്മത്തെയോ മതത്തെയോ ഭഗവാന് ശ്രീരാമനെയോ മോശമാക്കി കാണിക്കാന്‍ വേണ്ടിയോ ചെയ്തതല്ല. ഒരു മതത്തെ മനപൂര്‍വ്വം മോശമാക്കി കാണിക്കാന്‍ തനിക്കൊരിക്കലും സാധിക്കില്ല. ആദിപുരുഷില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിച്ചു. ഇനി മുന്നോട്ടുള്ള യാത്രയില്‍ ഏറെ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാമായണ കഥയെ അടിസ്ഥാനമാക്കിയാണ് ‘ആദിപുരുഷ്’ നിർമിച്ചത്. പ്രഭാസ് രാമനായും സെയ്ഫ് അലിഖാൻ രാവണനായും കൃതി സനോൺ സീതയായുമെത്തി. സണ്ണി സിംഗ് നിജ്ജർ ആണ് ലക്ഷ്മണനായെത്തിയത്. ദേവ്ദത്ത് നാഗേ ഹനുമാന്റെ വേഷവും അവതരിപ്പിച്ചു. 500 കോടി ചെലവിൽ നിർമിച്ച ചിത്രം ഏറ്റവുമുയർന്ന മുതൽമുടക്കുള്ള ഇന്ത്യൻ ചിത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]