സിനിമ ഇറങ്ങിക്കഴിഞ്ഞശേഷം മറ്റുതാരങ്ങളെയെല്ലാം നിഷ്പ്രഭരാക്കുന്ന, അല്ലെങ്കിൽ എല്ലാവരേക്കാളും മുകളിൽ നിൽക്കുന്ന പ്രകടനം കാഴ്ചവെച്ച് കയ്യടി വാങ്ങുന്ന ചിലരുണ്ട്. നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത എ.ആർ.എം എന്ന ചിത്രം എത്തിയത് ടൊവിനോയുടെ ട്രിപ്പിൾ റോൾ എന്ന പ്രത്യേകതയുമായാണെങ്കിൽ ചിത്രം ഇറങ്ങിയശേഷം ഏവരുടേയും ശ്രദ്ധപതിഞ്ഞത് ആ ചിത്രത്തിലെ മൂന്നുനായികമാരിലേക്കാണ്. പ്രത്യേകിച്ച് സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം എന്ന കഥാപാത്രത്തിലേക്ക്. എല്ലാവരും വെറുത്തപ്പോഴും പേടിച്ചപ്പോഴും മണിയനായിരുന്നു മാണിക്യത്തിന്റെ ലോകം. മാണിക്യം മാത്രമാണ് മണിയനെ മനസിലാക്കിയുള്ളൂ. മാണിക്യത്തിനേറ്റ അപമാനത്തിൽനിന്നാണ് മണിയൻ തന്റെ വിശ്വരൂപം പുറത്തെടുക്കുന്നത്. കള്ളൻ മണിയന് ഒപ്പം നിൽക്കുന്ന സ്ത്രീസാന്നിധ്യമായി നിറഞ്ഞാടുകയായിരുന്നു സുരഭി. പ്രണയവും അപമാനവും പ്രതികാരവും കൂടിച്ചേർന്ന മാണിക്യത്തേക്കുറിച്ചും കരിയറിൽവന്ന മാറ്റങ്ങളേക്കുറിച്ചും സുരഭി സംസാരിക്കുന്നു…
എ.ആർ.എമ്മിന് കിട്ടിയ സ്വീകാര്യതയും വിജയവും
ഇത്രയും സ്വീകാര്യതയും വിജയവും പ്രതീക്ഷിച്ചിരുന്നില്ല. നല്ല ചിത്രമായിരിക്കുമെന്ന് തിരക്കഥ വായിച്ചപ്പോൾ തോന്നിയിരുന്നു. ടൊവിനോ തോമസ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പിന്നിൽ പ്രവർത്തിച്ചവരിൽ സംവിധായകൻ ജിതിൻ ലാലും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരും മാത്രമാണ് പുതുമുഖങ്ങൾ. ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ആർട്ട് ചെയ്ത ഗോകുൽ ദാസ്, സംഗീത സംവിധായകൻ ദിബു നൈനാൻ, നായികമാരായ ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നൊക്കെ പറയുമ്പോൾ നമുക്ക് തോന്നുന്ന വലിപ്പമുണ്ടല്ലോ. പിന്നെപ്പിന്നെ ഈ സിനിമ വലുതായി വരികയായിരുന്നു. നല്ലൊരു വേഷം ചെയ്യാനുള്ള ഭാഗ്യമുണ്ടായി.
മാണിക്യത്തിലേക്ക് എത്തിയ കഥ
മാണിക്യത്തേക്കുറിച്ച് ജിതിനാണ് ആദ്യം സംസാരിച്ചത്. മാണിക്യം എന്നൊന്നുമായിരുന്നില്ല ആദ്യം പറഞ്ഞത്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ജിതിൻ. അന്നുമുതലേയുള്ള പരിചയമാണ്. അന്നൊക്കെ കാണുമ്പോൾ ഞാൻ ചോദിക്കും എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കിൽ എന്നെയും വിളിക്കണേ എന്ന്. ഉറപ്പായിട്ടും വിളിക്കും എന്ന് അവൻ പറയും. ബ്രോ ഞാനൊരു പടം എടുക്കാൻ പോവുകയാണ്, ബ്രോയ്ക്ക് ഒരു വേഷമുണ്ടെന്നാണ് ജിതിൻ വിളിച്ചിട്ട് പറഞ്ഞത്. പിന്നെ എന്റെ കാര്യം ഗായകൻ ഹരിശങ്കറും പറഞ്ഞിരുന്നു. പദ്മയൊക്കെ ഹരിയും കണ്ടിരിക്കണം. മലയാളത്തിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത താരജോഡിയായിരിക്കണം ചിത്രത്തിലെന്ന് സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും നിർബന്ധമുണ്ടായിരിക്കണം. സുരഭി-ടൊവിനോ തോമസ് ജോഡി എന്ന ചിന്ത ഇതുവരെ ആർക്കും തോന്നിയിട്ടില്ലെന്നാണ് മനസിലാകുന്നത്. ഈ ജോഡി ശരിയാവുമോ എന്ന് എന്നോട് പറഞ്ഞവരുണ്ട്. ഭക്ഷണത്തിൽപ്പോലും ആളുകൾ പുതുരുചികൾ പരീക്ഷിക്കുന്ന കാലമാണെന്ന് ഞാനും പറഞ്ഞു.
മാണിക്യം ആവാനുള്ള തയ്യാറെടുപ്പുകൾ
ഈ ജോഡിയേക്കുറിച്ചുള്ള കൃത്യമായ ധാരണ ജിതിനും സുജിത്തേട്ടനും ഉണ്ടായിരുന്നു. സുരഭി എന്ന നടിയിൽ അവർക്ക് നല്ല ധൈര്യമുണ്ടായിരുന്നു. അത് കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. മാണിക്യം എന്ന കഥാപാത്രം എനിക്ക് കിട്ടിയതിൽ ടൊവിനോ തോമസ് എന്ന നടനോടും വലിയ നന്ദിയുണ്ട്. വലിയ പിന്തുണയാണ് അദ്ദേഹത്തിൽനിന്ന് ലഭിച്ചത്. മാണിക്യമാവാൻ എനിക്ക് പറ്റും എന്ന് ടൊവിനോയ്ക്കും ആത്മവിശ്വാസമുണ്ടായിരുന്നു. പേരിൽത്തന്നെ മാണിക്യമുള്ള കഥാപാത്രമാണിത്. മാണിക്യത്തെ പഠിക്കുന്നതിനുമുൻപ് ആദ്യം മണിയനെ പഠിക്കണം. മണിയൻ അത്ര ചില്ലറക്കാരനല്ല. മാണിക്യത്തിന് എന്തെങ്കിലും സംഭവിക്കുന്നത് മണിയൻ സഹിക്കില്ല. ഇവർ നിസാരക്കാരിയല്ല.
മാണിക്യമാവാൻ തിയേറ്റർ സഹായിച്ചു
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കളരി പഠിച്ചു. ഒരു നടി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തുന്നതിൽ തിയേറ്ററിന് ഒരുപാട് പങ്കുണ്ട്. തിയേറ്റർ അധ്യാപകനായിട്ടുള്ള വിനോദ്കുമാർ സാറിന്റെയും ജ്യോതിഷിന്റേയുമെല്ലാം നേതൃത്വത്തിലുള്ള ശില്പശാലകളിൽ പങ്കെടുക്കാറുണ്ട്. മാണിക്യം എന്ന കഥാപാത്രം വന്നപ്പോൾ തിയേറ്റർ എന്നെ ഒരുപാട് സഹായിച്ചു. ഒരു കഥാപാത്രത്തെ എങ്ങനെ സമീപിക്കണം, അവരുടെ മാനസികതലത്തിലൂടെ എങ്ങനെ സഞ്ചരിക്കണം എന്നീ കാര്യങ്ങളിലെല്ലാം എപ്പോഴും സഹായിക്കുന്നത് തിയേറ്റർ തന്നെയാണ്. കളരി മുറകളൊന്നും സിനിമയിൽ ചെയ്യുന്നില്ലെങ്കിലും നോട്ടത്തിലുള്ള തീക്ഷ്ണതയും മറ്റും കൃത്യമായി ചെയ്യാൻ ഈ തയ്യാറെടുപ്പുകൾ സഹായിച്ചു. ടൊവിനോയും ഒരു പരീശീലകന്റെ കീഴിൽ അഭ്യസിച്ചിരുന്നു.
മിന്നാമിനുങ്ങും പദ്മയും കരിയറിലുണ്ടാക്കിയ മാറ്റങ്ങൾ
എന്റെ സുഹൃദ് വലയത്തിൽനിന്ന് പുറത്തുനിന്നൊരാൾ, അനൂപ് മേനോൻ വിളിച്ചുതന്ന വേഷമാണ് പദ്മയിലേത്. എന്റെ കഥാപാത്രത്തിന്റെ പേരിലുള്ള സിനിമയായിരുന്നു അത്. പിന്നെ ഇടയ്ക്ക് കള്ളൻ ഡിസൂസയും ചെയ്തിരുന്നു. പക്ഷേ വാണിജ്യസിനിമ എന്ന രീതിയിൽ വഴിത്തിരിവായത് എ.ആർ.എം ആണ്. സുരഭിലക്ഷ്മി എന്ന നടിക്ക് ദേശീയ പുരസ്കാരം കിട്ടി എന്ന് എല്ലാവർക്കും അറിയാം. പക്ഷേ എ.ആർ.എം എന്ന ചിത്രമാണ് എല്ലാവരും കണ്ട് ആസ്വദിച്ച ചിത്രം. ഓരോ ഷോ കഴിയുമ്പോഴും കോളുകൾ വന്നുകൊണ്ടേയിരിക്കുകയാണ്.
നായികയാവണം എന്ന മനപൂർവമായ ആഗ്രഹവും ശ്രമവും ഉണ്ടായിരുന്നോ?
നായികയാവണം എന്നതായിരുന്നില്ല ചിന്ത. നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നമ്മുടെ കഥാപാത്രത്തെ കള്ളത്തരമില്ലാതെ ഏറ്റവും ആത്മാർത്ഥമായി സമീപിക്കുകയും ചെയ്യുക എന്നതുമാത്രമേ ഓരോ സിനിമയിലും ഞാൻ ചെയ്തിട്ടുള്ളൂ. നായികയ്ക്കപ്പുറം ഏത് കഥാപാത്രവും അനായാസം ചെയ്യാൻ കഴിയുന്ന നടിയെന്ന നിലയിൽ വളരാനാണ് ശ്രമിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കാം മാണിക്യമെന്ന കഥാപാത്രവും എന്നിലേക്ക് വന്നത്.
പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള റോളുകൾ ചെയ്തതുകൊണ്ട് മുതിർന്ന നടി എന്നൊരു ഇമേജ് ഉണ്ടായിരുന്നോ?
തീർച്ചയായും ഉണ്ട്. രണ്ട് വലിയ മക്കളുടെ അമ്മയായാണ് സീരിയലിൽ വന്നത്. കുമാരിയിലും വ്യത്യസ്ത വേഷമായിരുന്നു. നന്നായി ചെയ്യുക എന്നതിനാണ് അവിടേയും പ്രാധാന്യം കൊടുത്തത്. തുടക്കംതൊട്ടേ പ്രായത്തിൽക്കവിഞ്ഞ പക്വതയുള്ള റോളുകൾ ചെയ്തതുകൊണ്ട് ആളുകളുടെ മനസിൽ സ്ക്രീൻ ഏജ് കുറച്ച് കൂടുതലാണ്. അവാർഡ് കിട്ടിയശേഷം ചാൻസ് ചോദിച്ച് പലരേയും ബന്ധപ്പെട്ടിരുന്നു. നായികയാക്കാനാവില്ല എന്നാണ് കിട്ടിയ മറുപടി. പക്ഷേ അവിടെയാണ് ജിതിൻ ലാൽ വ്യത്യസ്തനാവുന്നത്. ഇങ്ങനെയൊരു കഥാപാത്രം എന്നെ അദ്ദേഹം ആത്മവിശ്വാസത്തോടെ ഏൽപ്പിച്ചു. ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തിന് വന്നു. ടൊവിനോയുടെ കഴിവുകൾ ഇത്രയേറെ പുറത്തുകൊണ്ടുവന്ന വേറൊരു സംവിധായകനില്ല.
നല്ല ക്ഷമാശീലം ഉള്ളയാളാണോ?
ജോലിപരമായി നന്നായി ക്ഷമിച്ചുനിൽക്കുന്നയാളാണ്. കഥാപാത്രത്തെ പിടികിട്ടാൻ ഏതറ്റംവരെയും പോകാനുള്ള ക്ഷമയും എനിക്കുണ്ട്. ജീവിതത്തിൽ ഭയങ്കര ചിട്ട പാലിക്കാറുണ്ട്. എന്റെ മുത്തശ്ശിയുടെ സ്വഭാവമാണത്.
പുതിയ ചിത്രങ്ങൾ
ആഷിഖ് അബുവിന്റെ റൈഫിൾ ക്ലബാണ് പുതിയ ചിത്രം. വലിയ താരനിരയാണ് അതിൽ. ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബിയിലും വേഷമിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]