ആഴ്ചയിലൊരിക്കല്‍ തിരുവല്ലയില്‍നിന്ന് കോട്ടയം രാജ്മഹാള്‍ തിയേറ്ററിലെത്തി ഇംഗ്ളീഷ് സിനിമകള്‍ കണ്ടിരുന്ന ഗീവര്‍ഗീസ് ജോര്‍ജെന്ന കൗമാരക്കാരന്. പിന്നീട് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിച്ച് എത്തുമ്പോള്‍ കെ.ജി.ജോര്‍ജെന്ന് പേരില്‍ മാറ്റംവന്നെങ്കിലും കോട്ടയത്തിന്റെ സിനിമാചര്‍ച്ചകളിലും കാഴ്ചകളിലും നിറഞ്ഞുനിന്നു.
ജി.അരവിന്ദന് ‘കോട്ടയം ഫിലിം സൊസൈറ്റി’ രൂപവത്കരിച്ചപ്പോഴും ഭാഗമായി. പല സിനിമകളിലും കോട്ടയം ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറിന്റെ ജീവിതം കടമെടുത്തു. ഏറ്റവും പ്രശസ്തമായ ‘ഇരകള്‍’ എന്ന സിനിമയുടെ പശ്ചാത്തലം കാഞ്ഞിരപ്പള്ളിയിലെ റബ്ബര്‍ത്തോട്ടത്തിന്റെ ആഡംബരജീവിതമാണ്. ഒരു പ്രമുഖ ധനിക ക്രിസ്തീയകുടുംബപശ്ചാത്തലത്തിലാണ് സിനിമ. കാശുകൊണ്ടും സ്വാധീനംകൊണ്ടും എന്തും നേടാമെന്ന് കരുതുന്ന റബ്ബര്‍ മുതലാളി പാലക്കുന്നേല്‍ മാത്യു എന്ന മാത്തുക്കുട്ടിയുടെ സുഖകരമല്ലാത്ത കുടുംബാന്തരീക്ഷത്തിലെ ഒരുകൂട്ടം കഥാപാത്രങ്ങള്‍. പണവും അധികാരവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ജീവിതം തകര്‍ന്നുവീഴുന്ന കാഴ്ചയില്‍ ഇരയും വേട്ടക്കാരനും ഒരാള്തന്നെയാകുന്ന ഈ കഥാംശം, ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത ടി.വി.യില്‍ കണ്ടപ്പോഴാണ് തോന്നിയതെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഈ സിനിമ ചെയ്യുന്നതിന് ഒരുവര്ഷംമുന്പ് തിയേറ്ററിലെത്തിയ ‘പഞ്ചവടിപ്പാലം’ ചിത്രീകരിച്ചത് കോട്ടയത്താണ്. ആ സിനിമയുടെ കഥ കണ്ടെത്തിയതുമുതല്‍ കോട്ടയംബന്ധം ആരംഭിക്കുന്നു. ഹാസസാഹിത്യകാരനായ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’ എന്ന കഥയെ അധികരിച്ചുള്ള സിനിമയില്‍ ‘ഐരാവതക്കുഴി’ പഞ്ചായത്തില്‍ കഥാപാത്രത്തോളം പ്രാധാന്യമുള്ള രണ്ട് പാലമുണ്ട്.
ഒരു പാലം പണിതത് കാട്ടയം കുമരകത്തിനടുത്തുള്ള കവണാറ്റിന്‍കരയില്‍. ഇതാണ് സിനിമയില്‍ ഉദ്ഘാടനദിവസം തകര്ന്നുവീഴുന്നതായി ചിത്രീകരിച്ചത്. മഴ പെയ്തതോടെ ചളിയില്‍ ആഴ്ന്ന് പാലത്തിന് നല്ല ബലമായി. മഴയും വള്ളപ്പൊക്കവുംകാരണം ഷൂട്ടിങ് നീണ്ടതോടെ പാലം നാട്ടുകാര്‍ ഉപയോഗിച്ചുതുടങ്ങി. ഷൂട്ടിങ് ദിവസം പാലം പൊളിക്കുന്നതിന് നാട്ടുകാര്‍ എതിരായപ്പോള്‍, അന്ന് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേഷ് കുറുപ്പ് ഇടപെട്ടു. ”അവസാനം പാര്ട്ടിപ്രതിനിധികളില് പലരും നാട്ടുകാരോട് സംസാരിച്ചാണ് പാലം പൊളിക്കാന്‍ സമ്മതിപ്പിച്ചത്” -സുരേഷ് കുറുപ്പ് ഓര്‍ക്കുന്നു.
”പാലാരിവട്ടം മേല്‍പ്പാലം പഞ്ചവടിപ്പാലപോലെയായല്ലോ”?… എന്ന ഹൈക്കോടതിയുടെ പരിഹാസപരാമര്ശത്തോടെ, അടുത്തയിടെ പഞ്ചവടിപ്പാലം വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയത് 1984-സെപ്റ്റംബര്‍ 28-ന്. 2020 സെപ്റ്റംബര്‍ 28-നാണ് പാലാരിവട്ടം പാലം പൊളിക്കാന്‍ തുടങ്ങിയതെന്നതും യാദൃച്ഛികത.
അതേ യാദൃച്ഛികത സംവിധായകന്റെ വിടവാങ്ങലിലും. ഓര്‍മയാകുന്നത് അതേപോലൊരു സെപ്റ്റംബറില്‍; 28-ന് നാലുനാള്‍ മുന്‍പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]