കൊച്ചി: സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിൽ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ലെന്നും വീണ്ടും മൊഴിനൽകണമെന്ന് പറയുന്നത് ഇരകളെ അപമാനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ നിയോഗിച്ച് കമ്മിറ്റിക്ക് മുൻപാകെ ഇരകൾ കൊടുത്തിരിക്കുന്ന ആധികാരിക മൊഴികളും തെളിവുകളും സംബന്ധിച്ച് ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടിലാണ് സർക്കാരെന്നും അദ്ദേഹം വിമർശിച്ചു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ സീനിയർ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇറക്കിയ പത്രക്കുറിപ്പിൽ ഹേമ കമ്മിറ്റി എന്നൊരു വാക്ക് പോലുമില്ല.
റിപ്പോർട്ടിൽ അന്വേഷണം നടത്താൻ എന്താണ് തടസമെന്നാണ് കേടതിയും ചോദിച്ചിരിക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇരകൾ വീണ്ടും മൊഴി നൽകണമെന്ന് പറയുന്നതും അവരെ അപമാനിക്കലാണ്. ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
അന്വേഷണത്തിന് നിയോഗിച്ച വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മുകളിൽ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥരെ വച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ വെച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീപീഡന കേസുകൾ അന്വേഷിച്ചതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്രയും ഗുരുതര ആരോപണം ഉണ്ടായിട്ടും പ്രതികളെ എന്തുവില കൊടുത്തും രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 199 അനുസരിച്ച് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെങ്കിൽ കുറ്റകരമാണ്. ആ കുറ്റകൃത്യമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചെയ്തിരിക്കുന്നത്. റിപ്പോർട്ടിൽ കൃത്രിമം കാട്ടുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്തതിലൂടെ ഗുരുതര സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജി വയ്ക്കാൻ തയാറായില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
രഞ്ജിത്തും സിദ്ധിഖും രാജിവെച്ചത് മറ്റുള്ളവരും പിന്തുടരുന്നതാണ് നല്ലത്. മുകേഷും രാജിവെക്കുമെന്നാണ് കരുതുന്നത്. മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അവഹേളിച്ച ധർമ്മജന്റെ നിലപാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്താൽ സി.പി.എമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് ഞങ്ങളുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക്സിൽ കേരളത്തിന് അഭിമാനമായ ശ്രീജേഷിന് നൽകാനിരുന്ന സ്വീകരണം മാറ്റിയതും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേരളത്തിന് അഭിമാനമായി മാറിയ ശ്രീജേഷിനെയാണ് സർക്കാർ അപമാനിച്ചത്. വിദ്യാഭ്യാസ വകുപ്പും സ്പോർട് വകുപ്പും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സ്വീകരണം മാറ്റിയത്. കുടുംബവുമായി ശ്രീജേഷ് തിരുവനന്തപുരത്തേക്ക് എത്തുന്നതിനിടെയാണ് പരിപാടി മാറ്റിയെന്ന് അറിയിച്ചത്. ഒളിമ്പിക് മെഡൽ നേടിയ താരത്തെ ഇങ്ങനെ അപമാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]