
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ടുള്ള ആരോപണ-പ്രത്യാരോപണങ്ങൾ അവസാനിക്കുന്നില്ല. ഈ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് കോടതി നാടകങ്ങളാണെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.
ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുകയാണ്. ഇത്തരം വാർത്തകളിലൂടെ താൻ തെറ്റുകാരനല്ലെന്ന് വരുത്തി തീർക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ലക്ഷ്യമെന്നും വിനയൻ ഫെയ്സ്ബുക്കിൽ എഴുതി.
മറ്റൊരു നടപടി ഉണ്ടായില്ലങ്കിലും ഇനിയുള്ള അവാർഡുദാന ചടങ്ങിൽ നിന്നും ചലച്ചിത്രമേളകളിൽ നിന്നും കളങ്കിതനെന്ന് ആരോപണം ഉയർന്ന ചെയർമാനെ മാറ്റിനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് വിനയൻ ആവശ്യപ്പെട്ടു. ധാർമ്മികതയുടെ പേരിലാണങ്കിലും നിയമപരമായിട്ടാണങ്കിലും തെറ്റുചെയ്തു എന്ന് പകലുപോലെ വ്യക്തമായ സാഹചര്യത്തിൽ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെയ്ക്കുന്നതാണ് മാന്യത എന്നാണ് താൻ അന്നും ഇന്നും പറയുന്നതെന്ന് വിനയൻ പറഞ്ഞു.
കോടതിയിൽ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാർഡുകൾ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ താനൊരിടത്തും പറഞ്ഞിട്ടില്ല. ഒരു നിലപാടെടുത്താൽ യാതൊരു കാരണവശാലും താനതിൽനിന്നു മാറുകയില്ല എന്ന് തന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കൾക്കറിയാം.
ജൂറി മെമ്പർമാരുടെ വോയിസ് ക്ലിപ്പ് ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല അതിനു പോകാതിരുന്നത്. അക്കാദമി ചെയർമാൻ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് താൻ കരുതിയതെന്നും വിനയൻ പറഞ്ഞു.
‘സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങൾ നടത്തി നിയമത്തിൻെറ കണ്ണിൽ പൊടിയിട്ട് ആ പബ്ലിസിറ്റിയിൽ രക്ഷപെടാനുള്ള ശ്രമം മറു പക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക.
ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ.
ഇന്ന് സുപ്രീംകോടതിയിൽ ചെല്ലുമ്പോൾ അവിടെ തടസ്സ ഹർജി കൊടുത്തു എന്നു കൂടി വാർത്തവന്നാൽ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കിൽ അതിൽ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എൻെറ ആവശ്യമാണ്. അക്ഷന്തവ്യമായ തെറ്റാണ് രഞ്ജിത്തിൻെറ ഭാഗത്തു നിന്നും ഉണ്ടായത് എന്ന കാര്യത്തിൽ കേരളത്തിൽ സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും സംശയമുണ്ട് എന്നെനിക്കു തോന്നുന്നില്ല.
രഞ്ജിത്തിൻെറ നാളുകളായുള്ള മൗനവും അതിനെ ശരിവെയ്ക്കുന്നതാണല്ലോ?’ വിനയൻ ചൂണ്ടിക്കാട്ടി. ഈ വാർത്ത വന്നതിനു ശേഷം കഴിഞ്ഞപ്രാവശ്യത്തെ അവാർഡു നിർണ്ണയത്തിലും രഞ്ജിത് ഇടപെട്ടു എന്നും ഇഷ്ടക്കാർക്ക് അവാർഡ് വാങ്ങിക്കൊടുത്തു എന്നും ചലച്ചിത്ര മേഖലയിലെ തന്നെ പല വ്യക്തികളും തന്നെ വിളിച്ചു പറഞ്ഞു.
എന്നാൽ അത്തരം കേട്ടു കേൾവികളൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ ഇവിടെ ശക്തമായ തെളിവുകളുണ്ട്.
വ്യക്തിവൈരാഗ്യവും പകയുമൊന്നും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം. മറ്റൊരു നടപടി ഉണ്ടായില്ലങ്കിലും ഇനിയുള്ള അവാർഡുദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവലിലും ഒക്കെ കളങ്കിതനെന്ന് ആരോപണം ഉയർന്ന ഈ ചെയർമാൻ പങ്കെടുക്കുന്നത് ഒട്ടും ഉചിതമല്ല.
അതു പ്രതിഷേധാർഹമാണ്. അതിനുള്ള നീതി പൂർവ്വമായ തീരുമാനം ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് വിനയൻ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]