തൃശ്ശൂർ: താനൊരു ഇമോഷണൽ ബീസ്റ്റാണെന്നും ട്രോളൻമാർക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും നടൻ സുരേഷ് ഗോപി. പ്രതീക്ഷ ഫൗണ്ടേഷനും മുംബൈ വസായിയും ചേർന്ന് സംഘടിപ്പിച്ച ട്രാൻസ്ജെൻഡേഴ്സ് ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതു പറയുമ്പോൾ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ട്രോളുമെന്നറിയാം. എന്നാൽ, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തും. വേട്ടയാടപ്പെടുന്നേയെന്ന നിലവിളി കേൾക്കുന്നുണ്ട്. വേട്ടയാടുന്നവരെയും വേട്ടയാടപ്പെടുന്നവരെയും കാണുന്നവർക്ക് നന്നായി അറിയാം- സുരേഷ് ഗോപി പറഞ്ഞു. താനൊരു ദേഷ്യക്കാരനായത് രാഷ്ടീയത്തിലിറങ്ങിയതിനുശേഷമാണ്. അദ്ദേഹം ട്രാൻസ്ജെൻഡറുകൾക്കുമുന്നിൽ തലകുനിച്ച് അനുഗ്രഹം തേടി.
പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, കൗൺസിലർ പൂർണിമാ സുരേഷ്, പി.ആർ. ശിവശങ്കരൻ, ദേവൂട്ടി ഷാജി, സംവിധായകൻ വിഷ്ണുമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. കവി വിജയരാജമല്ലിക, ഡോ. വി.എസ്. പ്രിയ ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ട്രാൻസ്വ്യക്തികൾക്ക് ആദരമായി ഓണപ്പുടവയും ഫലകവും സുരേഷ് ഗോപി കൈമാറി.
അഭിരാമിയുടെ സിവിൽ സർവീസ് മോഹത്തിന് കൈത്താങ്ങ്
തൃശ്ശൂർ: സിവിൽ സർവീസ് നേടാൻ അഭിരാമിക്ക് പിന്തുണ പ്രഖ്യാപിച്ച് ചേർത്തുനിർത്തി സുരേഷ്ഗോപി. എം.ബി.എ. ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവിൽ സർവീസ് നേടുകയെന്നതും വീടുവിട്ടിറങ്ങിയതിനാൽ സാമ്പത്തികസഹായം ആവശ്യമുണ്ടെന്നും സംഘാടകർ പറഞ്ഞപ്പോഴാണ് തന്റെ പ്രസംഗത്തിനിടെ സുരേഷ്ഗോപി സഹായം പ്രഖ്യാപിച്ചത്. അഭിരാമിക്ക് അടുത്തദിവസംതന്നെ പരിശീലനകേന്ദ്രത്തിൽ ചേരാമെന്നും കേരളത്തിലെ ഏതെങ്കിലും ജില്ലയിലെ കളക്ടറായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ട്രാൻസ് സമൂഹത്തിന് തന്റെ ഓണസമ്മാനമാണ് ഇതെന്നും സുരേഷ്ഗോപി പറഞ്ഞു. അച്ഛനും മറ്റൊരു മകളും എന്നാണ് സുരേഷ്ഗോപി അഭിരാമിയെ ചേർത്തുനിർത്തി വിശേഷിപ്പിച്ചത്. അവതാരകയുടെ ആവശ്യപ്രകാരം കമ്മിഷണർ സിനിമയിലെ ഡയലോഗും വേദിയിൽ പറഞ്ഞ് സുരേഷ്ഗോപി സദസ്സിനെ കൈയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]