ഈയിടെ പുറത്തിറങ്ങിയ രജനികാന്ത് സിനിമ ജയിലറിൽ നിന്ന് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ജഴ്സി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. സിനിമയിൽ ആർസിബി ജഴ്സിയണിഞ്ഞ വില്ലനെ കാണിച്ചതും ഈ വില്ലൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറഞ്ഞതും ക്ലബിന് മാനനഷ്ടമുണ്ടാക്കിയതായി കാണിച്ച് ആർസിബി ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. സിനിമയിൽ നിന്ന് ജഴ്സി നീക്കം ചെയ്യാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ കോറ്റതിയെ അറിയിച്ചു.
ജയിലർ നിർമാതാക്കളായ സൺ ടിവി നെറ്റ്വർക്കിനും കലാനിഥി മാരനും എതിരായായിരുന്നു പരാതി. സെപ്തംബർ ഒന്നിനു മുൻപ് ജഴ്സി എഡിറ്റ് ചെയ്ത് മാറ്റുകയോ മറ്റേതെങ്കിലും തരത്തിൽ മറയ്ക്കുകയോ ചെയ്യണമെന്ന് ഇവർക്ക് കോടതി നിർദ്ദേശം നൽകി. സെപ്തംബർ ഒന്ന് മുതൽ ഒരു തീയറ്ററിലും ആർസിബി ജഴ്സി പ്രദർശിപ്പിക്കാൻ പാടില്ല എന്നും കോടതി നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ ഇരു സംഘങ്ങളും തമ്മിൽ ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. ആർസിബി ജഴ്സിയുടെ പ്രധാന നിറങ്ങളും സ്പോൺസർമാരുടെ പേരുകളും നീക്കം ചെയ്യാമെന്ന് സിനിമാ നിർമാതാക്കൾ ക്ലബ് ഉടമകളെ അറിയിച്ചു. ആർസിബി ജഴ്സിയാണെന്ന് അറിയാത്ത തരത്തിൽ മാറ്റം വരുത്താമെന്നാണ് സിനിമാ നിർമാതാക്കളുടെ നിലപാട്. ഈ തിരുത്ത് ടെലിവിഷൻ, ഒടിടി റിലീസിനും ബാധകമാണെന്നും സൺ ടിവി നെറ്റ്വർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]