
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ (37) മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെ താരത്തിന് വെടിയേൽക്കുകയായിരുന്നു. ‘ജനറൽ ഹോസ്പിറ്റൽ’ എന്ന പരമ്പരയിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടർ.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ മൂന്നുമണിയോടെയാണ് അത്യാഹിതം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്കാർലെറ്റ് പ്രതികരിച്ചു. അക്രമികൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കൺവേർട്ടർ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടു വന്ന നടനെ മോഷ്ടാക്കൾ വെടിവെയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം സംഭവത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. നടന്റെ മരണം അദ്ദേഹത്തിന്റെ ഏജന്റ് ഡേവിഡ് ഷൗൾ സ്ഥിരീകരിച്ചു. പ്രതിഭാശാലിയായ ഒരു നടൻ എന്നതിലുപരി ആത്മവിശ്വാസവും ധൈര്യവുമുള്ള വ്യക്തിയായിരുന്നു ജോണിയെന്ന് ഡേവിഡ് പ്രതികരിച്ചു. വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലിയുടെ ഉയർച്ച താഴ്ചകളിൽ തലയുയർത്തിപ്പിടിച്ച് എപ്പോഴും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു അദ്ദേഹമെന്ന് ഡേവിഡ് ഷൗൾ കൂട്ടിച്ചേർത്തു.
ജനറൽ ഹോസ്പിറ്റൽ എന്ന പരമ്പരയുടെ 200-ഓളം എപ്പിസോഡുകളിലാണ് ജോണി വാക്ടർ പ്രത്യക്ഷപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ സാഷാ കോർബിന്റെ ഭർത്താവായ ബ്രാൻഡോ കോർബിൻ ആയാണ് ജോണി എത്തിയത്. ആർമി വൈവ്സ് എന്ന പരമ്പരയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. ജനറൽ ഹോസ്പിറ്റലിന് പുറമേ എൻ.സി.ഐ.എസ്, ദ ഒഎ, വെസ്റ്റ് വേൾഡ്, ദ പാസഞ്ചർ, സ്റ്റേഷൻ 19, ബാർബീ റീഹാബ്, സൈബീരിയ, ഏജന്റ് എക്സ്, വാന്റാസ്റ്റിക്, അനിമൽ കിങ്ഡം, ഹോളിവുഡ് ഗേൾ, ട്രെയിനിങ് ഡേ, ക്രിമിനൽ മൈൻഡ്സ് എന്നീ പരമ്പരകളിലും ജോണി വാക്ടർ വേഷമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]