
മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന് മാമുക്കോയ വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു
‘മോനോ ബാലസ്ണാ, എറങ്ങി വാടാ തൊരപ്പാ..’… മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാമുക്കോയ വിളിച്ച വിളി കേട്ടാല്‍ ഇന്നും കാഴ്ചക്കാര്‍ സ്ഥലം മറന്നുചിരിച്ചുപോകും. ഓര്‍ക്കുമ്പോള്‍ പോലും പൊട്ടിച്ചിരികള്‍ ഓടിയെത്തുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നാണ് മാമുക്കോയ അരങ്ങില്‍നിന്ന് വിടഞ്ഞത്. തനത് കോഴിക്കോടന്‍ ശൈലിയും പൊട്ടിച്ചിരിപ്പിക്കും നര്‍മവും അഭിനയരീതിയുമെല്ലാം മാമുക്കോയയ്ക്ക് മലയാള സിനിമയില്‍ സ്വന്തം ഇടം നല്‍കിയിരുന്നു. ഗഫൂര്‍ക്കയും ഹംസക്കോയയും പൊതുവാള്‍ജിയും കീലേരി അച്ചുവുമെല്ലാം ആ കഥാപാത്രങ്ങളില്‍ ചിലത് മാത്രം.
കോഴിക്കോടന്‍ സംസാരശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് മുഹമ്മദ് എന്ന മാമുക്കോയ ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയയ്ക്കും മുന്‍പ് കുതിരവട്ടം പപ്പു തന്റെ കോഴിക്കോടന്‍ ശൈലി മലയാള സിനിമയില്‍ പയറ്റി വിജയിപ്പിച്ചിരുന്നെങ്കിലും അതില്‍നിന്ന് നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയ സ്വന്തം സ്റ്റൈല്‍ ആക്കി മാറ്റിയത്. മാമുക്കോയയ്ക്ക് ശേഷം കോഴിക്കോടന്‍ ശൈലിയുമായി പുതുതലമുറയിലെ താരങ്ങള്‍ പലതും എത്തിയെങ്കിലും മാമുക്ക ഉണ്ടാക്കിയ ഓളം മറ്റാരും സൃഷ്ടിച്ചിട്ടില്ലെന്ന് പറയാതിരിക്കാനാവില്ല. ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ വള്ളുവനാടന്‍ ഭാഷാശൈലി മലയാള സിനിമ വാണിരുന്ന കാലത്തും മാമുക്കോയ എന്ന നടന് സ്വന്തം ശൈലി പ്രയോഗിക്കാന്‍ അവസരങ്ങളുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയ സജീവമായ കാലത്താണ് മാമുക്കോയ എന്ന നടന് തഗ്ഗുകളുടെ രാജാവ് എന്ന് പട്ടം കിട്ടിയത്. ഈ നടന്റെ കഥാപാത്രങ്ങളും ഡയലോഗുകളും ട്രോളുകളും മീമുകളുമായി അത്രമേല്‍ ആഘോഷിച്ചിട്ടുണ്ട് പുതിയ തലമുറ. ഇന്ന് ബാക്കിയാവുന്നത് അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളും.
ഉരുളക്കുപ്പേരി പോലെയാണ് മാമുക്കോയയുടെ കഥാപാത്രങ്ങള്‍ മറുപടി പറഞ്ഞിരുന്നത്. തിരക്കഥയിലുണ്ടായിരുന്ന സംഭാഷണങ്ങള്‍ക്ക് പുറമേ പലതും സ്വന്തം കയ്യില്‍നിന്ന് എടുത്തിടുന്നതാണ്. മലയാളത്തിലെ ഹാസ്യസാമ്രാട്ടുകളുടെ കൂട്ടത്തില്‍ തന്നെ തഗ്ഗുകളുടെ സുല്‍ത്താനായി അവരോധിച്ചതില്‍ അതിയായ സന്തോഷമുണ്ടായിരുന്നു മാമുക്കോയയ്ക്ക്. അതെക്കുറിച്ച് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിന് നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
”ആള്ക്കാര് ഇതിനെക്കുറിച്ച് ഓര്‍ത്ത് സന്തോഷിക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേ. മിക്ക സിനിമകളിലും നല്ല രീതിയില്‍ തന്നെ കോമഡി എഴുതി വച്ചിട്ടുണ്ടായിരുന്നതോണ്ട് നമുക്ക് വലിയ പണിയില്ലായിരുന്നു. ചില സിനിമകളില്‍ നമ്മുടെ വകയും കയ്യീന്ന് ഇടേണ്ടി വന്നിട്ടുണ്ട്.
“ഈ ട്രോളിന് ഉപയോഗിച്ചിരിക്കുന്നതെല്ലാം പത്തിരുപത് വര്‍ഷം മുന്‍പുള്ള സിനിമകളാണ്. അന്നത്തെ ആള്ക്കാര് ഇതത്ര ആസ്വദിച്ചോ എന്നറിയില്ല. അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത മിടുക്കന്മാരായ കുട്ടികളാണ് ഇപ്പോഴത് ആസ്വദിക്കുകയും ഭംഗിയായി എഡിറ്റ് ചെയ്യുകയും വൈറലാക്കുകയും ചെയ്യുന്നത്, ഇത് കാണുന്നത് തന്നെ മനസിന് വലിയ സന്തോഷമുള്ള കാര്യമാണ്.
തഗ് ലൈഫ് സുല്‍ത്താനെന്ന വിളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ മാമുക്കോയ പറഞ്ഞു.. അവര്‍ സുല്ത്താനെന്നല്ല മഹാരാജാവെന്ന് പറഞ്ഞാലും സന്തോഷേള്ളൂ ..ഞാനിതൊക്കെ ആസ്വദിക്കാണ്…”
മാമുക്കോയയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള കടന്നു ചെല്ലുമ്പോള്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഒരാളുണ്ട്. ‘മന്ത്രമോതിര’ത്തിലെ ചായക്കടക്കാരന് അബ്ദു. ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും കലാഭവന്‍ മണിയുമായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാപ്പിയുടെ (കലാഭവന്‍ മണി) സംവിധാനത്തില്‍ ശാകുന്തളം ബാലെ ഒരുങ്ങുകയാണ്. കുമാരനാണ് (ദിലീപ്) ദുഷ്യന്തന്. മാമുക്കോയ മഹര്‍ഷിയും. തപോവനത്തിലെ മുനികന്യകയെ വണ്ടുകള്‍ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തന് പറയുമ്പോള്‍ മഹര്‍ഷിയുടെ മറുപടി ഇങ്ങനെ,
”പടച്ചോനെ വണ്ട്ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാല്‍പ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്.”
അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരന് ഇങ്ങനെ പറയുന്നു, ”അബ്ദുക്ക നിങ്ങളിതില്‍ മഹര്‍ഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ.”
അപ്പോള്‍ അബ്ദു; ”കുമാരാ നിനക്ക് ഈയിടെയായി അല്‍പ്പം വര്‍ഗീയത കൂടുന്നുണ്ട്. എടോ കലാകാരന്മാര് തമ്മില്‍ വര്‍ഗീതയ പാടില്ല. മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ. അതുകൊണ്ടല്ലേ ഈ അബ്ദുക്ക പച്ചമലയാളത്തില്‍ പറഞ്ഞത് എനിക്ക് സന്യാസീം മഹര്‍ഷീം വേണ്ട, ദുഷ്യന്തന് ആയിക്കോളാന്ന്….” ഇതൊരു ഉദാഹരണം മാത്രം, എണ്ണിയാലൊടുങ്ങില്ല അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയയുടെ ഡയലോഗുകള്‍.
സത്യന് അന്തിക്കാട്, പ്രിയദര്ശന് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. ‘നാടോടിക്കാറ്റി’ലെ തട്ടിപ്പുകാരന് ഗഫൂര്‍ക്ക, ‘സന്ദേശ’ത്തിലെ കെ. ജി. പൊതുവാള്, ‘ചന്ദ്രലേഖ’യിലെ പലിശക്കാരന്, ‘വെട്ട’ത്തിലെ ഹംസക്കോയ/ രാമന് കര്‍ത്താ, ‘മഴവില്‍ക്കാവടി’യിലെ കുഞ്ഞിഖാദര്‍, ‘റാംജിറാവു സ്പീക്കിംഗി’ലെ ഹംസക്കോയ, ‘വരവേല്‍പ്പി’ലെ ഹംസ, ‘പ്രാദേശിക വാര്‍ത്തകളി’ലെ ജബ്ബാര്‍, ‘കണ്കെട്ടി’ലെ ഗുണ്ട കീലേരി അച്ചു, ‘ഡോക്ടര്‍ പശുപതി’യിലെ വേലായുധന് കുട്ടി, ‘തലയണമന്ത്ര’ത്തിലെ കുഞ്ഞനന്തന് മേസ്തിരി, ‘നരേന്ദ്രന് മകന് ജയകാന്തനി’ലെ സമ്പീശന്‍, ‘കളിക്കള’ത്തിലെ പോലീസുകാരന്, ‘ഹിസ് ഹൈനസ് അബ്ദുള്ള’യില്‍ ജമാല്‍, ‘കൗതുക വാര്‍ത്ത’കളിലെ അഹമ്മദ് കുട്ടി, ‘മേഘ’ത്തിലെ കുറുപ്പ്, ‘പട്ടാള’ത്തിലെ ഹംസ, ‘മനസ്സിനക്കര’യിലെ ബ്രോക്കര്‍, ‘പെരുമഴക്കാല’ത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ‘ഉസ്താദ് ഹോട്ടലിലെ ഉമ്മര്‍, ‘കെ.എല്‍ 10 പത്തി’ലെ ഹംസക്കുട്ടി, ‘ആട് 2’ ലെ ഇരുമ്പ് അബ്ദുള്ള, ‘മരയ്ക്കാര്‍ അറബിക്കടലിലെ സിംഹ’ത്തിലെ അബൂബക്കര്‍ ഹാജി, ‘കുരുതി’യിലെ മൂസാ ഖാലിദ്, ‘മിന്നല്‍ മുരളി’യിലെ ഡോക്ടര്‍ നാരായണന് തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001-ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന് ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.
കോമഡി മാത്രമല്ല ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരന് കൂടിയായായിരുന്നു അദ്ദേഹം. ‘പെരുമഴക്കാല’ത്തിലെ അബ്ദു അതിനുദാഹരണമായിരുന്നു. ഈ കഥാപാത്രത്തിനെ അനശ്വരമാക്കിയതിന് 2004-ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മാമുക്കോയയ്ക്ക് പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ അഭിനയത്തിന് 2008-ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
2021-ല്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ മാമുക്കോയ താന്‍ നേരിട്ട ആരോഗ്യപ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് നെഞ്ചുവേദന വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാല്‍ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ‘കുരുതി’യിലെ മൂസാ ഖാലിദായി തിരശ്ശീലയില്‍ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അര്‍ബുദത്തെ നേരിടുന്നത്. 33 റേഡിയേഷനും ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാന്‍സര്‍ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തില്‍ സ്വീകരിച്ച് പോന്നത്. ജീവിതത്തില്‍ നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘സുലൈഖ മന്സിലാ’ണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയായിരുന്നു മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]