
എത്ര പറഞ്ഞാലും, എഴുതിയാലും മതിയാവില്ല കോഴിക്കോടിനെ കുറിച്ച്. എന്നെ കളിയെഴുത്തുകാരനാക്കിയ നഗരം. പാട്ടിന്റെ വഴികളിലൂടെ സ്നേഹപൂർവ്വം കൈപിടിച്ച് നടത്തിയ നഗരം.
ഓരോ യാത്രയിലും സ്നേഹത്തിൽ പൊതിഞ്ഞ അത്ഭുതങ്ങൾ എനിക്ക് വേണ്ടി കാത്തുവെക്കുന്നു കോഴിക്കോട്. ഓരോ തവണ വന്നിറങ്ങുമ്പോഴും നാളെയോ മറ്റന്നാളോ തിരിച്ചുപോകേണ്ടിവരുമല്ലോ എന്നോർത്തു വേവലാതിപ്പെടുത്തുന്നു. ദുഃഖത്തോടെ വണ്ടികയറി യാത്രയാകുമ്പോൾ അധികം വൈകാതെ വീണ്ടും ഈ മണ്ണിൽ വന്നിറങ്ങാൻ ഇടയാക്കണേ എന്ന് പ്രാർഥിക്കാൻ പ്രേരിപ്പിക്കുന്നു.
നമ്മളെ നമ്മളാക്കിയ അതേ കോഴിക്കോടിനെ കുറിച്ചാണ് ഇനി ഇറങ്ങാൻ പോകുന്ന പാട്ടു പുസ്തകം. മാതൃഭൂമി ബുക്സിന് നന്ദി; കല്ലായിക്കാരനായ ഓട്ടോ ഡ്രൈവർ മൻസൂറിനും.
ആരാണീ മൻസൂർ എന്നല്ലേ? അതൊരു കഥയാണ്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് അളകാപുരിയിലേക്കുള്ള വഴിയിൽ ഓട്ടോറിക്ഷ പാളയത്തെ ട്രാഫിക് ജാമിൽ കുടുങ്ങി നിന്നപ്പോൾ കയ്യിലെ തൂവാലയെടുത്തു വിയർപ്പുതുള്ളികൾ ഒപ്പിമാറ്റിയ ശേഷം തിരിഞ്ഞുനോക്കി ഡ്രൈവർ ചോദിക്കുന്നു:
“ങ്ങള് ആ മേനോനല്ലേ? റഫീനേം മുകേഷിനേം ഒക്കെ പറ്റി എഴുതുന്ന….”
അതേ എന്ന് ഞാൻ. ഇടനെഞ്ചിൽ പാട്ടുമായി ജീവിക്കുന്ന കോഴിക്കോട്ടുകാരിൽ നിന്ന് മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ട് അത്ഭുതം തോന്നിയില്ല.
“ങ്ങളെ എഴുത്തൊക്കെ വായ്ക്കാറുണ്ട് നമ്മള്. തരക്കേടില്ല. പക്ഷേ, ഒരു കംപ്ലെയിന്റ് ഉണ്ട്. നേരിട്ട് കാണുമ്പോ പറയണംന്ന് വിചാരിച്ചിരുന്നു..”
ചെറിയൊരു ഉൾക്കിടിലം. എന്താണാവോ പരാതി. എഴുതിയ ലേഖനങ്ങളിൽ വല്ല വസ്തുതാപരമായ പിശകും? നമ്മളെക്കാൾ വിവരമുണ്ടല്ലോ നമ്മുടെ വായനക്കാർക്ക്; കോഴിക്കോട്ടെ സംഗീതപ്രേമികളാകുമ്പോൾ പ്രത്യേകിച്ചും. പാട്ടുകളെക്കുറിച്ചു വല്ല പോഴത്തരവും എഴുതിവച്ചാൽ അവർ പൊറുക്കില്ല.
ഭാഗ്യവശാൽ അതല്ല പ്രശ്നം.
“ങ്ങള് ഇങ്ങനെ മൊഹമ്മദ് റാഫിനെപ്പറ്റീം ലതേനെ പറ്റീം യേശ്വാസിനെ പറ്റീം ഒക്കെ പിന്നേം പിന്നേം എഴുതണ്ട. ഓലൊക്കെ ഫേമസ് അല്ലേ? ഇങ്ങളല്ലെങ്കിൽ വേറെ ആരെങ്കിലും ഓലെക്കുറിച്ച് എഴുതിക്കോളും….
“അത്ര ഫേമസ് ആല്ലാത്തോരെ പറ്റീം എഴുതണം. സുരേന്ദ്രേനെ പറ്റീം ജഗ്മോഹനെ പറ്റീം ഇങ്ങള് ഇന്നുവരെ എഴുതിക്കണ്ടിട്ടില്ല. എന്താ ഓരേയൊന്നും ഇങ്ങള് പാട്ടുകാരായി കണ്ടിട്ടില്ലേ?”
സുരേന്ദ്രനാഥ്, ജഗ്മോഹൻ സുർസാഗർ. രണ്ടു പേരും ഹിന്ദിയിലെ ഇഷ്ടഗായകർ. വേറിട്ട ശബ്ദങ്ങളുടെ ഉടമകൾ. നൂർജഹാനൊപ്പം “അൻമോൽ ഘടി”യിൽ നൗഷാദിന്റെ ഈണത്തിൽ പാടിയ “ആവാസ് ദേ കഹാം ഹേ” എന്ന പാട്ടിലൂടെയാണ് നടൻ കൂടിയായ സുരേന്ദ്ര മനസ്സിൽ കയറിവന്നത്. ജഗ്മോഹനാകട്ടെ “ദിൽ ദേകർ ദർദ് ലിയാ” എന്ന പാട്ടിലൂടെയും. എങ്കിലും ഇന്നുവരെ അവരെക്കുറിച്ചു മാത്രമായി എഴുതിയിട്ടില്ല. എഴുതേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.
അറിയാം എന്ന് ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം രണ്ടു പേരുടെയും ഇഷ്ടഗാനങ്ങൾ ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് മൂളിയപ്പോൾ മൻസൂർ എന്ന് പേരുള്ള മധ്യവയസ്കനായ ഡ്രൈവർ ചിരിച്ചു. “ഇതൊക്കെ എല്ലാർക്കും അറിയണ പാട്ടുകളല്ലേ മാഷേ. ഇങ്ങള് ഓരുടെ അത്ര ഫേമസ് അല്ലാത്ത ചെല പാട്ടുകള് കേക്കണം. എമ്മാതിരി കൂറ്റ് ഭായീ. ആ ജാതി ശബ്ദങ്ങള് ഈ ജമ്മത്തില് നമ്മള് കേട്ടിട്ടില്ല …”
ട്രാഫിക് ബ്ലോക്ക് അപ്പോഴും തീർന്നിരുന്നില്ല. പുറത്ത് സൂര്യൻ കത്തിജ്വലിക്കുന്നു. ജനം ഹോണടിച്ചും ബഹളം വെച്ചും പ്രതിഷേധിക്കുന്നു.
ഒന്നും ശ്രദ്ധിക്കാതെ, പുറത്തെ ശബ്ദ കോലാഹലങ്ങൾക്കൊന്നും കാതു കൊടുക്കാതെ, ഏതോ സ്വപ്നലോകത്തേക്ക് ഉൾവലിഞ്ഞുകൊണ്ട് ഇഷ്ടപ്പെട്ട പാട്ടുകൾ ഓരോന്നിന്റേയും പല്ലവി പാടിത്തുടങ്ങുന്നു മൻസൂർ: സുരേന്ദ്രയുടെ ഭൂൽ ജാ ജോ ദേഖ്താ ഹേ, ഏക് ബാർ ഫിർസെ ആജാ, നസർ സേ ജബ് യേ നസർ മിലി ഹേ …ജഗ് മോഹന്റെ ഉസ് രാഗ് കോ പായൽ മേ ജോ സോയാ ഹേ, മുജേ നാ സപ്നോ സെ ബെഹ്ലാവോ, ഓ വർഷാ കെ പെഹ്ലെ ബാദൽ….
പലതും അതുവരെ കേട്ടിട്ടില്ലാത്ത, അഥവാ ശ്രദ്ധിച്ചിട്ടില്ലാത്ത പാട്ടുകൾ. എത്ര മനോഹരമായി, ഉച്ചാരണശുദ്ധിയോടെ പാടുന്നു ഈ മനുഷ്യൻ എന്നോർത്തുപോയി അപ്പോൾ.
“സൂപ്പർ. ഇങ്ങള് കോയിക്കോട്ടുകാരെ നമിച്ചു ട്ടോ…” — ട്രാഫിക് ജാമിലെ മെഹ്ഫിൽ കഴിഞ്ഞു തിരക്കിനിടയിലൂടെ ഓട്ടോ അരിച്ചരിച്ചു മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു. “നോർത്ത് ഇന്ത്യേൽ പോലും ഈ പാട്ടൊന്നും ആളോള് ഓർക്കുന്നുണ്ടാവില്ല്യ..” ഇടതുകൈ കൊണ്ട് ഷർട്ടിന്റെ കോളർ ഒന്ന് വലിച്ചു നേരെയാക്കിയ ശേഷം ചിരിച്ചുകൊണ്ട് മൻസൂർ പറഞ്ഞു: “സമയമില്ലാത്തോണ്ടാ. ഇല്ലെങ്കിൽ അമീർബായി കർണ്ണാടകീന്റേം സൊഹ്റാ ബായി അംബാലാവാലീടേം ഒക്കെ പാട്ട് പാടിത്തരായിരുന്നു. ആ പാട്ടുകാരുടെയൊന്നും പേരെന്നെ കേട്ടിട്ടുള്ളോര് ഉണ്ടാവില്ല ഇപ്പോ… “
വെറുതെ പറയുകയായിരുന്നില്ല മൻസൂർ. ഏതപൂർവഗാനവും ഏതു സമയത്തും ശ്രോതാക്കളുടെ ആവശ്യപ്രകാരം പ്രക്ഷേപണം ചെയ്യാൻ കഴിവുള്ള ഒരു റേഡിയോ നിലയം തന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിൽ. കമ്പ്യൂട്ടറിനെ പോലും വെല്ലുന്ന പഴയ പാട്ടുകളുടെ ഡാറ്റാബേസും.
അളകാപുരിയിൽ എന്നെ വിട്ട ശേഷം യാത്ര പറയും മുൻപ് മൻസൂർ ചോദിച്ചു: “ഒരു റിക്വസ്റ്റ് ണ്ട്. ങ്ങള് കേക്ക്വോ ?”
“പിന്നെന്താ? ഇജ്ജാതി നെയ്യിപ്പൊരിച്ച പാട്ടുകൾ പാടി മ്മളെ ഫ്ളാറ്റാക്കിയ ആളല്ലേ? പറഞ്ഞോളി…” മറുപടി അസ്സൽ കോഴിക്കോടൻ ശൈലിയിൽ തന്നെ.
“ഇത്രേള്ളൂ.. ഇങ്ങള് കോഴിക്കോടിനെ പറ്റി ഒരു ബുക്ക് എഴുതണം. മ്മളെപ്പോലുള്ള പാട്ടുപ്രാന്തമ്മാരെ പറ്റി എഴുതണം. ഫേമസ് ആയോരെ പറ്റി മാത്രല്ല. മരിച്ചുപോയ നജ്മൽ ബാബുക്കേനേം കെ ആർ വേണൂനേം എ കെ സുകുമാരേട്ടനേം സി എ അബൂബക്കറിനേം ഒക്കെ പറ്റി. ഓലെയൊന്നും ഇനിയത്തെ തലമുറ ഓർക്കൂല….”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരു നിമിഷം നിശ്ശബ്ദനാകുന്നു മൻസൂർ. പിന്നെ എന്റെ കൈ പിടിച്ച് മന്ത്രിക്കുന്നു: “ഓലൊക്കെ കൂടിയാണ് ഒരുകാലത്ത് മ്മളെയൊക്കെ ജീവിപ്പിച്ചുകൊണ്ടോയത്. ഇല്ലെങ്കി പണ്ടേ വണ്ടിക്ക് തലവെച്ചു പോയിട്ടുണ്ടാകും. നയാ പൈസണ്ടായിരുന്നില്ലല്ലോ കയ്യിമ്മല് ….”
അന്തം വിട്ടുനിന്ന എന്നെ നോക്കി കൺനിറയെ ചിരിച്ച് ഓട്ടോ സ്റ്റാർട്ടാക്കുന്നു മൻസൂർ. മനസ്സിലിരുന്ന് ആരോ മന്ത്രിച്ച പോലെ: “എഴുതണം നീ കോഴിക്കോടിനെ പറ്റി. ഈ മനുഷ്യന് വേണ്ടിയെങ്കിലും.”