
ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആദ്യകാലത്ത് നിലനിന്നിരുന്ന സംഗീതരൂപം ധ്രുപദ് ആണെന്നും ആ ഗാനരൂപത്തില്‍ നിന്നാണ് ഖയാല്‍ എന്ന ആധുനിക ശാസ്ത്രീയ സംഗീതരൂപം പിറന്നതെന്നും ഇന്ന് നാം അറിയുന്ന ചരിത്രവസ്തുതയാണ്. മുമ്പുള്ള സംഗീതകാരന്മാര് അവരുടെ ഖയാല്‍ സദസ്സുകളില്‍ പാടിയിരുന്ന ഇതരഗാന രൂപങ്ങള്‍ക്കൊപ്പം ഇടംനേടിയിരുന്ന പ്രണയകാവ്യങ്ങളായിരുന്നു ഗസലുകള്‍. എന്നാല്‍ പിന്നീട് ഗസല്‍ സ്വതന്ത്രമായ ഒരു ഗാനശാഖയായി വികസിക്കുകയും ഗായകര്‍ ഗസലുകളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സദസ്സുകള്‍ അവതരിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഖയാലിന്റെ രാഗബന്ധിതമായ സാങ്കേതികഗഹനത ആസ്വദിക്കാന്‍ ബുദ്ധിമുട്ടിയ സാമാന്യജനവിഭാഗത്തെ ഈ ഗസല്‍ സദസ്സുകള്‍ ഏറെ ആകര്‍ഷിക്കുകയും അവര്‍ ആ സദസ്സുകളോടും അതാലപിക്കുന്ന ഗായകരോടും അഭേദ്യമായ ഹൃദയബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഇവിടത്തെ സാധാരണക്കാരായ സംഗീതാസ്വാദകരുമായി ബന്ധപ്പെടുത്തി ഗസല്സദസ്സുകളുടെ ഉല്‍ഭവത്തേയും വികാസത്തേയും ഈ രീതിയില്‍ വിലയിരുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ഏറ്റവും പുതിയ കാലത്തെത്തുമ്പോള്‍ ഗസലുകളുടെ ആവിഷ്കാരരീതികളിലും മാറ്റങ്ങള്‍ സംജാതമാകുന്നുവെന്നത് പരിണാമ തത്ത്വത്തെക്കുറിച്ചുള്ള ചരിത്രത്തിന്റെ വീണ്ടുമൊരു ബോധ്യപ്പെടുത്തല്‍ കൂടിയാണ്. സംഗീതത്തോടൊപ്പം സാഹിത്യത്തിനും തുല്യപ്രാധാന്യമുള്ള ഗസലുകളുടെ ആവിഷ്കാരത്തില്‍ ഭാഷാപരമായ പരിജ്ഞാനവും ആസ്വാദനത്തെ സ്വാധീനിക്കുന്ന മുഖ്യഘടകമാണ്. ഗസലുകളെല്ലാം ഉറുദു-പേര്‍ഷ്യന്‍ ഭാഷകളിലാണ് രചിക്കപ്പെട്ടിരുന്നതെങ്കിലും പഴയകാലത്തെ ആസ്വാദകര്‍ക്ക് ആ ഭാഷ വശമായിരുന്നതിനാല്‍ അതിന്റെ ആസ്വാദനത്തില്‍ ഗഹനത അനുഭവപ്പെട്ടിരുന്നില്ല.
എന്നാല്‍ കാലക്രമേണ ഈ ഭാഷകള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ ഗസലുകളുടെ ആസ്വാദന നിലവാരത്തിലും മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. ഗസല്‍ സദസ്സുകളില്‍ ആസ്വാദകര്‍ക്ക് സാഹിത്യപരമായ ആസ്വാദനാനുഭൂതി സംവേദനം ചെയ്യപ്പെടാതെ വരികയും അതാകട്ടെ ആത്യന്തികമായി ആ ഗാനരൂപത്തെ തന്നെ പ്രതികൂലമായി ബാധിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഏറ്റവും ചുരുങ്ങിയ ഒരു കാലഘട്ടത്തില്‍ ഇവിടത്തെ ഗസല്‍ സംഗീതം നേരിട്ട ഒരു പ്രതിസന്ധിയായിരുന്നു ഇത്. ഗസല്‍ സദസ്സുകള്‍ക്ക് ഭാവികാലത്ത് സംഭവിക്കാന്‍ പോകുന്ന ഈ അപചയത്തെ സത്വരമായി തിരിച്ചറിഞ്ഞുകൊണ്ട് ആ ഗാനരൂപത്തിന് ഒരു നവീനമുഖം നല്കിയ പ്രമുഖ ഗായകനാണ് പങ്കജ് ഉധാസ്. ഗസല്‍ സംഗീതത്തിന്റെ ആത്മാവിന് കോട്ടം വരുത്താതെ തന്നെ അതിന് ഭാഷാപരമായ നവീനത്വം നല്‍കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റിയ ഗായകനാണ് പങ്കജ് ഉധാസ്. ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസക്തിയും അതാണ്.
കവികളോട് ഹിന്ദി ഭാഷയില്‍ ഗസലുകള്‍ രചിക്കാനും ആവശ്യമെങ്കില്‍ മാത്രം ഉറുദു ഭാഷ ഉപയോഗിക്കാനും പങ്കജ് ഉധാസ് ഉപദേശിച്ചു. ആപ് ജിന്‍കേ കരീബ് ഹോതേ ഹേം വോ ബഡേ ഖുഷാനസീബ് ഹോതേ ഹേം… എന്ന് പങ്കജ് ഉധാസ് പാടുമ്പോള്‍ ആ വരികള്‍ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്നുണ്ട്. ഈ വരികള്‍ പാടുമ്പോള്‍ ഗസല്‍ സംഗീതത്തിന് ഒരു കോട്ടവും തട്ടുന്നില്ലെന്ന ആത്മവിശ്വാസവും അദ്ദേഹത്തിന് ആവോളമുണ്ട്. ഒരു കലാകാരന് കാലത്തിനനുസരിച്ച് മാറുമ്പോഴാണ് കല അനശ്വരമാകുന്നതെന്ന ചിന്ത കൂടിയാണ് ഇതിലൂടെ പങ്കജ് ഉധാസ് പങ്കുവെക്കുന്നത്. ഹിന്ദി ഭാഷ തന്നെ ശരിയായ വിധത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തലമുറയിലൂടെയാണ് നമ്മൾ ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്നും ആ തലമുറയോട് അറബിയും ഉറുദുവും പേര്‍ഷ്യനും സംസ്കൃതവുമെല്ലാം എങ്ങനെയാണ് സംവേദനം ചെയ്യുകയെന്നും പങ്കജ് ഉധാസ് ചോദിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ കലാപരിവര്ത്തനത്തെ ശിരസ്സ് നമിച്ചുകൊണ്ട് നമ്മള് ഏറ്റുവാങ്ങുന്നത്. തന്റെ കലാജീവിതത്തിന്റെ തുടക്കകാലത്തു തന്നെ വലിയ ആസ്വാദക സദസ്സുകളെ സ്വപ്നം കണ്ടിരുന്ന കലാകാരനായിരുന്നു പങ്കജ് ഉധാസ്. ആ സ്വപ്നസാക്ഷാത്കാരത്തിന് താന്‍ ആലപിക്കുന്ന ഗസലുകള്‍ക്ക് ഭാഷാപരമായ ലാളിത്യമാണ് ആദ്യം ഉണ്ടാകേണ്ടതെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ടായി. ആ തിരിച്ചറിവിന്റെ ഫലമാണ് ഇന്ന് അദ്ദേഹത്തിന്റെ ഗസല്‍ സദസ്സുകളില്‍ മുഴങ്ങുന്ന ആസ്വാദകരുടെ ഉയര്‍ന്ന കരഘോഷങ്ങള്‍. എന്നിട്ടും, ഗാനജീവിതത്തിന്റെ ആരംഭത്തില്‍ പങ്കജ്ഉധാസിന് അഭിമുഖീകരിക്കേണ്ടി വന്നത് കടുത്ത നിരാശയായിരുന്നുവെന്നത് പരമാര്‍ഥമാണ്.
1970 കളുടെ തുടക്കത്തില്‍ കാമ്ന എന്ന ഹിന്ദി സിനിമയില്‍ ഉഷാ ഖന്നയുടെ സംഗീത സംവിധാനത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് പങ്കജ് ഉധാസ് സംഗീത ജീവിതം തുടങ്ങിയത്. പക്ഷേ, ആ ചിത്രം പുറത്തുവന്നില്ല. അദ്ദേഹത്തിന്റെ ഗാനം കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹം നിരാശനായിരുന്നു. മുന്നില്‍ ഇരുള് പടര്‍ന്ന ദിനങ്ങള്‍ അതദ്ദേഹത്തിന് സമ്മാനിച്ചു. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആ ഇരുളില്‍ നിന്ന് പുറത്തുകടക്കാനുള്ള ഒരു വെളിച്ചം അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞത്. നാം എന്ന ഹിന്ദി ചിത്രത്തില്‍ ഒരു ഗസല്‍ പാടാന്‍ പങ്കജ് ഉധാസിന് അവസരം ലഭിച്ചു. ആനന്ദ് ബക്ഷിയുടെ ഗാനരചനയില്‍ ലക്ഷ്മീകാന്ത്-പ്യാരേലാല്‍ സംഗീതസംവിധാനം നിവര്ഹിച്ച ചിട്ടി ആയീ ഹേ…. എന്നു തുടങ്ങുന്ന ആ ഗാനം പങ്കജ് ഉധാസിനെ ഉയരങ്ങളിലെത്തിച്ചു. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ വേദികളിലും ഈ ഗാനം ഒരു അവിഭാജ്യ ഘടകമായിത്തീരുകയും ചെയ്തു. നാടുവിട്ട് ജോലി തേടി വിദേശങ്ങളില്‍ താമസിക്കുന്നവരില്‍ ഈ ഗാനം ഉണര്‍ത്തുന്ന ഗൃഹാതുരസ്മരണകള്‍ അളക്കാനാവുന്നതല്ല. അന്യനാടുകളില്‍ പാര്‍ക്കുന്ന ഇന്ത്യക്കാരെയാകമാനം ഈ ഗാനം സ്വാധീനിച്ചു. അവര്‍ക്ക് സ്വന്തം നാട് സമ്മാനിച്ച മണ്ണിന്റെ മണമാണ് ഈ ഗാനം പകര്‍ന്നു നല്‍കിയത്. പ്രവാസികളുടെ ഹൃദയങ്ങളെ ദ്രവീകരിക്കാന്‍ പോന്ന ശക്തിയും സൗന്ദര്യവും ഈ ഗസലിന്റെ വരികള്‍ക്കും സംഗീതത്തിനും ഇന്നുമുണ്ട്. പലപ്പോഴും ഗായകനെപ്പോലും അമ്പരപ്പെടുത്തുന്ന സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചിരുന്നതെന്ന് പറയേണ്ടിവരുന്നത് അതാലപിച്ച പങ്കജ് ഉധാസിന്റെ തന്നെ വാക്കുകളില്‍ നിന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍, കൊച്ചിയില്‍ ഈ ഗാനം അദ്ദേഹം പാടിയപ്പോള്‍ ഇവിടെ കുടിയേറി പാര്‍ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിലും ചലനങ്ങള്‍ സൃഷ്ടിച്ചത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു. നാട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ അമ്മയേയും സഹോദരിമാരേയും അവിടത്തെ ഉത്സവങ്ങളെയുമെല്ലാം അവര്‍ ഈ പാട്ടിലൂടെ സ്വപ്നം കണ്ടിട്ടുണ്ടാകാം. ഈ പാട്ട് കേള്‍ക്കുമ്പോള്‍ നാട്ടിലെ ഉടയോരുടെ വേര്‍പാട് അവരുടെ നെടുവീര്‍പ്പുകളായി സ്പന്ദിക്കുന്നു. മനുഷ്യര്‍ ജീവിതം തേടി പട്ടങ്ങളെപോലെ പറന്നുനടക്കുന്നിടത്തോളം കാലം ഈ പാട്ട് ഇവിടെ തന്നെ ഉണ്ടാകുമെന്നറുപ്പാണ്.
പങ്കജ് ഉധാസ് പാടിയ ഓര് ആഹിസ്ത കീ ജീ ബതേ ഹേം… എന്നാരംഭിക്കുന്ന ഗസല്‍ മന്ദം മന്ദം ചലിക്കുന്ന പ്രണയം പൂത്തൂലുയന്ന ഒരു മനോഹര മെലഡിയാണ്. അദ്ദേഹം പാടിയ ചാന്ദി ജൈസാ രംഗ് ഹേ തേരാ, സോനാ ജൈസാ ബാല്‍… (Your Colour is like silver, Your hair is like gold) എന്ന ഗസലാകട്ടെ ഓരോ ഭര്‍ത്താവിനും സ്വന്തം ഭാര്യയെ പ്രീതിപ്പെടുത്താന്‍ കഴിയുന്ന സൗന്ദര്യത്തിന്റെ പ്രതീകമാണ്. ‘മേം നേ മേരീ പത്നി കോ യഹീ ഗീത് ഗാകേ പ്രപോസ് കി യാ ഥാ’ എന്ന് ഒരു യുവ ആസ്വാദകന് പങ്കജ് ഉധാസിനോട് സമ്മതിച്ചതുപോലും ഈ ഗസലിന്റെ ആലാപനവേളയില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ലഹരിയെ സംബന്ധിക്കുന്ന പങ്കജ് ഉധാസിന്റെ ഗസലുകള്‍ വിവാദങ്ങള്‍ക്ക് ഇരയാകുകയുണ്ടായി. അദ്ദേഹം പല സന്ദര്‍ഭങ്ങളില്‍ പാടിയ ഇത്തരം ഗാനങ്ങളെല്ലാം സ്വരൂപിച്ച് ഒരു കമ്പനി പൈമാന (1984), നഷാ (1997) എന്നീ രണ്ട് ആല്ബങ്ങളിറക്കിയതാണ് വിവാദത്തിന് കാരണമായത്. ഈ ആല്‍ബങ്ങളില്‍ ഉള്‍പ്പെട്ട ഥോടി ഥോടി പിയാ കരോ, പീനേ വാലോ സുനോ, മേഖാനേ സേ ശരാബ് സേ സാഖി സേ ജാമ്സേ എന്നീ ഗസലുകളെല്ലാം പാരമ്പര്യവാദികളായ ഗസല്പ്രേമികളെ പ്രകോപിപ്പിച്ചു. ഇത്തരത്തിലുള്ള കമ്പോളവല്ക്കരണം നല്ലതല്ലെന്ന് പിന്നീട് പങ്കജ് ഉധാസിനു തന്നെ സമ്മതിക്കേണ്ടതായും വന്നു.
പല ഹിന്ദി സിനിമകളിലും പങ്കജ് ഉധാസ് പിന്നീട് ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. 1990ല്‍ പുറത്തിറങ്ങിയ ഖയാല്‍ എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്ക്കറോടൊപ്പം പാടിയ മാഹിയ തേരി കസം, 1994 ല്‍ പുറത്തുവന്ന മൊഹ്റ എന്ന ചിത്രത്തില്‍ സാധന സര്ഗത്തോടൊപ്പം പാടിയ നാ കജ്രേകി ധര് എന്നീ ഗാനങ്ങളും ഇവയിലുള്‍പ്പെടുന്നു.
ശാന്തമായി ഒഴുകുന്ന ശബ്ദസവിശേഷതയാണ് പങ്കജ് ഉധാസിനെ ഇതര ഗസല്‍ ഗായകരില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്ന മുഖ്യഘടകം. അദ്ദേഹത്തിന്റെ ഗസലുകള്‍ അതിനാല്‍ തന്നെ മന്ദം മന്ദമാണ് നമ്മുടെ ഹൃദയത്തിലേക്ക് ചേക്കേറുന്നത്. ഗസല്‍, ശാന്തമധുരമായ ശബ്ദമായും പിന്നീട് നൊമ്പരപ്പെടുത്തുന്ന പ്രണയഭാവമായും നമ്മുടെയുള്ളില്‍ പീലി വിടര്‍ത്തിയാടുന്നു. പിന്നീടത് ഒരു പ്രണയനദിയായി നമ്മുടെ സിരകളിലൂടെ ശരീരം മുഴുവന്‍ പടര്‍ന്നൊഴുകുകയാണ്. പങ്കജ് ഉധാസിന്റെ ഗസല്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊരു അനുഭൂതി വിശേഷം സംജാതമാകുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ സംഗീതലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞു എന്നാണ് അര്‍ഥം.
(പുനപ്രസിദ്ധീകരണം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]