
നിർമിതിബുദ്ധിയുടെ സാധ്യതകൾ അനന്തമാണ്. നല്ലരീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ പ്രത്യേകിച്ച്. പറഞ്ഞുവരുന്നത് സിനിമാ മേഖലയിലെ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തേക്കുറിച്ചാണ്. ഈയിടെ ഇന്ത്യൻ 2 എന്ന ചിത്രത്തിൽ ഡീ എയ്ജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കമൽഹാസന്റെ ചെറുപ്പകാലം ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സംഗീതരംഗത്തും എ.ഐ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. അതിന് കാരണക്കാരനായതാകട്ടെ സാക്ഷാൽ എ.ആർ. റഹ്മാനും.
ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് റിലീസ് ചെയ്തത്. ഇതിൽ തിമിരി എഴുദാ എന്ന ഗാനം കേട്ടവരെല്ലാം ആദ്യം ഒന്ന് സംശയിച്ചു. പിന്നെ അതിശയിച്ചു. അതിന് കാരണം ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഗായകരായ ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരാണ്. ഇരുവരുടേയും ശബ്ദം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ പുനസൃഷ്ടിക്കുകയായിരുന്നു.
ഇന്ത്യൻ സിനിമയിൽത്തന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമായാണെന്നാണ് വിലയിരുത്തൽ. സ്നേഹൻ ആണ് വരികളെഴുതിയത്. ദീപ്തി സുരേഷ്, അക്ഷയ ശിവകുമാർ എന്നിവരും ഇതേ ഗാനത്തിൽ ഗായകരായുണ്ട്. നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ എ.ആർ. റഹ്മാന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രതികരണവുമായെത്തിയത്. പലരും ഇത് പഴയ ഏതെങ്കിലും ഗാനത്തിന്റെ റീ മിക്സ് ആണോ എന്നും ചോദിക്കുന്നുണ്ടായിരുന്നു.
രണ്ട് ഗായകരും വിടപറഞ്ഞ കാലഘട്ടംകൂടിയാണ് ലാൽ സലാമിലെ ഗാനത്തെ ഏറെ വ്യത്യസ്തമാക്കുന്നത്. 2022 സെപ്റ്റംബർ രണ്ടിനായിരുന്നു ബംബ ബാക്കിയ അന്തരിച്ചത്. എ.ആർ. റഹ്മാനുവേണ്ടി നിരവധി ഗാനങ്ങൾ പാടിയ ഗായകനായിരുന്നു ബംബ. ‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താളമയം’, ‘ബിഗിൽ’, ‘ഇരൈവിൻ നിഴൽ’ തുടങ്ങിയവയിലാണ് അദ്ദേഹം ഈയിടെ പാടിയ മറ്റുഗാനങ്ങൾ. ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ഗാനമാണ് ബംബ അവസാനമായി പാടിയത്.
അതേസമയം ഷാഹുൽ ഹമീദ് 1997-ലാണ് അന്തരിച്ചത്. എ.ആർ. റഹ്മാന്റെ പ്രിയഗായകൻ കൂടിയായിരുന്ന അദ്ദേഹം ചെന്നൈയിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ജെന്റിൽമാൻ എന്ന ചിത്രത്തിലെ ഉസിലാംപട്ടി പെൺകുട്ടീ, തിരുടാ തിരുടായിലെ രാസാത്തി എൻ ഉസിര്, മെയ് മാദത്തിലെ മദ്രാസി സുത്തി, കാതലനിലെ ഊർവസി ഊർവസി, പെട്ടാ റാപ്പ്, ജീൻസിലെ വാരായോ തോഴീ തുടങ്ങി നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിക്കറ്റാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 9-ന് ചിത്രം തിയറ്ററുകളിലെത്തും.