ലോസ് ആഞ്ജലീസ്: ക്ലാസിക്ക് ചിത്രം ‘റോമിയോ ആന്റ് ജൂലിയറ്റി’ലൂടെ ശ്രദ്ധ നേടി ഒലീവിയ ഹസി (74) അന്തരിച്ചു. കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സില്‍ 1951-ലാണ് ഒലീവിയ ജനിച്ചത്. പിതാവ് ആന്ദ്രെ ഒസൂന ഗായകനായിരുന്നു. സ്കോട്ടിഷ് വംശജയായ ജോയ് ഹസിയായിരുന്നു മാതാവ്. ബാല്യകാലം മുതല്‍ അഭിനയത്തോട് അഭിനിവേശമുണ്ടായിരുന്ന ഒലീവിയ ഏഴാം വയസ്സില്‍ മാതാവിനും സഹോദരനുമൊപ്പം ലണ്ടനിലേക്ക് കുടിയേറി. പഠനകാലത്ത് തന്നെ ഇറ്റാലിയ കോന്റി നാടക അക്കാദമിയില്‍ ചേരുകയും അഭിനയജീവിതം ആരംഭിക്കുകയും ചെയ്തു. പിന്നീട് ടെലിവിഷന്‍ ഷോകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ‘ദ ബാറ്റില്‍ ഓഫ് വില്ല ഫിയോറീത്ത’യിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Olivia Hussey | Photo: AFP
ഫ്രാങ്കേ സെഫിരെല്ലി സംവിധാനം ചെയ്ത ‘റോമിയോ ആന്റ് ജൂലിയറ്റാ’ണ് ഒലീവിയയുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് സംവിധായകന് ഒലീവിയയെ തിരഞ്ഞെടുത്തത്. ലിയോനാര്‍ഡ് വൈറ്റിങ് ആയിരുന്നു ചിത്രത്തില്‍ റോമിയോയുടെ വേഷത്തില്‍. 1968-ല്‍ റിലീസ് ചെയ്ത ചിത്രം വന്‍വിജയമായി. മികച്ച ഛായാഗ്രഹണത്തിനും മികച്ച കോസ്റ്റിയൂം ഡിസൈനുമുള്ള ഓസ്കർ പുരസ്കാരം നേടുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖതാരങ്ങള്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഒലീവിയയും ലിയോനാര്‍ഡ് വൈറ്റിങും സ്വന്തമാക്കി.
‘റോമിയോ ആന്റ് ജൂലിയറ്റി’ന് ശേഷം ഒലീവിയയെ ധാരാളം അവസരങ്ങള്‍ തേടി വന്നു. എന്നാല്‍, സിനിമ നല്കിയ പ്രശസ്തി അഗോറ ഫോബിയ എന്ന ഉത്കണാരോഗത്തിലേക്ക് തള്ളിവിട്ടുവെന്ന് ഒലീവിയ തുറന്ന് പറഞ്ഞിട്ടുണ്ട്. സുരക്ഷിതമെന്ന് താന്‍ കരുതുന്ന ഇടത്തില്‍നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള ഭയമാണ് അഗോറ ഫോബിയ. ഇവര്‍ ആള്‍ക്കൂട്ടത്തെ ഭയക്കുന്നു.
അഗോറ ഫോബിയയെ അതിജീവിച്ചതിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമായി. ദ സമ്മര്‍ടൈം കില്ലര്‍, ലോസ്റ്റ് ഹൊറൈസണ്‍, ബ്ലാക്ക് ക്രിസ്മസ്, ദ കാറ്റ് ആന്റ ദ കാനറി തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. 2015-ല്‍ റിലീസ് ചെയ്ത സോഷ്യല്‍ സൂയിസൈഡ് ആണ് ഏറ്റവുമൊടുവില്‍ വേഷമിട്ട സിനിമ. ജീസസ് ഓഫ് നസ്രത്ത്, ദ പൈരേറ്റ്, ലോണ്‍സം ഡോവ്, മര്‍ഡര്‍ ഷി റോട്ട് തുടങ്ങിയ ടിവി സീരീസുകളിലും ഡെഡ് മാന്‍സ് ഐലന്‍ഡ്, മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മദര്‍ ഓഫ് കൊല്‍ക്കത്ത തുടങ്ങിയ ടെലിഫിലിമുകളില്‍ അഭിനയിച്ചു.
‘റോമിയോ ജൂലിയറ്റ്’ സഹതാരം ലിയോനാര്‍ഡ് വൈറ്റിങുമായി ഒലീവിയ കുറച്ച് കാലം പ്രണയത്തിലായിരുന്നു. പിന്നീട് വേര്‍പിരിഞ്ഞുവെങ്കിലും അവര്‍ സുഹൃത്തുക്കളായി തുടര്‍ന്നു. അതിന് ശേഷം നടന് ക്രിസ്റ്റഫര്‍ ജോൺസുമായി ഒലീവിയ പ്രണയത്തിലായി.എന്നാല്‍ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്ന് ക്രിസ്റ്റഫറുമായുള്ള ബന്ധം അവസാനിപ്പിച്ചു. 2018-ല്‍ ഒരു അഭിമുഖത്തില്‍ ജോൺസിനെക്കുറിച്ച് ഒലീവിയ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ബന്ധം അവസാനിപ്പിച്ച വൈരാഗ്യത്തിന് ജോണ്‍സ് തന്നെ ബലാത്സംഗം ചെയ്തുവെന്നും തുടർന്ന് ഗര്‍ഭിണിയായെന്നും ഒടുവില്‍ ഗര്‍ഭം അലസിപ്പിച്ചെന്നും ഒലീവിയ പറഞ്ഞു.
1971-ല്‍ നടനും ഗായകനും എയര്‍ നാഷ്ണല്‍ ഗാര്‍ഡുമായ ഡീന്‍ പോള്‍ മാര്‍ട്ടിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ അലക്സാണ്ടര്‍ മാര്ട്ടിന് എന്ന മകന് ജനിച്ചു. 1978-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 1980-ല്‍ ജപ്പാനീസ് ഗായകന് അകിര ഫ്യൂസിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ മാക്സിമില്ലന്‍ ഹസി ഫ്യൂസ് എന്ന മകന് ജനിച്ചു. അകിര ഫ്യൂസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം അമേരിക്കൻ സംഗീതജ്ഞന് ഡേവിഡ് ഗ്ലെന്‍ എയ്സ്ലിയെ വിവാഹം ചെയ്തു. നടിയായ ഇന്ത്യ എയ്സ്ലി ഈ ബന്ധത്തില്‍ പിറന്ന മകളാണ്.
2008-ൽ ഒലീവിയയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചു. പത്ത് വർഷത്തോളമാണ് ചികിത്സ നേടിയത്. ആദ്യ സിനിമ മുതൽ കാൻസർ പോരാട്ടം വരെയുള്ള അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 2018-ൽ ‘ഗേൾ ഓൺ ദ ബാൽക്കണി; ഒലീവിയ ഹസി ഫൈൻസ് ലൈഫ് ആഫ്റ്റർ റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]