കൊച്ചി: അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയമാകുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് സംഘടന പറയുന്നു.
ഈ വര്‍ഷം 199 സിനിമകള്‍ റിലീസായി. ആകെ നിര്‍മാണ ചെലവ് 1000 കോടിയോളം. അതില്‍ 26 സിനിമകള്‍ വിജയിച്ചപ്പോള്‍ 300 കോടി തിരിച്ചു പിടിക്കാനായി. 700 കോടിയോളം നഷ്ടമായി. താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
ഈ വര്‍ഷം അഞ്ച് സിനിമകളാണ് 100 കോടി വരുമാനം നേടിയത്. വര്‍ഷാദ്യം പുറത്തുവന്ന മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, എ.ആര്.എം തുടങ്ങിയ ചിത്രങ്ങളാണ് 100 കോടി കടന്നത്. അതില്‍ മഞ്ഞുമ്മല്‍ ബോയ്സ് 242 കോടി നേടി. തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയായിരുന്നു വരുമാനം. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളര്‍ നേടിയ ഈ സിനിമ കര്‍ണാടകയിലും 10 കോടിക്കടുത്ത് നേടി.
കിഷ്ക്കിന്ധാകാണ്ഡം, ഗുരുവായൂരമ്പല നടയില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങള്‍ 50 കോടിക്ക് മേലേയും കളക്ഷന്‍ നേടി. ഗോളം, പണി, മുറ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കുതിപ്പുണ്ടാക്കി.
ഇന്ത്യന്‍ സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാള സിനിമയില്‍നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം. 2018, രോമാഞ്ചം, കണ്ണൂര്‍സ്ക്വാഡ്, ആര്.ഡി.എക്സ്, നേര് എന്നീ വിജയചിത്രങ്ങള്‍ പിറന്ന കഴിഞ്ഞവര്‍ഷം 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]