ചെണ്ടയിൽ താളം കൊട്ടിക്കയറുന്നു. ഉറഞ്ഞുതുള്ളുകയാണ് വെളിച്ചപ്പാട്. വാളുകൊണ്ട് നെറുകയിൽ സ്വയം വെട്ടുന്നു. ചോര വാർന്നൊഴുകുന്നു. പിന്നെയൊരു ഓട്ടമാണ്, നിത്യപൂജ ചെയ്ത് ആരാധിച്ച ഭഗവതിയുടെ അരികിലേക്ക്. ശ്രീകോവിലിൽ ഭഗവതിയുടെ മുഖത്ത് അയാൾ കാർക്കിച്ചു തുപ്പി. പിന്നെ സ്വയം വെട്ടി മരിച്ചു…
എം.ടി. ആദ്യമായി സംവിധാനം ചെയ്ത നിർമാല്യം സിനിമയുടെ ക്ലൈമാക്സ്. വിശ്വാസങ്ങൾക്കും ഭക്തിക്കുമപ്പുറമാണ് പച്ചമനുഷ്യരും അവരുടെ വികാരവിചാരങ്ങളുമെന്ന് മലയാളി തിരിച്ചറിഞ്ഞ നിമിഷം. തന്റെ തന്നെ ചെറുകഥ ‘പള്ളിവാളും കാൽച്ചിലമ്പും’ ആശയമാക്കി സിനിമയെടുക്കണമെന്ന് എം.ടി. ആഗ്രഹിച്ചപ്പോഴാണ് നിർമാല്യം മുളപൊട്ടുന്നത്- 1973-ൽ. പക്ഷേ, എളുപ്പമായിരുന്നില്ല കാര്യങ്ങൾ.
ദാരിദ്ര്യമെന്ന അവസ്ഥ മനുഷ്യനെ എത്രമേൽ മാറ്റിമറിക്കുമെന്ന് പറയുന്നിടത്താണ് നിർമാല്യം നല്ല സിനിമയായി മാറുകയെന്ന ബോധ്യം എം.ടി.യിലെ സിനിമാക്കാരനുണ്ടായിരുന്നു. അങ്ങനെയെങ്കിൽ, ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽപ്പെട്ട മനുഷ്യൻ ഒരു നിമിഷമെങ്കിലും ദൈവത്തെ തള്ളിപ്പറയണം. അത് സിനിമയിൽ ചിത്രീകരിക്കപ്പെടുകയും വേണം. അത്തരമൊരു കഥാഗതി കേരളത്തിന്റെ സാമൂഹികചുറ്റുപാട് അനുവദിക്കുമോ. പക്ഷേ, എം.ടി. തന്റെ നിലപാടുതറയിൽ ഉറച്ചുനിന്നു. കഥ സത്യസന്ധമായി പറയുക എന്ന വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു.
ക്ഷയിച്ചു നാമാവശേഷമായ ഒരമ്പലം. അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന പാവപ്പെട്ട കുറേ മനുഷ്യർ. ഈ കഥാപാശ്ചാത്തലത്തിന് യോജിച്ച സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യവെല്ലുവിളി.
പല നാടുകൾ താണ്ടിയുള്ള അന്വേഷണം ചെന്നെത്തിയത് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്തുള്ള മൂക്കുതല എന്ന ഗ്രാമത്തിൽ. എം.ടി. മനസ്സിൽ കണ്ടതുപോലെ കാവും കുളവും കാടുമൊക്കെയുളള തനി നാടൻ ഗ്രാമം. നിഷ്കളങ്കരായ മനുഷ്യർ. ആ ഗ്രാമത്തിലെ പലരിലും അമ്മിണിയെയും ഉണ്ണി നമ്പൂതിരിയെയും വെളിച്ചപ്പാടിനെയും അദ്ദേഹം കണ്ടു.
മൂക്കുതല കീഴേക്കാവ് ക്ഷേത്രവും പരിസരവുമായിരുന്നു പ്രധാന ലൊക്കേഷൻ. പി.ജെ. ആന്റണിയും രവി മേനോനും സുകുമാരനുമൊക്കെ ഷൂട്ടിങ്ങിനെത്തിയപ്പോൾ നാടിന് ഉത്സവമായി. നാട്ടുകാരായിരുന്നു സിനിമയുടെ എല്ലാ കാര്യത്തിനും മുൻപിൽ. ചിലർ സിനിമാക്കാർക്ക് താമസിക്കാൻ വീട്ടിലിടം നൽകി. ചിലർക്കെങ്കിലും ചെറിയ വേഷവും ഒത്തുകിട്ടി.
അപ്പോഴും എം.ടി. ആശങ്കയിലായിരുന്നു. ഹിന്ദു ദൈവത്തിന്റെ മുഖത്ത് ക്രിസ്ത്യാനിയായ നടൻ പി.ജെ. ആന്റണി കാർക്കിച്ചുതുപ്പിയാൽ ഉണ്ടാകാവുന്ന കോലാഹലം പ്രതീക്ഷിച്ചുതന്നെയായിരുന്നു ഷൂട്ടിങ് തുടങ്ങിയതെന്ന് എം.ടി. പിന്നീട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു സീൻ എടുക്കുന്നതിനുമുൻപ് എം.ടി. രഹസ്യമായി നാട്ടുകാരുടെ മനസ്സറിയാൻ ശ്രമിച്ചിരുന്നു. വലിയ പ്രശ്നമാകുകയാണെങ്കിൽ മാത്രം സെറ്റിട്ട് ഷൂട്ട് നടത്തിയാൽ മതിയെന്നും ഉറപ്പിച്ചിരുന്നു. ചില മുറുമുറുപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തേതുപോലെ വൈകാരികമായിരുന്നില്ല മൂക്കുതലക്കാരുടെ പ്രതികരണം.
ഒടുവിൽ ഒറ്റസീൻ പോലും സെറ്റിടാതെയാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. സിനിമ ഇറങ്ങിയശേഷവും ഒരു പ്രതിഷേധവും മൂക്കുതലയിലുണ്ടായില്ല. മാത്രമല്ല, എം.ടി. എന്ന എഴുത്തുകാരനും സിനിമാക്കാരനും അന്നാട്ടുകാർക്ക് കൂടുതൽ പ്രിയങ്കരനായി. ഇക്കാലത്താണെങ്കിൽ നിർമാല്യം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നാണ് സിനിമയുടെ അമ്പതാം വാർഷികവേളയിൽ എം.ടി. പ്രതികരിച്ചത്.
‘കാലം ഒരുക്കിത്തന്ന അനുകൂലസാഹചര്യം ഉപയോഗപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. അതിന് മൂക്കുതല ഗ്രാമത്തോടും അന്നാട്ടുകാരോടും കടപ്പെട്ടിരിക്കുന്നു’- എം.ടി. പലപ്പോഴും പറഞ്ഞു.അന്ന് ക്ഷയിച്ച് നിത്യപൂജയ്ക്കുപോലും വഴിയില്ലാതെ കിടന്നിരുന്ന കീഴേക്കാവ് ഇന്ന് അങ്ങനെയല്ല. ദക്ഷിണ മൂകാംബിക എന്നു വിശേഷിപ്പിക്കപ്പടുന്ന മൂക്കുതലയും അവിടുത്തെ ക്ഷേത്രങ്ങളും ഇന്ന് വളരെയേറെ വികസിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]