
ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഉലകനായകനാണ് കമൽ ഹാസൻ. എന്നാൽ ഇതേ സൂപ്പർതാരം തന്റെ ഗുരുനാഥനായി മനസിൽ ആരാധിക്കുന്ന ഒരാളുണ്ട്. അദ്ദേഹത്തെ ആദ്യമായി നായകനായി സിനിമയിൽ അവതരിപ്പിച്ച കെ. ബാലചന്ദറാണ് അത്. കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലാണ് കമൽ ആദ്യമായി നായകനായി അഭിനയിച്ചത്. ബാലചന്ദറിന്റെ ഒമ്പതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് കമൽ.
2014 ഡിസംബർ 23-നായിരുന്നു കെ. ബാലചന്ദർ അന്തരിച്ചത്. മനസിൽ പിതൃസ്ഥാനമുള്ള ഗുരുനാഥൻ എന്നാണ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കമൽ ഹാസൻ കെ. ബാലചന്ദറിനെ വിശേഷിപ്പിച്ചത്. അവിശ്വസനീയമായ എണ്ണം സിനിമകൾ സംവിധാനം ചെയ്ത പ്രതിഭയായിരുന്നു ബാലചന്ദർ. നിരവധി താരങ്ങളെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന നടൻ. സ്വതസിദ്ധമായ ശൈലിയിൽ എപ്പോഴും സിനിമകൾ സമ്മാനിച്ച സംവിധായകനായിരുന്നു സിക്കാറാം കെ ബാലചന്ദർ. മനസിൽ പിതൃസ്ഥാനമുള്ള ഗുരുനാഥനെ അദ്ദേഹത്തിന്റെ ഓർമദിനത്തിൽ അനുസ്മരിക്കുന്നുവെന്നും കമൽ ഹാസൻ കുറിച്ചു.
ഇയക്കുണർ സിഗരം എന്നായിരുന്നു തമിഴ് സിനിമാലോകം ബാലചന്ദറിനെ വിശേഷിപ്പിച്ചിരുന്നത്. 1964-ൽ തിരക്കഥാകൃത്തായി സിനിമാ ജീവിതം തുടങ്ങിയ ബാലചന്ദർ 1965-ൽ നീർക്കുമിഴി എന്ന ചിത്രത്തിലൂടെ സംവിധായകനായി. 50 വർഷം നീണ്ടുനിന്ന കരിയറിൽ 100 ഓളം ചിത്രങ്ങളിൽ തിരക്കഥാകൃത്തും സംവിധായകനുമായി. 9 ദേശീയ പുരസ്കാരങ്ങളും 11 തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും 5 നന്തി പുരസ്കാരങ്ങളും 13 ഫിലിം ഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
1987-ൽ പദ്മശ്രീ പുരസ്കാരം നൽകി രാജ്യം കെ. ബാലചന്ദറിനെ ആദരിച്ചു. 2010-ൽ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഈ പുരസ്കാരം നേടുന്ന ആദ്യ തമിഴ് സിനിമാ സംവിധായകൻകൂടിയായിരുന്നു കെ. ബാലചന്ദർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]