
ഒരു ‘രാജ്ഞി’യെ എന്നപോലെയാണ് മലയാള സിനിമ മീരാ ജാസ്മിനെ സ്വീകരിച്ചത്. അവളുടെ ചിരിക്കൊപ്പം ഒരു തലമുറയൊന്നാകെ ചിരിച്ചു, അവളുടെ കരച്ചിലിനൊപ്പം കണ്ണുതുടച്ചു, അവൾ കാണിച്ച കുസൃതിയിൽ തിയേറ്റർ നിറഞ്ഞുതുളുമ്പി. വളരെ ചെറിയ പ്രായത്തിൽ, നന്നേ കുറച്ചു സിനിമകൾകൊണ്ട് മീര മലയാളത്തിലെ പ്രിയനടിമാരിലൊരാളായിമാറി. പക്ഷേ, തന്റെ കഥാപാത്രങ്ങളെപ്പോലെതന്നെ മീര പലപ്പോഴും പിടിതരാതെ കടന്നുപോയി. എങ്ങോട്ടാണ് പോയതെന്നറിയാതെ നീണ്ട ഇടവേളകൾ. മലയാളത്തിൽ വീണ്ടും സജീവമാകുകയാണ് മീര. സത്യൻ അന്തിക്കാടിന്റെ ‘മകൾ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീര, എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്ത്’ എന്ന സിനിമയിൽ ടൈറ്റിൽ റോളിലെത്തുന്നു. ഈ വരവിൽ മീരയ്ക്കൊപ്പം നായകനായി നരേനുമുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മീര പങ്കുവെക്കുന്നു.
പുതിയ സിനിമ ക്വീൻ എലിസബത്തിനെപ്പറ്റി പറഞ്ഞുതുടങ്ങാം…
സംവിധായകൻ പത്മകുമാർസാറും പ്രൊഡ്യൂസർമാരായ ശ്രീറാമും രഞ്ജിത്തുമെല്ലാം ഈ സിനിമയിലേക്ക് എന്നെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അവരുടെ കൈയിൽ എന്നെ ബന്ധപ്പെടാൻ വഴിയുണ്ടായിരുന്നില്ല. അങ്ങനെ അവർ എന്റെ സഹോദരി ജെന്നിയോട് ഈ കഥ പറഞ്ഞു. കഥ അവൾക്ക് ഇഷ്ടമായതോടെ എന്നെ വിളിച്ചു. നല്ല കഥയാണെന്നും നീ കേൾക്കണമെന്നും പറഞ്ഞു. അപ്പോഴും എനിക്കുറപ്പില്ലായിരുന്നു. ആ സമയം ഞാൻ അമേരിക്കയിലാണ്. ഒരു ദിവസം സൂം മീറ്റിങ്ങിലൂടെ കഥ കേട്ടു. കേൾക്കുമ്പോൾത്തന്നെ ഞാൻ നന്നായി ആസ്വദിച്ചു. തമാശകൾക്ക് ചിരിച്ചും മറ്റുമായി കഥയിൽ ലയിച്ചുചേർന്നു. കഥ ഇഷ്ടപ്പെട്ടതോടെ ഞാൻ ഓക്കെ പറഞ്ഞു. നന്നായി തമാശയുള്ള എന്റർടെയ്നറാണ് ക്വീൻ എലിസബത്ത്. ഒപ്പം സിനിമയുടെ പ്ലോട്ടിനും പറയുന്ന രീതിക്കും പുതുമയുണ്ട്.
പെർഫോമൻസിന് സാധ്യതയുള്ള കഥാപാത്രമാണോ…
‘എലിസബത്ത്’ ടൈറ്റിൽ റോളാണ്. ആരെയും അടുപ്പിക്കാത്ത ഒരു ബോസി ക്യാരക്ടർ. ഇത്തിരി ധിക്കാരം തോന്നിപ്പിക്കും. പക്ഷേ, പാവവുമാണ്. എലിസബത്തിന്റെ ജീവിതവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമയുടെ പോക്ക്. എലിസബത്ത് നന്നായി ആസ്വദിച്ചാണ് ചെയ്തത്. പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഈ വരവിൽ ഒപ്പം നരേനുമുണ്ടല്ലോ. ഈ ഇടവേളയിൽ എന്തെല്ലാം മാറ്റങ്ങൾ നിങ്ങൾക്കിടയിൽ സംഭവിച്ചു…
സിനിമയിൽ അടുത്തസുഹൃത്തുക്കളിലൊരാളാണ് നരേൻ. വീണ്ടും ഒരുമിച്ച് ഒരു സിനിമയുടെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ട്. സിനിമ തുടങ്ങുന്നതിന് ഏഴുമാസംമുമ്പ് ഞങ്ങൾ വിദേശത്തുവെച്ച് കണ്ടുമുട്ടിയിരുന്നു. ഒരുപാട് വർഷത്തിനുശേഷമുള്ള കണ്ടുമുട്ടൽ. ഇടയ്ക്ക് ഫോണിൽ സംസാരിക്കും. അന്നൊന്നും ഇങ്ങനെയൊരു പ്രോജക്ടിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അപ്രതീക്ഷിതമായാണ് ഈ സിനിമയിൽ ഒരുമിച്ചത്. ഈ സിനിയോടെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ മികച്ചതായി.
ഒരുപാട് കഥകൾക്ക് നോ പറയുന്ന മീര, എങ്ങനെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്…
കഥ കേൾക്കാൻ ഞാൻ ഒരു ടീം രൂപവത്കരിച്ചിട്ടുണ്ട്. ഒരു കഥ കേട്ടാൽ അത് അവരോട് ചർച്ചചെയ്യും. എന്നിട്ടാണ് തീരുമാനത്തിലെത്തുക. ഇതിനുപുറമേ സിനിമ മൊത്തത്തിൽ പഠിക്കും. ക്യാരക്ടർ എന്താണ്? സംവിധായകൻ ആരാണ്? എന്നിങ്ങനെ പല ഘടകങ്ങളും ശ്രദ്ധിക്കും. ഒപ്പം സഹനടന്മാരെപ്പറ്റിയും അന്വേഷിക്കാറുണ്ട്. എന്നിട്ടുമാത്രമേ ഓക്കെ പറയാറുള്ളൂ.
ഇടവേളകളിൽ എന്തായിരുന്നു പരിപാടി. സിനിമ മിസ് ചെയ്തിരുന്നില്ലേ…
ഇവിടെയൊക്കെ ഉണ്ടായിരുന്നു ഞാൻ. സിനിമകളൊക്ക കാണുമായിരുന്നു. അഭിനയത്തിൽനിന്ന് മാത്രമാണ് ബ്രേക്കെടുത്തത്. പക്ഷേ, ജീവിതത്തിലെ ബാക്കി എല്ലാ ഇഷ്ടങ്ങളും തുടർന്നു. ഒരുപാട് യാത്രകൾചെയ്തു. യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോയി. ചെയ്യുന്നത് ആസ്വദിക്കുക എന്നതാണ് എന്റെ രീതി. അഭിനയിക്കുമ്പോൾ സിനിമയെപ്പറ്റി മാത്രം ആലോചിക്കും. യാത്രയിലാകുമ്പോൾ അതിനെക്കുറിച്ചും. അതുകൊണ്ട് അധികം കാര്യങ്ങളൊന്നും മിസ് ചെയ്തതായി തോന്നിയിട്ടില്ല.
ഈ വരവിൽ മീരയെ സ്ഥിരമായി കാണാനാവുമോ…
തുടരെ കാണാനാവുമെന്നുതന്നെയാണ് പ്രതീക്ഷ. നല്ല കഥാപാത്രങ്ങളും സിനിമകളും വന്നാൽ ഇവിടെത്തന്നെ സജീവമായി തുടരും. തമിഴിലും തെലുഗിലും ഓരോ സിനിമകൾ വരാനിരിക്കുന്നുണ്ട്. മലയാളത്തിലും ഉടനെ ഒരു ചിത്രം പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]