സണ്ണി വെയ്ൻ, ലുക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത ‘ടർകിഷ് തർക്കം’ എന്ന സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. നിർമാതാക്കളായ ബിഗ് പിക്ചേഴ്സാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളത്തിൽ ഇക്കാര്യം അറിയിച്ചത്. സിനിമ തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ചതിനു ശേഷം പ്രദർശിപ്പിക്കും എന്നായിരുന്നു വിശദീകരണം. ഒരു ശവസംസ്കാരവും അടിപിടിയും വിവാദവും പൊലീസ് ഇടപെടലും പ്രമേയമായ സിനിമയ്ക്കെതിരെ ചിലർ മതനിന്ദ ആരോപിച്ചുവെന്നും നിർമാതാവിനും സംവിധായകനും നേരെ ഭീഷണിയുണ്ടെന്നും പ്രചരണമുണ്ടായിരുന്നു.
വിവാദത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ലുക്മാൻ. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിയില്ലെന്നും വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണമെന്നും ലുക്മാൻ വ്യക്തമാക്കി.
ലുക്മാന്റെ കുറിപ്പ്
ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.
അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]