പത്തു വയസുകാരന്റെ മുമ്പില്‍ പത്തുതരം മിഠായി വച്ചിട്ട് ഇഷ്ടമുള്ളതെടുത്തുകൊള്ളാന് പറയുമ്പോഴുണ്ടാകുന്ന ഒരു കണ്ഫ്യൂഷനുണ്ടല്ലോ? അതേ അവസ്ഥയാണ് ഓഫ് ദിവസം ഒ.ടി.ടിയില്‍ സിനിമ കാണുന്നത്. പല പ്ലാറ്റ്ഫോമുകളലായി പലതരം സിനിമകളും സീരീസുകളും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് റിമോട്ട് മാറ്റി മാറ്റി അരമണിക്കൂറോളം പോകും. അതിനൊടുവില്‍ ഏതെങ്കിലുമൊന്നില്‍ റിമോട്ടമരും. അങ്ങനെ അവിചാരിതമായാണ് ‘ലവ് നെക്സ്റ്റ് ഡോര്‍’ എന്ന കൊറിയന്‍ റൊമാന്റിക് ഡ്രാമാ സീരീസുമായി പരിചയത്തിലായത്. കെ പോപ്പും കെ ഡ്രാമയും മലയാളി യുവത ആവേശമായി കൊണ്ടാടുന്നതിനിടിയില് ഒരു ഫിഫ്റ്റി പ്ലസുകാരന്റെ നുഴഞ്ഞുകയറ്റം. ഉള്ളതു പറയാമല്ലോ ഒന്നര മാസത്തോളമെടുത്തെങ്കിലും (ആകെ ഓഫ് ദിവസം മാത്രമാണ് സിനിമ എന്ന ലക്ഷ്വറി) പുതിയ കുറെ തിരിച്ചറിവുകള്‍ നല്‍കിയാണ് ചോയി സാങ് ഹായും (ചങ് ഹേ ഇന്‍-നായകന് ), ബേ സോക് റ്യൂയും (ചങ് സോ മിന്-നായിക) സഹതാരങ്ങളും കാഴ്ചയില്‍ നിന്ന് മറഞ്ഞത്.
കെ പോപ്പും കെ ഡ്രാമയും കേരളത്തില്‍ ഇത്രയും ഹരമാകുന്നതിനു മുമ്പേ കൊറിയന്‍ പോപ്പ് താരം സൈയുടെ ‘ഓപ്പണ്‍ ഗന്നം സ്റ്റൈലും’ മറ്റു കൊറിയന്‍ പോപ്പ് ബാന്‍ഡുകളുടെ പ്രകടനവുമൊക്കെ നേരിട്ടു കാണാനും ആസ്വദിക്കാനും അവസരമുണ്ടായിട്ടുണ്ട്. 2014-ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ അരങ്ങേറിയ ഏഷ്യന്‍ ഗെയിംസ് മാതൃഭൂമിക്കുവേണ്ടി കവര്‍ ചെയ്തപ്പോഴായിരുന്നു ഇവരെയൊക്കെ നേരില്‍ കണ്ടതും അവരുടെ പ്രകടനങ്ങള്‍ ആസ്വദിച്ചതും. അതിനുമുമ്പു തന്നെ കിം കി ഡുക്കിലൂടെ കൊറിയന്‍ സിനിമകളും പരിചയപ്പെട്ടിരുന്നു. പക്ഷേ, കൊറിയന്‍ ഡ്രാമാ സീരീസുമായിട്ടുള്ള ആദ്യ പരിചയത്തിന് പിന്നെയും പത്തു വര്‍ഷം വേണ്ടിവന്നു. ലവ് നെക്സ്റ്റ് ഡോറിലൂടെ വന്ന ആ പരിചയം ഒട്ടും നിരാശപ്പെടുത്തിയില്ലെന്നതാണ് സത്യം.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് മീഡിയ സെന്ററിലെ ഒരു റെസ്റ്റോറന്റിൽ ലേഖകൻ
ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തില്‍ അമേരിക്കയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി വിട്ട് നാട്ടില്‍ പുതിയൊരു ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന നായിക. നാട്ടില്‍ ആര്‍ക്കിടെക്റ്റായി എസ്റ്റാബ്ലിഷ് ചെയ്തെങ്കിലും ജീവിതത്തില്‍ എന്തൊക്കെയോ കൈമോശം വന്ന നായകന്. ഇരുവരും ബാല്യകാല സുഹൃത്തുകള്‍. പാരാമെഡിക്കല്‍ ജോലി ചെയ്യുന്ന ഇവരുടെ കൂട്ടുകാരി. അവരുമായി ആകസ്മികമായി പരിചയപ്പേടേണ്ടി വരുന്ന ഒരു പത്രപ്രവര്ത്തകന്. ഇവരുടെയൊക്കെ കുടുംബങ്ങള്‍. ഇവരെല്ലാമുള്‍പ്പെട്ട ചെറിയ ഒരു കാന്‍വാസില്‍ വലിയൊരു ജീവിതം പറയുകയാണ് പരമ്പരയിലൂടെ സംവിധായകന്. 16 എപ്പിസോഡുകള്‍ ഉള്ള ഈ സീരീസില്‍ കഥകളും ഉപകഥകളും വഴി മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളും സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളുമായുള്ള അകലവുമൊക്കെ നമ്മളുടെ മുന്നിലെത്തുന്നു.
ഉന്നത വിദ്യാഭ്യാസവും സമ്പത്തുമെല്ലാം ഉണ്ടായിട്ടും പരസ്പരം മനസിലാക്കാന്‍ കഴിയാതെപോകുന്ന ദമ്പതിമാരും ഓരോ ദിവസവും ജീവിതം പോരാട്ടമാകുമ്പോഴും ഒരുമിച്ചു കൈകോര്‍ത്ത് അതിനെ നേരിടുന്ന ദമ്പതിമാരുമൊക്കെ യഥാര്‍ഥ ജീവിത അനുഭവങ്ങളാണ് നല്‍കുന്നത്. ജയിച്ചെന്നു കരുതുന്ന തോറ്റവരും തോല്‍വിയില്‍ നിന്ന് തോല്‍വിയിലേക്ക് പോകുമ്പോഴും പിടിച്ചുനില്ക്കാന് ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുന്നവരുമൊക്കെ തരുന്ന ജീവിത വീക്ഷണം ഒരു പൈങ്കിളി ഡ്രാമയുടേതല്ല. അമേരിക്കയില്‍ നിന്നു വന്ന നായിക തന്നെ കൊറിയയുടെ ഇപ്പോഴത്തെ അവസ്ഥയെ ട്രോളുന്നുണ്ട്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് നായികയുടെ അഭിപ്രായമിതാണ് ‘കൊറിയയില്‍ ഇപ്പോള്‍ കെ പോപ്പും കെ ഡ്രാമയും കഴിഞ്ഞ് കെ സൂപ്പര്സ്റ്റിഷന്സിനാണോ പ്രചാരം’
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് കവര്‍ ചെയ്യുന്നതിന് മുന്നോടിയായി കൊറിയയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചും അവിടുത്തെ മലയാളി സുഹൃത്തുക്കള്‍ വഴിയുമൊക്കെയായി ആ രാജ്യത്തെക്കുറിച്ച് ഒരു ധാരണ രൂപപ്പെടുത്തിയിരുന്നു. ആചാരമര്യാദകളുള്ള, മുതിര്‍ന്നവരെയും സ്ത്രീകളെയും ബഹുമാനിക്കുന്ന സംസ്കാരസമ്പന്നമായ രാജ്യം. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെന്നിറങ്ങി മൂന്നാഴ്ച കഴിഞ്ഞ് തിരിച്ചു കയറുമ്പോള്‍ വരെ കൊറിയാക്കാരുടെ ആദിത്യമര്യാദയും സ്നേഹവും
നേരിട്ടനുഭവിക്കാന്‍ സാധിച്ചു. തലചരിച്ചുള്ള അവരുടെ അഭിവാദ്യങ്ങളും അന്യാഹസോയോയും (ഹലോ, ഹായ്) കംസാ-അനിദായു (താങ്ക് യു) മൊക്കെ ജീവിതിത്തിന്റെ ഭാഗമായി മാറിയ ദിവസങ്ങള്‍. ഏഷ്യന്‍ ഗെയിംസിനെത്തുന്ന അതിഥികളുടെ മുന്നില്‍ ഒരുക്കിയ തട്ടിക്കൂട്ട് പരിപാടി ആയിരുന്നില്ല ഇതെന്നും അവരുടെ ഹൃദയത്തില്‍ നിന്നു വരുന്നതാണെന്നും ആദ്യ ദിവസം തന്നെ മനസിലായി. ആ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കുകൂടിയായി ‘ലവ് നെക്സ്റ്റ് ഡോര്‍’. എത്ര മനോഹരമായാണ് കൊറിയയുടെ പാരമ്പര്യവും സംസ്കാരവും ആചാരങ്ങളുമൊക്കെ അവര്‍ അവരുടെ ഡ്രാമകളിലൂടെ വരച്ചുകാട്ടുന്നത്.
അതിനിടിയില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സീരിയല്‍ വിവാദവും ഓര്‍ത്തുപോയി.
കൊറിയയുടെ സുന്ദരപ്രകൃതിയും മലനിരകളും പച്ചപ്പും ചെറി ബ്ലോസവുമൊക്കെ അനുഭവിപ്പിച്ച് മനസില്‍ ഒരു തണുപ്പു നല്‍കാനും ലവ് നെക്സ്റ്റ് ഡോറിനാകുന്നുണ്ട്. പരമ്പരയുടെ തുടക്കത്തില്‍ നായകനും അദ്ദേഹത്തെ അഭിമുഖം ചെയ്യാന്‍ വരുന്ന പത്രപ്രവര്‍ത്തകനും തെരുവില്‍ ആക്രി പെറുക്കി ജീവിക്കുന്ന ഒരു വയോധികയെ സഹായിക്കുന്ന രംഗമുണ്ട്. അവരുടെ ചക്രവണ്ടി പഴകിപ്പൊളിഞ്ഞ് സാധനങ്ങള്‍ താഴെ വീഴുകയാണ്. രണ്ടു പേരുംകൂടി എത്തി അവരെ സഹായിക്കുന്നു. പരമ്പരയുടെ അവസാന ഭാഗത്ത് ആ സ്ത്രീ അറിയാതെ അവര്‍ താമസിക്കുന്ന ഒറ്റമുറി വീട് (വീടെന്നു വേണമെങ്കില്‍ പറയാം) നായകനും കൂട്ടുകാരും ചേര്‍ന്ന് പുതുക്കിപ്പണിതു നല്‍കുന്നുണ്ട്. വെളിച്ചം കടക്കാത്ത ആ ഒറ്റമുറിക്ക് അവര്‍ ഒരു ചില്ലുജാലകം വച്ചുകൊടുക്കുന്നുണ്ട്. വൈകുന്നേരം തിരിച്ചെത്തുന്ന ആ വയോധിക പറയുന്നുണ്ട്.’ ഇനി ജോലികഴിഞ്ഞു വന്ന് എനിക്ക് ഈ ജാലകത്തിലൂടെ പുറത്തേക്ക് അല്‍പ്പസമയം നോക്കി നില്ക്കാം’ . കൊറിയന്‍ സംസ്കാരത്തിന്റെയും ജീവിതത്തിന്റേയും കണ്ണാടിയായി തന്നെ മാറുകയാണ് ഈ ഡ്രാമ.
പരമ്പരയുടെ അവസാന ഭാഗത്തു തന്നെ നായകന്റെയും നായികയുടെയും അചഛന്മാര്‍ സന്തോഷമടക്കാനാകാതെ കരയുന്നുണ്ട്. നായകന്റെ അച്ഛനായ ഡോക്ടര്‍ അതിനുള്ള ഉത്തരവും നല്‍കുന്നുണ്ട്. അമ്പതു വയസുകഴിഞ്ഞാല്‍ പുരുഷന്മാരില് ടെസ്റ്റോസ്റ്റെറോണിന്റെ അളവു കുറയും. മൂഡ് ചെയ്ഞ്ച് ഉണ്ടാവും. അതാണ് കരച്ചില് നിയന്ത്രിക്കാനാവാത്തത്.
ലവ് നെക്സ്റ്റ് ഡോർ എന്ന വെബ് സീരീസിൽ നിന്ന്
പരമ്പരയ്ക്കൊടുവില്‍ എല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭമാകുമ്പോള്‍ എന്റെ കണ്ണിലും കുറച്ചു കണ്ണീര് വന്നു… സന്തോഷ കണ്ണീര്. ഞാനും ഒരു ഫിഫ്റ്റി പ്ലസുകാരനാണല്ലോ എന്ന ഓര്മ അപ്പോഴാണ് വന്നത്. അത്രയ്ക്ക് നമ്മളെ പിടിച്ചിരുത്താന്‍ ‘ലവ് നെക്സറ്റ് ഡോറിനു’ കഴിയുന്നുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നെറ്റ്ഫ്ളിക്സിലൂടെ പ്രക്ഷേപണം ചെയ്ത പരമ്പര വന്‍ വിജയമായിരുന്നു. പത്ത് വിദേശ രാജ്യങ്ങളില്‍ ടോപ് ടെന്‍ ലിസ്റ്റിലെത്താന്‍ പരമ്പരയ്ക്കായി. അത്തരമൊരു അനുഭവത്തിലേക്കാണ് ചോയി സാങും ബേ സോക് റ്യൂയും കൂട്ടരും നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഷിന് ഹായൂണ്‍ എഴുതി യു ജെവോണ്‍ സംവിധാനം ചെയ്ത പരമ്പര നെറ്റ്ഫ്ളിക്സില്‍ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]