ചെന്നൈ: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ കേസെടുത്ത നടൻ മൻസൂർ അലിഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച ചെന്നൈയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
തൗസന്റ് ലൈറ്റ്സ് പോലീസാണ് മൻസൂർ അലിഖാനെതിരേ കേസെടുത്തിരുന്നത്. ഇതേത്തുടർന്നാണ് മുൻകൂർജാമ്യം തേടി നടൻ കോടതിയെ സമീപിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം.
തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കി. ഇതിനുപിന്നാലെ മൻസൂർ അലിഖാനെതിരേ സിനിമാലോകത്തുനിന്ന് വ്യാപകപ്രതിഷേധവും ഉയർന്നു. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരിക്കലും മാപ്പുപറയില്ലെന്നുമാണ് മൻസൂർ അലിഖാൻ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ വ്യാഴാഴ്ച ഖേദപ്രകടനം നടത്തി.
താൻ നടത്തിയ പരാമർശം വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും നടിയെന്നനിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്നും മൻസൂർ അലിഖാൻ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]