
ബോളിവുഡിന്റെ താരസിംഹാസനത്തില് ഇരിപ്പുറപ്പിക്കുന്നതിന് മുമ്പ് ഒരു ഇരുണ്ടകാലം അമിതാഭ് ബച്ചന്റെ ജീവിതത്തിലുമുണ്ടായിരുന്നു. സിനിമാക്കഥപോലെ സംഭവഹുലമായ ഒരു ജീവിതം. കരിയറിന്റെ തുടക്കത്തില്‍ ബച്ചന് അഭിനയിച്ച മിക്ക സിനിമകളും ബോക്സോഫീസില്‍ പരാജയമായിരുന്നു. ഈ സിനിമകളൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല.
ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ അമിതാഭ് ബച്ചന് കോര്പറേഷന് ലിമിറ്റഡ് (എ.ബി.സി.എല്‍) പാപ്പരായി. ഇത് ബച്ചന് വന്‍ തിരിച്ചടിയുണ്ടാക്കി. ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് ബിഗ് ബിയുടെ പേരില്‍ വന്നത്. ഇപ്പോഴിതാ പ്രതിസന്ധി നിറഞ്ഞ ആ കാലത്തെ കുറിച്ച് സംസാരിക്കുകയാണ് അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചന്.
അന്ന് വിദേശത്തായിരുന്ന താന്‍ പഠനം നിര്‍ത്തി നാട്ടിലെത്തിയെന്നും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണംപോലും കണ്ടെത്താന്‍ അമിതാഭ് ബച്ചന് വിഷമിച്ചിരുന്നുവെന്നും അഭിഷേക് പറയുന്നു. യുട്യൂബറായ രണ്‍വീര്‍ അലഹ്ബാദിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജൂനിയര്‍ ബച്ചന്.
‘ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലമായിരുന്നു അത്. അന്ന് എനിക്ക് പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോരേണ്ടി വന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ അച്ഛന് വിഷമിക്കുമ്പോള്‍ എനിക്ക് എങ്ങനെ ബോസ്റ്റണില്‍ സമാധാനത്തോടെ ഇരിക്കാനാകും? അത്രയും മോശമായിരുന്നു കാര്യങ്ങള്‍. അച്ഛന് അത് പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. തന്റെ സ്റ്റാഫിന്റെ കൈയില്‍നിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അച്ഛന് കണ്ടെത്തിയിരുന്നത്. ആ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടാകേണ്ടത് എന്റെ കടമയാണെന്ന് എനിക്ക് തോന്നി. ഞാന്‍ അച്ഛനെ വിളിച്ച് ഞാന്‍ പഠനം നിര്‍ത്തി അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു. അച്ഛനെ പറ്റാവുന്നതുപോലെ സഹായിക്കാമെന്നും കുറഞ്ഞത് നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് ആശ്വസിക്കാലോ എന്നും പറഞ്ഞു.’-അഭിഷേക് അഭിമുഖത്തില്‍ പറയുന്നു.
അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അമിതാഭ് ബച്ചനും നേരത്തെ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും കടം തന്നവര്‍ വീട്ടില്‍ വന്ന് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് അമിതാഭ് ബച്ചന് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]