
ബോളിവുഡ് താരസുന്ദരി ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ശൃംഖലയാണ് ബാസ്റ്റ്യന്‍ റെസ്റ്റോറന്റ്. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലുള്ള ഈ ഹോട്ടലുകള്‍ സെലിബ്രിറ്റികളുടെയും വ്യവസായികളുടെയും പ്രിയപ്പെട്ട സ്പേസുകളില്‍ ഒന്നാണ്. എന്നാല്‍, മുംബൈയിലെ ബാസ്റ്റ്യന്‍ ഹോട്ടലിലുണ്ടായ പുതിയൊരു സംഭവമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നത്. ഹോട്ടലിലെ വാലറ്റ് പാര്‍ക്കിങ്ങില്‍ ഉണ്ടായിരുന്ന ഒരു ആഡംബര വാഹനം മോഷണം പോയതാണ് ഹോട്ടല്‍ അധികൃതര്‍ക്ക് തലവേദനയായിരിക്കുന്നത്.
മുംബൈയിലെ പ്രമുഖ വ്യവസായിയായ റൂഹന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള 80 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബി.എം.ഡബ്ല്യു Z4 കണ്‍വേര്‍ട്ടബിള്‍ ആഡംബര സെഡാനാണ് ദാദറിലെ ബാസ്റ്റ്യന്‍ ഹോട്ടലിന്റെ വാലറ്റ് പാര്‍ക്കിങ്ങില്‍ നിന്ന് മോഷണം പോയത്. മുംബൈയിലെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്. സുഹൃത്തുമൊത്ത് ഹോട്ടലില്‍ എത്തിയ റൂഹന്‍ വാലറ്റ് പാര്‍ക്കിങ്ങിനായി വാഹനം നല്‍കുകയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അജ്ഞാതരായ രണ്ടുപേര്‍ ബേസ്മെന്റ് പാര്‍ക്കിങ്ങില്‍ കയറുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ വാഹനത്തിന്റെ സോഫ്റ്റ്വെയര് ഹാക്ക് ചെയ്തായിരിക്കും അണ്‍ലോക്ക് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്തതെന്നാണ് വിലയിരുത്തലുകള്‍. രണ്ടുപേരില്‍ ഒരാള്‍ വാഹനം എടുത്ത് കടന്നുകളയുന്നതിന്റെ ദൃശ്യവും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വിഷയം സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഹോട്ടല്‍ ഉടമയായ ശില്പ ഷെട്ടി പ്രതികരിച്ചിട്ടില്ല.
എന്നാല്‍, താന്‍ കാര്‍ ബേസമെന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയ ശേഷം താക്കോല്‍ ഹോട്ടലിലെ ജീവനക്കാര്‍ക്ക് കൈമാറിയെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ കാര്‍ ഉടമയായ റൂഹന്‍ ഖാന് പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയാണ് സംഭവം. ഒരു മണിയോടെയാണ് വാഹനം പാര്‍ക്കിങ്ങിന് നല്‍കിയത്. ഭക്ഷണം കഴിച്ച ശേഷം നാലുമണിയോടെ വാഹനം തിരികെ ചോദിച്ച് കൂറെ സമയം കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പിന്നീട് സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മറ്റൊരു വാഹനത്തില്‍ പാര്‍ക്കിങ്ങില്‍ എത്തിയ രണ്ടുപേര്‍ ചേര്‍ന്ന് വാഹനം തുറക്കുന്നതും പിന്നീട് അതില്‍ ഒരാള്‍ വാഹനം മോഷ്ടിച്ച വാഹനവും മറ്റെയാള്‍ അവര്‍ വന്ന വാഹനത്തിലും തിരിച്ച് പോകുന്നത് ശ്രദ്ധയില്‍പെട്ടത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]