
യഥാസ്ഥിതിക സൗന്ദര്യ സങ്കല്‍പ്പത്തെ തച്ചുടച്ചു കൊണ്ട് സിനിമ മേഖലയിലെത്തിയ നടിയാണ് സായ് പല്ലവി. മികച്ച അഭിനയം കൊണ്ടും നിലപാട് കൊണ്ടും താരം വേറിട്ടുനില്ക്കുന്നു. ദക്ഷിണേന്ത്യന്‍ സിനിമ മേഖലയും കടന്ന് ബോളിവുഡിലും ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് താരം. എന്നാല്‍ നടിയുടെ പഴയ അഭിമുഖം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സായ്പല്ലവിക്കെതിരെ വലിയ രീതിയിലുള്ള ബോയ്ക്കോട്ട് ക്യാമ്പെയിനാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്.
വിരാടപര്‍വം എന്ന സിനിമയുമായി ബന്ധപ്പെട്ട് 2020 ല്‍ നല്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് സായ്പല്ലവിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആക്രമണം നടക്കുന്നത്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ സായ്പല്ലവി സീതയായി വേഷമിടുന്ന രാമായണത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ വിവാദം തല പൊക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് ആ അഭിമുഖത്തില്‍ സായ്പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. നക്സലുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു ഈ പരാമശം.
ഈ പഴയ വീഡിയോ ഇപ്പോള്‍ ആരോ വീണ്ടും പങ്കുവെക്കുകയായിരുന്നു. അത് ക്ഷണനേരത്തില്‍ വൈറലായതോടയാണ് താരത്തിനെതിരേ വിമര്‍ശനവും ആക്ഷേപവുമായി ആളുകള്‍ എത്തിയത്. സായ് പല്ലവിയുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്താവരാണ് വിമര്‍ശനവുമായി വരുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് നടി പറഞതെന്നും അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ വാദം.
ഇതേ സിനിമയുടെ പ്രമോഷനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നും സായ്പല്ലവി പറഞ്ഞത് നേരത്തേ ചര്‍ച്ചയായിരുന്നു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞുനില്ക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു.
അമരന് എന്ന തമിഴ് ചിത്രമാണ് സായിപല്ലവിയുടെ റിലീസിനൊരുങ്ങുന്നത്. ഇന്ത്യന്‍ ആര്മിയിലിരിക്കെ വീരമൃത്യു വരിച്ച മുകുന്ദ് വരദരാജന് ബയോപിക്കാണിത്. ഇന്ത്യന്‍ സൈന്യത്തെ ഇകഴ്ത്തി സംസാരിച്ച സായിപല്ലവി ഇന്ത്യന്‍ ആര്‍മിയെ പ്രതിപാദിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ യോഗ്യയല്ലെന്നാണ് ബോയ്കോട്ട് ക്യാംപയിനിങ് നടത്തുന്നവരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]